മീര ജാസ്മിൻ കരഞ്ഞു; എന്തിന് എന്നെ അവഗണിക്കുന്നെന്ന് ചോദിച്ചു; സംവിധായകൻ പറഞ്ഞത്
മലയാളത്തിൽ നിന്നും തമിഴ്, തെലുങ്ക് സിനിമകളിലേക്ക് കടന്ന് വിജയം കൈവരിച്ച നിരവധി നടിമാരുണ്ട്. നയൻതാര, അസിൻ, അമല പോൾ, അനുപമ പരമേശ്വരൻ തുടങ്ങിയവരെല്ലാം ഇതിന് ഉദാഹരണമാണ്. തുടക്കകാലത്ത് മലയാളത്തിൽ വലിയ സ്വീകാര്യത ലഭിക്കാത്തവരാണ് മറുഭാഷകളിലേക്ക് കടന്ന പല നടിമാരും. ആദ്യ സിനിമ വിജയിച്ചെങ്കിലും നയൻതാരയ്ക്ക് മലയാളത്തിൽ വലിയ തരംഗമൊന്നും ഉണ്ടാക്കാൻ കഴിഞ്ഞിരുന്നില്ല.
അസിൻ ഒരു മലയാളം സിനിമയിലേ അഭിനയിച്ചിട്ടുളളൂ. ഈ ചിത്രം പരാജയപ്പെടുകയും ചെയ്തു. അമല പോളിനും തുടക്ക കാലത്ത് മലയാളത്തിൽ സ്വീകാര്യത ലഭിച്ചില്ല. മലയാളത്തിൽ താരറാണിയായി നിലനിൽക്കെ മറ്റ് ഭാഷകളിലും വിജയം കൈവരിക്കാൻ കഴിഞ്ഞ ഏക നടി മീര ജാസ്മിനാണ്.

ഹിറ്റ് സിനിമകൾ മലയാളത്തിൽ ചെയ്യുമ്പോൾ തന്നെയാണ് തമിഴിൽ നിന്നും തെലുങ്കിൽ നിന്നും മികച്ച അവസരങ്ങൾ മീരയെ തേടി വന്നത്. സണ്ടക്കോഴി, ആയുധം എഴുത് തുടങ്ങിയ സിനിമകൾ തമിഴകത്ത് വൻ ജനപ്രീതി മീരയ്ക്ക് നൽകി. തെലുങ്കിൽ സൂപ്പർസ്റ്റാറുകളുടെ സിനിമകളിലെ നായികയായാണ് മീരയെ കൂടുതലും കണ്ടത്. മീരയെ ഇന്നും തമിഴ് പ്രേക്ഷകർ ഓർക്കുന്നത് സണ്ടക്കോഴി എന്ന ചിത്രത്തിലൂടെയാണ്.
വിശാൽ നായകനായ സിനിമ 2005 ലാണ് റിലീസ് ചെയ്യുന്നത്. വൻ ഹിറ്റായിരുന്നു സിനിമ. സിനിമയിൽ അഭിനയപ്രാധാന്യമുള്ള വേഷമാണ് മീരയ്ക്ക് ലഭിച്ചത്. എൻ ലിംഗുസ്വാമിയാണ് സണ്ടക്കോഴി സംവിധാനം ചെയ്തത്. സിനിമയിൽ മീര നായികയായതിനെക്കുറിച്ച് ലിംഗുസ്വാമി പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. സണ്ടക്കോഴിക്ക് മുമ്പ് ലിംഗുസ്വാമി സംവിധാനം ചെയ്ത് റൺ എന്ന സിനിമയിലും മീര നായികയായ അഭിനയിച്ചിട്ടുണ്ട്.

അതിനാൽ സണ്ടക്കോഴിയിലേക്ക് മറ്റൊരു നടിയെയാണ് നോക്കിയിരുന്നതെന്ന് ലിംഗുസ്വാമി പറയുന്നു. നല്ല ബഹുമാനത്തോടെ മീര എന്റെയടുത്ത് വന്നു. എന്താണ് ചെയ്യുന്നതെന്ന് ചോദിച്ചു. അടുത്ത സിനിമയെക്കുറിച്ച് പറഞ്ഞപ്പോൾ കഥ പറയെന്ന് മീര. എന്തിനാണ്, നീ ഈ പടത്തിൽ അഭിനയിക്കുന്നുണ്ടോ എന്ന് ഞാൻ. അതിനെന്താണ് ഞാൻ കഥ കേൾക്കാമെന്ന് മീരയും. മീരയോട് മുഴുവൻ കഥയും പറഞ്ഞു. കഥ കേട്ട മീര കരഞ്ഞു. കഥ അത്രമാത്രം ഇഷ്ടപ്പെട്ടെന്ന് കരുതി.
എന്തുപറ്റിയെന്ന് ചോദിച്ചപ്പോൾ എന്തിനാണ് എന്നെ അവഗണിക്കുന്നത്, ഞാൻ ഈ സിനിമയിൽ എന്തുകൊണ്ട് അഭിനയിച്ച് കൂടെന്ന് മീര. പുതിയ ആളെ നോക്കുകയാണെന്ന് ഞാൻ പറഞ്ഞു. ആരാണ് എന്നെ വേണ്ടെന്ന് പറയുന്നത്, പ്രൊഡക്ഷനിൽ സംസാരിക്കണോ, നിങ്ങളെടുക്കുന്ന തീരുമാനമല്ലേ എന്ന് ചോദിച്ചു. അങ്ങനെ മീരയെ സിനിമയിലേക്ക് കാസ്റ്റ് ചെയ്യുകയായിരുന്നെന്നും ലിംഗുസ്വാമി വ്യക്തമാക്കി. മീരയ്ക്ക് മുമ്പ് ബോളിവുഡ് നടി ദീപിക പദുകോണിനെയാണ് സിനിമയിലേക്ക് പരിഗണിച്ചത്.
എന്നാൽ 20 ലക്ഷം രൂപ ദീപിക പ്രതിഫലമായി ആവശ്യപ്പെട്ടതോടെ കാസ്റ്റിംഗ് നടന്നില്ലെന്നും സംവിധായകൻ അന്ന് വ്യക്തമാക്കി. മീര പ്രതീക്ഷിച്ചത് പോലെ തന്നെ സിനിമ വൻ ഹിറ്റാവകയും തമിഴ് പ്രേക്ഷകർക്കിടയിൽ നടിക്ക് സ്വീകാര്യത ലഭിക്കുകയും ചെയ്തു. കരിയറിന്റെ ഒരു ഘട്ടത്തിൽ മലയാള സിനിമാ രംഗത്ത് നിന്നും അകന്ന മീര തമിഴ്, തെലുങ്ക് സിനിമകളിലേക്ക് കൂടുതലായി ശ്രദ്ധ നൽകുകയും ചെയ്തിരുന്നു. പിന്നീട് പൂർണമായും നടി സിനിമാ രംഗത്ത് നിന്ന് മാറി നിന്നു. അഭിനയ രംഗത്ത് മീര വീണ്ടും സജീവമാവുകയാണ്. മകൾ എന്ന സിനിമയിലൂടെ തിരിച്ചെത്തിയ മീരയുടെ ഒന്നിലേറെ സിനിമകൾ അണിയറയിൽ ഒരുങ്ങുന്നുണ്ട്.


Click it and Unblock the Notifications