മദ്യപാനം നിർത്തി, പാർട്ടികൾക്ക് പോകാറില്ല; ഡോക്ടർ പറഞ്ഞത് പോലെ സംഭവിച്ചു: വിശാൽ പറഞ്ഞത്
നടൻ വിശാലിന്റെ പുതിയ ദൃശ്യങ്ങൾ കണ്ടതോടെ ആരാധകർ ആശങ്കയിലാണ്. പൊതുവിടത്ത് വെച്ച് തളർന്ന് വീണ വിശാലിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചു. ഇത് രണ്ടാം തവണയാണ് വിശാലിനെ മോശം ആരോഗ്യാവസ്ഥയിൽ പൊതുവിടത്ത് കാണുന്നത്. അന്ന് പനിയാണെന്നായിരുന്നു വിശാൽ പറഞ്ഞത്. എന്നാൽ രണ്ടാം തവണയും ഇത്തരത്തിൽ കണ്ടതോടെ ആരാധകർക്ക് ചോദ്യങ്ങളുണ്ട്. മദഗദരാജയുടെ ഓഡിയോ ലോഞ്ചിന് എത്തിയപ്പോഴാണ് വിശാലിന്റെ ആരോഗ്യ സ്ഥിതി ആദ്യം ചർച്ചയായത്. വേദിയിൽ സംസാരിക്കവെ നടന്റെ കെെകൾ വിറയ്ക്കുന്നുണ്ടായിരുന്നു. അഭ്യൂഹങ്ങൾ പ്രചരിച്ചപ്പോൾ വിശാൽ നൽകിയ അഭിമുഖമാണിപ്പോൾ ശ്രദ്ധ നേടുന്നത്.
കടുത്ത പനിയായിരുന്നെന്ന് വിശാൽ പറയുന്നു. ഡോക്ടർ വീട്ടിലേക്ക് വന്നു. ഞാൻ വിറയ്ക്കുകയായിരുന്നു. പോകാൻ പറ്റില്ലെന്ന് ഡോക്ടർ പറഞ്ഞതാണ്. പത്ത് വർഷത്തിന് ശേഷം സിനിമ റിലീസ് ചെയ്യുകയാണ്. പോകേണ്ടതുണ്ടെന്ന് ഞാൻ പറഞ്ഞു. ചടങ്ങിനെത്തി അവിടെ ഇരുന്നപ്പോൾ കുഴപ്പമില്ലായിരുന്നു. എന്നാൽ സ്റ്റേജിലെത്തിയപ്പോൾ ഡോക്ടർ പറഞ്ഞത് പോലെ സംഭവിച്ചു. മദ്യപാനം കൊണ്ടാണിതെന്ന് പലരും പറഞ്ഞു. അവരുടെ സങ്കൽപ്പത്തിനനുസരിച്ച് പറയുകയാണ്. രണ്ട് വർഷം മുമ്പ് മദ്യപാനം നിർത്തിയതാണ്. അഞ്ച് വർഷം മുമ്പ് പുകവലി നിർത്തി. പാർട്ടികൾക്ക് ഞാൻ പോകാറില്ല. അവസാനമായി പാർട്ടിക്ക് പോയത് സുന്ദർ സാറുടെ പിറന്നാളിനാണെന്നും വിശാൽ അന്ന് വ്യക്തമാക്കി.

താനെപ്പോഴും വിവാദങ്ങളിൽ അകപ്പെടുന്നതിനെക്കുറിച്ചും വിശാൽ സംസാരിച്ചു. ഈ കാലത്ത് നല്ല കാര്യങ്ങൾ ചെയ്താൽ വളരെ ബുദ്ധിമുട്ടാണ്. മോശം ചെയ്യുന്നതാണ് എളുപ്പം. നല്ല കാര്യങ്ങൾ ചെയ്യുമ്പോൾ ഒരുപാട് ശത്രുക്കളുണ്ടാകും. അത് കാര്യമാക്കുന്നില്ലെന്നും വിശാൽ വ്യക്തമാക്കി. സിനിമാ രംഗത്ത് പല പ്രശ്നങ്ങൾ നേരിടേണ്ടി വന്ന നടനാണ് വിശാൽ. തമിഴ് സിനിമാ സംഘടനയായ നടികർ സംഘത്തിന്റെ ജനറൽ സെക്രട്ടറിയാണ് വിശാൽ. സിനിമാ ലോകത്ത് ശത്രുക്കളും മിത്രങ്ങളും വിശാലിന് ഒരുപോലെയുണ്ട്.
വിശാലിനെതിരെ എപ്പോഴും രംഗത്തെത്തുന്നയാളാണ് നടി ശ്രീ റെഡ്ഡി. മീ ടൂ ആരോപണം അലയടിച്ച സമയത്ത് വിശാലിനെതിരെ ശ്രീ റെഡ്ഡി സംസാരിച്ചിരുന്നു. അടുത്തിടെയും വിശാലിനെതിരെ ശ്രീ റെഡ്ഡി രംഗത്ത് വന്നു. ഹേമ കമ്മിറ്റി റിപ്പോർട്ടിനെക്കുറിച്ച് വിശാൽ നടത്തിയ പ്രതികരണത്തിനെതിരെയാണ് ശ്രീ റെഡ്ഡി സംസാരിച്ചത്.

അഡ്ജസ്റ്റ്മെന്റ് ആവശ്യപ്പെടുന്നവരെ ചെരുപ്പ് കൊണ്ട് അടിക്കണം. സ്ത്രീകൾ ശക്തമായി പ്രതികരിക്കാൻ ധൈര്യം കാണിക്കണം. സിനിമാ രംഗത്തെ ഇത്തരം മോശം പ്രവണതകൾക്കെതിരെ നടപടിയുണ്ടാകുമെന്നായിരുന്നു വിശാൽ പറഞ്ഞത്. പിന്നാലെ ശ്രീ റെഡ്ഡി രംഗത്ത് വന്നു. ഒരു സ്ത്രീയെക്കുറിച്ച് വളരെ മോശം ഭാഷയിൽ സംസാരിച്ചയാളാണ് നിങ്ങൾ, നല്ലവർക്ക് നിങ്ങൾ പ്രശ്നങ്ങളുണ്ടാക്കി. എല്ലാവർക്കും അറിയാം. എക്കാലവും നിങ്ങൾ ഫ്രോഡാണ്. ലോകത്തിനറിയാം. ബഹുമാന്യനായ ആളാണെന്ന് കരുതരുത്.
ഭ്രാന്തനാണെന്ന് പല തവണ നിങ്ങൾ തെളിയിച്ചെന്നും ശ്രീ റെഡ്ഡി തുറന്നടിച്ചു. എന്തുകൊണ്ടാണ് എല്ലാ സ്ത്രീകളും വിശാലിനെ വിട്ട് പോയത്. വിവാഹം എന്തുകൊണ്ട് മുടങ്ങി. കർമഫലം വിശാൽ അനുഭവിക്കാൻ തുടങ്ങിയെന്നും ശ്രീ റെഡ്ഡി അന്ന് വിമർശിച്ചു. 2019 ജനുവരി മാസത്തിലായിരുന്നു വിശാലിന്റെ വിവാഹ നിശ്ചയം കഴിഞ്ഞത്. അനിഷ അല്ല റെഡ്ഡി എന്നായിരുന്നു വധുവിന്റെ പേര്. 2019 മാർച്ച് മാസത്തിൽ വിവാഹം നിശ്ചയിച്ചെങ്കിലും ചില കാരണങ്ങളാൽ ഒക്ടോബർ മാസത്തിലേക്ക് മാറ്റി. എന്നാൽ പിന്നീട് വിവാഹത്തിൽ നിന്ന് ഇരുവരും പിന്മാറി.


Click it and Unblock the Notifications











