അന്ന് മാറി കിടക്കും; ഗൗതമിക്ക് മാത്രമേ ആ രഹസ്യം അറിയൂ; ശ്രദ്ധ നേടി കമൽ ഹാസന്റെ വാക്കുകൾ
ഉലകനായകൻ കമൽ ഹാസനെ സംബന്ധിച്ച് കരിയറിലെ സുവർണകാലമാണിത്. വിക്രം എന്ന സിനിമയ്ക്ക് ശേഷം പഴയ പ്രതാപം തിരിച്ച് പിടിച്ച കമലിനെ തേടി വമ്പൻ അവസരങ്ങളാണ് ഇപ്പോൾ എത്തുന്നത്. ഇന്ത്യൻ 2, കൽക്കി 2898 എഡി തുടങ്ങിയ സിനിമകളാണ് നടന്റേതായി പുറത്തിറങ്ങാനുള്ളത്. ഇതിനൊപ്പം രാഷ്ട്രീയ പ്രവർത്തനത്തിലും കമൽ സജീവമാണ്. അന്നും ഇന്നും കമൽ ഹാസന്റെ സിനിമകളിൽ പ്രേക്ഷകർക്ക് വലിയ പ്രതീക്ഷയുണ്ട്. തമിഴകത്തെ പതിവ് സൂപ്പർ താരങ്ങളിൽ നിന്ന് വ്യത്യസ്തനാണ് കമൽ.
ആരാധകരെ തൃപ്തിപ്പെടുത്താൻ വേണ്ടി മാത്രം നടൻ സിനിമ ചെയ്യാറില്ല. അതിനാൽ തന്നെ കമൽ ഹാസൻ ചിത്രങ്ങളിൽ എല്ലാവർക്കും പ്രതീക്ഷയുണ്ടാകാറുണ്ട്. ഒരു കാലഘട്ടത്തിൽ സിനിമയേക്കാൾ കൂടുതൽ കമലിന്റെ വ്യക്തി ജീവിതമാണ് വാർത്തകളിൽ നിറഞ്ഞ് നിന്നത്. പ്രണയങ്ങൾ, ഒന്നിലേറെ വിവാഹങ്ങൾ, വേർപിരിയൽ തുടങ്ങി കമലിന്റെ സ്വകാര്യ ജീവിതം മിക്കപ്പോഴും ജനശ്രദ്ധ നേടാറുണ്ട്. നടി ഗൗതമിയുമായുള്ള ലിവിംഗ് ടുഗെദറാണ് ഇതിലേറെ ചർച്ചയായത്.

2005 ലാണ് കമലും ഗൗതമിയും ഒരുമിച്ച് ജീവിക്കാൻ തുടങ്ങിയത്. ഗൗതമിയുടെ ആദ്യ വിവാഹബന്ധം പരാജയപ്പെട്ടതാണ്. ഒരു മകളും നടിക്കുണ്ട്. മറുവശത്ത് കമൽഹാസൻ ഭാര്യ സരികയുമായി പിരിഞ്ഞതിന് ശേഷമാണ് ഗൗതമിയുമായി അടുക്കുന്നത്. നടി എന്നതിനൊപ്പം കോസ്റ്റ്യൂം ഡിസൈനറുമാണ് ഗൗതമി. കമലിന്റെ ചില സിനിമകളിൽ ഇവർ പ്രവർത്തിച്ചിട്ടുണ്ട്. കാൻസർ ബാധിച്ച് ചികിത്സയിൽ കഴിയുന്ന നാളുകളിൽ ഗൗതമിക്ക് ആശ്വാസം പകർന്ന് കമൽ ഒപ്പമുണ്ടായിരുന്നു.
എന്നാൽ പിന്നീട് ഇവർ അകന്നു. എന്താണ് താരങ്ങൾക്കിടയിൽ സംഭവിച്ചതെന്ന് വ്യക്തമല്ല. മുമ്പൊരിക്കൽ ഗൗതമിയെക്കുറിച്ച് കമൽ ഹാസൻ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. വിശ്വരൂപം സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങളെക്കുറിച്ച് സംസാരിക്കുകയായിരുന്നു നടൻ. അന്ന് ഉയർന്ന് വന്ന വിവാദങ്ങളിൽ താൻ വളരെ ആശങ്കപ്പെട്ടിരുന്നെന്ന് കമൽ തുറന്ന് പറഞ്ഞു.

മാനസികമായി സമ്മർദ്ദം അനുഭവപ്പെട്ടപ്പോൾ ഞാൻ രാത്രി ഒറ്റയ്ക്ക് എന്റെ മുറിയിൽ കിടന്നു. എനിക്ക് അങ്ങനെയൊരു കുഴപ്പമുണ്ട്. എന്തെങ്കിലും പ്രശ്നങ്ങളുണ്ടെങ്കിൽ താൻ ഒറ്റയ്ക്കാണ് കിടക്കുക. ഗൗതമിക്ക് മാത്രമേ ഇക്കാര്യം അറിയൂയെന്നും കമൽ ഹാസൻ പറഞ്ഞു.
പങ്കാളി എന്നതിനൊപ്പം അടുത്ത സുഹൃത്തുക്കളുമായിരുന്നു ഗൗതമിയും കമലും. ഇരുവർക്കും ഇടയിൽ സംഭവിച്ചതെന്തെന്ന് സംഭവിച്ച പല അഭ്യൂഹങ്ങളും വന്നു. പിരിഞ്ഞ ശേഷം കമലിനെതിരെ ചില ആരോപണങ്ങൾ ഗൗതമി ഉന്നയിച്ചിരുന്നു. കോസ്റ്റ്യൂം ഡിസൈനറായി പ്രവർത്തിച്ചതിന്റെ പ്രതിഫലം കമലിന്റെ പ്രൊഡക്ഷൻ ഹൗസ് തനിക്ക് തന്നില്ലെന്ന ആരോപണമാണ് ഗൗതമി ഉന്നയിച്ചത്.
ക്ലാസിക്കൽ ഡാൻസറായ വാണി ഗണപതിയാണ് കമലിന്റെ ആദ്യ ഭാര്യ. 24ാം വയസ്സിലാണ് കമൽ വാണിയെ വിവാഹം ചെയ്യുന്നത്. പത്ത് വർഷത്തിന് ശേഷം ഇരുവരും വേർപിരിഞ്ഞു. ഇതിനിടെ നടി സരികയുമായി അടുത്ത കമൽ ഇവർക്കൊപ്പം ഒരുമിച്ച് ജീവിച്ചു. മകൾ ശ്രുതി ഹാസൻ പിറന്ന ശേഷമാണ് ഇവർ വിവാഹിതരാകുന്നത്. പിന്നീട് അക്ഷര ഹാസൻ എന്ന മകളും ദമ്പതികൾക്ക് ലഭിച്ചു. ശ്രുതി ഹാസൻ ഇന്ന് തെന്നിന്ത്യൻ സിനിമാം രംഗത്ത് അറിയപ്പെടുന്ന താരമാണ്.
സരികയുമായി പിരിഞ്ഞ ശേഷമാണ് ഗൗതമി കമലിന്റെ ജീവിതത്തിലേക്ക് കടന്ന് വരുന്നത്. ഗൗതമിയുമായി അകന്ന ശേഷം വിശ്വരൂപത്തിൽ ഒപ്പം അഭിനയിച്ച നടി പൂജ കുമാറുമായി കമൽ പ്രണയത്തിലാണെന്ന് ഗോസിപ്പുകളുണ്ട്. കമലിന്റെ കുടുംബസമേതമുള്ള ഫോട്ടോയിൽ പൂജ കുമാറും ഉൾപ്പെട്ടത് മുമ്പൊരിക്കൽ ആരാധകർക്കിടയിൽ ചർച്ചയായിരുന്നു. അതേസമയം വ്യക്തി ജീവിതത്തെക്കുറിച്ച് വരുന്ന ഗോസിപ്പുകളെക്കുറിച്ച് കമൽ പ്രതികരിക്കാറില്ല.


Click it and Unblock the Notifications