For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വിശ്വരൂപം പുതിയ കാഴ്ചാ വിപ്‌ളവത്തിനു തുടക്കമാവും?

  By Ravi Nath
  |

  കാഴ്ചയുടെ അപ്രമാദിത്വം ഇപ്പോഴേ ടെലിവിഷന്‍ ചാനലുകള്‍ സ്വന്തമാക്കി കഴിഞ്ഞു. ഇനി സിനിമകളുടെ റിലീസിംഗ് സെന്ററുകള്‍ കൂടി ചാനലുകള്‍ ഏറ്റെടുത്താല്‍ തിയറ്ററുകളുടെ ഭാവി എന്താവും. 95 കോടി മുടക്കി ഉലകനായകന്‍ കമലഹാസന്‍ അണിയിച്ചൊരുക്കിയ വിശ്വരൂപത്തിന്റെ വിശ്വദര്‍ശനം ഡയറക്ട് ടുഹോമിലൂടെ വീടിന്റെ സ്വീകരണമുറിയിലെത്തുക എന്നത് കാലം പ്രതീക്ഷിക്കാത്ത ഒരു പരീക്ഷണമോ ദൂരവ്യാപകമായ മാറ്റങ്ങളുടെ തുടക്കമോ ആവുകയാണ്.

  ആയിരം രൂപ സബ്‌സ്‌ക്രിപ്ഷന്‍ ചാര്‍ജ്ജ് കൊടുത്ത് റ്റാറ്റ സ്‌ക്കൈ, റിലയന്‍സ്, എയര്‍ടെല്‍ എന്നിവയുടെ ഡിടിഎച്ചിലൂടെ ദൃശ്യസാക്ഷാത്കാരം ഉറപ്പുവരുത്തുന്ന വിശ്വരൂപത്തിലൂടെ സിനിമയുടെ ചരിത്രവഴിയിലൂടെ വളര്‍ന്നു വലുതായ കമലഹാസന്‍ നിര്‍മ്മാതാവിന്റെ കച്ചവട മനസ്ഥിതിയോടാണ് ഒരു ചലച്ചിത്രപ്രവര്‍ത്തകന്‍ എന്നതിലധികം നീതി പുലര്‍ത്തുന്നത് എന്ന് വ്യക്തമാക്കുകയാണോ.

  ഇന്ത്യന്‍ സിനിമയില്‍ ഏററവും കൂടുതല്‍ പരീക്ഷണാത്മക സാങ്കേതികസിനിമകള്‍ക്ക് വേദിയാകുന്നത് പലപ്പോഴും തമിഴ് സിനിമയാണ്. തമിഴില്‍ പരീക്ഷണ ചിത്രങ്ങളുടെ അഗ്രഗണ്യനായ കമലഹാസന്‍ തന്റെ സിനിമ ബിഗ് സ്‌ക്രീനില്‍ മൊത്തം ആളുകള്‍ കാണണമെന്ന് ആഗ്രഹിക്കാത്ത ആളാണോ അതല്ലെങ്കില്‍ സ്വന്തം സിനിമയുടെ തിയറ്റര്‍ വിജയത്തെ ചൊല്ലി ഉത്കണ്ഠകള്‍ അനുഭവിക്കുന്നുവോ.

  കോടികള്‍ മുടക്കി തമിഴില്‍ സിനിമകള്‍ ഒരുക്കുന്ന ശങ്കറും, കമലഹാസനുമൊക്കെ സാധാരണക്കാരായ തമിഴരുടെ സിനിമയോടുള്ള അടങ്ങാത്ത ആവേശത്തെ മുതലാക്കി തന്നെയാണ് തങ്ങളുടെ സിനിമകളെ വിജയകരമായി അതിജീവിക്കുന്നത്. വെളിച്ചത്ത് പിറവികൊള്ളുകയും ഇരുട്ടത്ത് കാഴ്ചക്ക് വിധേയമാക്കപ്പെടുകയും ചെയ്യുന്ന സിനിമ അതിന്റെ പൂര്‍ണ്ണമായ അര്‍ത്ഥത്തില്‍ കാഴ്ചക്കാരനെ സ്വാധീനിക്കുന്നത് തിയറ്ററിലെ ഇരുട്ടിന്റെ കൂട്ടമായ കാഴ്ചയിലൂടെ തന്നെയാണ്.

  സിനിമ അതിന്റേയാത അര്‍ത്ഥത്തില്‍ ആസ്വാദകന്റെ മുമ്പിലെത്തിക്കേണ്ടത് പ്രതിബദ്ധതയുള്ള ചലച്ചിത്രകാരന്റെ കര്‍ത്തവ്യമാണ്. കച്ചവടത്തിന്റെ ഇടുങ്ങിയ ചിന്തകള്‍ കലഹിക്കുന്നത് വലിയ കലാരൂപത്തിന്റെ മഹത്തായആസ്വാദന സൌന്ദര്യ സാദ്ധ്യതയോടാണ് . തിയറ്ററുകള്‍ പൂട്ടിപോകും ആളുകള്‍ക്ക് പണിയില്ലാതാകും സര്‍ക്കാരിലേക്ക് കിട്ടേണ്ട നികുതി വഴിമാറി പോയേക്കും? എന്നതിനൊക്കെ അപ്പുറം സിനിമയുടെ ദര്‍ശന സൗഭഗ്യമാണ് തകര്‍ക്കപ്പെടുന്നത്.

  സിനിമവ്യവസായത്തിന് സിനിമ കൊണ്ടു ലഭിക്കുന്നതിലും എത്രയോ മടങ്ങ് ചാനലുകള്‍ക്ക് ഇപ്പോള്‍ സിനിമകൊണ്ട് ലഭിക്കുന്നുണ്ട്. സിനിമയും സിനിമയുമായ് ബന്ധപ്പെട്ട കാര്യങ്ങളുമാണ് ജനപ്രിയ ചാനല്‍ വിഭവങ്ങളിലെ മുഖ്യആകര്‍ഷണങ്ങള്‍. തമിഴ് നാട്ടില്‍ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും ചേമ്പറും കമലിന്റെ തീരുമാനത്തോട് ഐക്യദാര്‍ഡ്യം പ്രഖ്യാപിക്കുമ്പോള്‍ നാളേയ്ക്കു തുറക്കപ്പെടുന്ന സാദ്ധ്യതകള്‍ മാത്രമാണ് അവര്‍ക്ക് ആശ്വാസം പകരുന്നത്.

  വീടുകളിലെത്തുന്ന ഒറ്റതവണ പ്രദര്‍ശനത്തോടെ മറ്റ് റിലീസിംഗ് സെന്ററുകള്‍ക്കോ സിഡി വില്‍പനക്കോ ഒന്നും സാദ്ധ്യതകള്‍ കുറയില്ലായിരിക്കാം എങ്കില്‍ കൂടി സിനിമ എന്ന സങ്കേതത്തെ അതിന്റെ ആവേശത്തോടെ കൊണ്ട് നടന്ന റിലീസിംഗ് ദിവസം ആഘോഷമായി തിയറ്ററുകളിലെത്തി ഉത്സവപ്രതീതിയുണ്ടാക്കുന്ന സാദ്ധ്യതകളെ വലിയ താമസം കൂടാതെ അട്ടിമറിക്കാന്‍ വിശ്വരൂപത്തിന്റെ ചാനല്‍ കാഴ്ച വഴിതുറക്കുമെന്നകാര്യം ഉറപ്പാണ്.

  ഇതുകൊണ്ട് ദോഷം സംഭവിക്കാന്‍ പോകുന്നത് തിയറ്ററുകള്‍ക്ക്, സര്‍ക്കാരിന്, അതിനുമപ്പുറം യഥാര്‍ത്ഥ സിനിമാസ്വാദകര്‍ക്ക്. വരും നാളുകളില്‍ ഇത് നടപ്പുരീതിയായി മാറാതിരുന്നാല്‍ നല്ലത്.

  English summary
  Kamal Hassan is hoping to grasp international audience with his big-budget thriller ‘Vishwaroopam'.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X