തന്റെ ജീവിതം കീഴ്‌മേല്‍ മറിച്ച ആ പത്ത് മണിക്കൂര്‍! വെളിപ്പെടുത്തലുമായി വിശാല്‍
തമിഴകത്തെ സൂപ്പര്‍ താരം വിശാല്‍ നായകനായ പുതിയ ചിത്രമാണ് ഇരുമ്പുതിരൈ. ആക്ഷന്‍ ത്രില്ലറായി ഒരുക്കിയ ചിത്രത്തില്‍ സാമന്ത അക്കിനേനിയാണ് നായികയായി എത്തുന്നത്. തമിഴിലെ ആക്ഷന്‍ കിംഗ് അര്‍ജുനും ചിത്രത്തിലൊരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. റിലീസ് ചെയ്യുന്നതിനു മുന്‍പായി നിരവധി പ്രതിഷേധങ്ങള്‍ ചിത്രത്തിനെതിരെ ഉണ്ടായിരുന്നു.
ട്രെയിലര്‍ പുറത്തിറങ്ങിയതിനു ശേഷമാണ് ഇരുമ്പുതിരൈയ്‌ക്കെതിരെ ഒരു വിഭാഗം ആളുകള്‍ പ്രതിഷേധവുമായി എത്തിയിരുന്നത്. ചിത്രത്തില്‍ നോട്ട് നിരോധാനം, ഡിജിറ്റല്‍ ഇന്ത്യ,ആധാര്‍ കാര്‍ഡ് തുടങ്ങിയവയെ വിമര്‍ശിക്കുന്നുണ്ടെന്നും പ്രദര്‍ശനം തടയണമെന്നും ആവശ്യപ്പെട്ടാണ് ഒരു വിഭാഗം നേരത്തെ രംഗത്തെത്തിയിരുന്നത്. എന്നാല്‍ പ്രതിഷേധങ്ങള്‍ക്കൊടുവില്‍ ചിത്രം പറഞ്ഞ സമയത്ത് തന്നെ റിലീസ് ചെയ്തിരുന്നു.

ഇരുമ്പുതിരൈയുടെ റിലീസിന് മുന്‍പുളള പത്ത് മണിക്കൂറാണ് തന്റെ ജീവിതം കീഴ്‌മേല്‍ മറിച്ചതെന്ന് കഴിഞ്ഞ ദിവസം വിശാല്‍ പറഞ്ഞിരുന്നു. ചെന്നൈ ഗ്രീന്‍ പാര്‍ക്കില്‍ നടന്ന സിനിമയുടെ വിജയാഘോഷ ചടങ്ങിലാണ് വിശാല്‍ ഇക്കാര്യം പറഞ്ഞത്."സിനിമയെക്കുറിച്ച് പൂര്‍ണമായും മനസിലാക്കാതെയാണ് റിലീസ് തടയണമെന്നാവശ്യപ്പെട്ട് അവര്‍ എത്തിയിരുന്നത്. എന്നെ തകര്‍ക്കുകയെന്നത് തന്നെയായിരുന്നു അവരുടെ ലക്ഷ്യം.പ്രൊഡ്യൂസര്‍ കൗണ്‍സില്‍ പ്രസിഡണ്ടിന്റെ അവസ്ഥ ഇങ്ങനെയെങ്കില്‍ ഒരു സാധാരണ നിര്‍മ്മാതാവിനെ ഇവരൊക്കെ വെറുതെ വിടുമോ.പ്രശ്‌നങ്ങളെയെല്ലാം തരണം ചെയ്ത് പറഞ്ഞ സമയത്ത് തന്നെ എനിക്ക് സിനിമ റിലീസ് ചെയ്യാന്‍ സാധിച്ചു. ദുഷ്ടശക്തികള്‍ക്കു മുമ്പില്‍ പരസ്പര വിശ്വാസത്തോടും സത്യസന്ധതയോടും എല്ലാവരും പിടിച്ചുനിന്നതാണ് പ്രതിസന്ധികളെ മറികടക്കാന്‍ എനിക്ക് സാധിച്ചിരുന്നത്. എന്റെ കൂടെ നിന്നവര്‍ക്കെല്ലാം നന്ദി. വിശാല്‍ പറഞ്ഞു.

അതേസമയം മികച്ച പ്രതികരണമാണ് ഇരുമ്പുതിരൈയ്ക്ക് തിയ്യേറ്ററുകളില്‍ നിന്നും ലഭിക്കുന്നത്. മെയ് പതിനൊന്നിന് റിലീസ് ചെയ്ത ചിത്രം നിറഞ്ഞ സദസുകളിലാണ് ഇപ്പോഴും തിയ്യേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുന്നത്. പി.എസ് മിത്രനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. വിശാല്‍ ഫിലിം ഫാക്ടറിയുടെ ബാനറില്‍ വിശാല്‍ തന്നെയാണ് ഇരുമ്പുതിരൈ നിര്‍മ്മിച്ചിരിക്കുന്നത്. യുവന്‍ ശങ്കര്‍ രാജയാണ് ചിത്രത്തിനു വേണ്ടി പാട്ടുകള്‍ ഒരുക്കിയിരിക്കുന്നത്.


Click it and Unblock the Notifications











