ഇന്ന് 9 മണിയുടെ കാര്യത്തിൽ പ്രത്യേക നിർബന്ധം; അന്ന് പാർത്ഥിപന് മുന്നിൽ നയൻതാര വൈകിയെത്തിയപ്പോൾ
തെന്നിന്ത്യൻ സിനിമാ രംഗത്ത് ഇന്ന് ഏറ്റവും താരമൂല്യമുള്ള നടിയാണ് നയൻതാര. തമിഴ് സിനിമാ ചരിത്രത്തിൽ തന്നെ നയൻതാരയുടെ കരിയർ ഗ്രാഫ് അടയാളപ്പെടുത്താൻ സാധിക്കും. നയൻസിന് മുമ്പ് വന്ന മറ്റൊരു നായിക നടിക്കും ഇത്രയും വലിയ നേട്ടങ്ങൾ തമിഴകത്ത് സ്വന്തമാക്കാൻ കഴിഞ്ഞിട്ടില്ല. തെന്നിന്ത്യ ആഘോഷിച്ച പല നടിമാർക്കും കരിയറിന്റെ ഒരു ഘട്ടത്തിൽ മാർക്കറ്റ് ഇടിവ് സംഭവിച്ചു. എന്നാൽ വർഷങ്ങൾ കടന്ന് പോകുന്തോറും നയൻതാരയുടെ താരമൂല്യം ഉയരുകയാണ് ചെയ്തത്.
ഇരുപത് വർഷം മുൻനിര നായിക നടിയായി തുടരാൻ നയൻതാരയ്ക്ക് കഴിഞ്ഞു. പ്രതിഫലത്തിന്റെ കാര്യത്തിലും നടി മുൻപന്തിയിലാണ്. 38ാം വയസ്സിലും കൈ നിറയെ അവസരങ്ങൾ ലഭിക്കുന്നു. സിനിമാ നിർമാണത്തിലും ശ്രദ്ധേയ സാന്നിധ്യം. കരിയറിനോട് നയൻതാര കാണിക്കുന്ന ആത്മാർത്ഥത ഏവരും എടുത്ത് പറയാറുണ്ട്. കൃത്യസമയത്ത് ഷൂട്ടിനെത്താൻ നടി ശ്രദ്ധിക്കുന്നു. കഥാപാത്രത്തിന്റെ ലുക്കും കോസ്റ്റ്യൂമും നിർണയിക്കുന്നതിൽ നയൻസ് പ്രധാന പങ്കുവഹിക്കാറുണ്ടെന്ന് ഭർത്താവ് വിഘ്നേശ് ശിവൻ അടുത്തിടെ പറഞ്ഞിട്ടുണ്ട്.

നയൻതാരയക്കുറിച്ച് ഫിലിം മേക്കറും നടനുമായ പാർത്ഥിപൻ മുമ്പൊരിക്കൽ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. 2004 ൽ പുറത്തിറങ്ങിയ കുടയ്ക്കുൾ മഴെയ് എന്ന പാർത്ഥിപൻ ചിത്രത്തിൽ നായികയായി ആദ്യം പരിഗണിച്ചത് നയൻതാരയെ ആണ്. നടിയുടെ ആദ്യ തമിഴ് ചിത്രം ആയേനെ ഇത്. എന്നാൽ നടിക്ക് ഈ സിനിമ ചെയ്യാൻ സാധിച്ചില്ല. ഇതേക്കുറിച്ചാണ് പാർത്ഥിപൻ സംസാരിച്ചത്. കൃത്യസമയത്ത് തന്നെ കാണാൻ വരാത്തത് മൂലമാണ് നയൻതാരയ്ക്ക് ഈ അവസരം നഷ്ടപ്പെട്ടതെന്ന് പാർത്ഥിപൻ പറയുന്നു.
ചില കാരണങ്ങളാൽ അവർക്ക് കൂടിക്കാഴ്ചയ്ക്കെത്താൻ സാധിച്ചില്ല. നിശ്ചയിച്ച സമയത്ത് വരണം, അല്ലെങ്കിൽ വരാൻ പറ്റാത്ത സാഹചര്യത്തെക്കുറിച്ച് തന്നെ അറിയിക്കണമെന്ന് നയൻതാരയോട് അന്ന് പറഞ്ഞു.മധുമിത എന്ന നടിയെയാണ് സിനിമയിലേക്ക് പിന്നീട് കാസ്റ്റ് ചെയ്തത്. അതേസമയം നയൻതാരയുടെ ഇന്നത്തെ വിജയത്തിൽ തനിക്ക് സന്തോഷമുണ്ടെന്നും പാർത്ഥിപൻ വ്യക്തമാക്കി. അവൾ സ്വയം ഉടച്ച് വാർത്തു, തന്റെ ജോലിയെ ആരാധനയോടെ കാണുന്നു.

തന്റെ സിനിമയിൽ അഭിനയിക്കാനുള്ള അവസരം നഷ്ടപ്പെട്ടത് ഇന്നത്തെ വിജയത്തിന് നിമിത്തമായെന്ന് നയൻതാരയോട് താൻ പറഞ്ഞിട്ടുണ്ടെന്നും പാർത്ഥിപൻ വ്യക്തമാക്കി. സമയ നിഷ്ഠയുടെ കാര്യത്തിൽ നയൻതാരയ്ക്ക് ഇന്ന് പ്രത്യേക ശ്രദ്ധയുണ്ട്. സെറ്റിൽ കൃത്യം 9 മണിക്ക് എത്തുന്നതാണ് നയൻതാരയുടെ രീതി. അതിരാവിലെയുള്ള ഷൂട്ടിന് നടി എത്താറില്ല.
8.50 ആകുമ്പോഴേക്കും മേക്കപ്പോടെ നയൻതാര എത്തുമെന്നും ഷൂട്ട് ചെയ്താലും ഇല്ലെങ്കിലും ഈ സമയനിഷ്ഠ താരം പാലിക്കുമെന്നും അന്തരിച്ച സംവിധായകൻ സിദ്ദിഖ് മുമ്പൊരിക്കൽ പറഞ്ഞിട്ടുണ്ട്. ഇദ്ദേഹത്തിന്റെ ബോഡി ഗാർഡ്, ഭാസ്കർ ദ റാസ്കൽ എന്നീ സിനിമകളിൽ നയൻതാര നായികയായി അഭിനയിച്ചിട്ടുണ്ട്.
9 മണി ഷെഡ്യൂളിന് പുറമെ മറ്റ് ചില നിബന്ധനകളും നയൻതാരയ്ക്കുണ്ട്. സിനിമകളുടെ പ്രൊമോഷൻ പരിപാടികളിൽ പങ്കെടുക്കില്ല എന്ന നിബന്ധനയാണ് ഇതിലൊന്ന്. ഇക്കാര്യം സിനിമ ഒപ്പുവെക്കുമ്പോൾ തന്നെ താരം വ്യക്തമാക്കും. ചുരുക്കം സിനിമകൾക്ക് വേണ്ടി മാത്രമേ ഈ നിബന്ധന നടി ഒഴിവാക്കിയിട്ടുള്ളൂ. റിലീസിനൊരുങ്ങുന്ന ജവാൻ എന്ന ചിത്രത്തിന്റെ പ്രൊമോഷന് നടി പങ്കെടുക്കും.
ഷാരൂഖ് ഖാൻ ഉൾപ്പടെ വൻ താരനിര അണിനിരക്കുന്ന സിനിമയാണ് ജവാൻ. 2003 ൽ പുറത്തിറങ്ങിയ മനസ്സിനക്കരെ എന്ന മലയാള സിനിമയിലാണ് നടി ആദ്യമായി അഭിനയിച്ചത്. ശരത്കുമാർ നായകനായ അയ്യ എന്ന സിനിമയിലൂടെ നയൻതാര തമിഴകത്തേക്ക് കടന്നു.


Click it and Unblock the Notifications