കലൈഞ്ചറുടെ മരണം: വിശ്വരൂപം 2 റിലീസ് മാറ്റി!
തമിഴകത്തിന്റെ രാഷ്ട്രീയ ചാണക്യന്‍ മാത്രമല്ല തമിഴ് സിനിമ ലോകത്തിന്റെ ഹൃദയ സ്പന്ദനവുമായിരുന്നു കലൈഞ്ചര്‍ എം കരുണാനിധി. ആ തൂലികയില്‍ നിന്നും പിറവി കൊണ്ടത് നിരവധി സിനിമകളും സിനിമാ ഗാനങ്ങളുമാണ്. കലൈഞ്ചറുടെ വേര്‍പാടില്‍ തമിഴകം തേങ്ങുമ്പോള്‍ ചലച്ചിത്ര ലോകവും അതില്‍ പങ്കുചേരുകയാണ്. വ്യാഴാഴ്ച റിലീസ് ചെയ്യേണ്ടിയിരുന്ന വിശ്വരൂപം 2ന്റെ റിലീസ് വെള്ളിയാഴ്ചത്തേക്ക് മാറ്റി. അതേസമയം, കലൈഞ്ചറോടുള്ള ആദര സൂചകമായി തമിഴ്‌നാട്ടില്‍ തിയറ്ററുകള്‍ ചൊവ്വാഴ്ച്ച വൈകുന്നേരത്തേയും രാത്രിയിലേയും ഷോകള്‍ ഒഴിവാക്കി അടച്ചിടാന്‍ തീരുമാനിച്ചിരിക്കുകയാണ് തിയറ്റര്‍ ഓണേഴ്‌സ് അസോസിയേഷന്‍. സിനിമകള്‍ എന്നുമുതല്‍ പ്രദര്‍ശിപ്പിച്ചു തുടങ്ങുമെന്ന് അവര്‍ തീരുമാനമെടുത്തിട്ടില്ല. അ.ത്തരത്തിലൊരു തീരുമാനമുണ്ടായാല്‍ ഈ ആഴ്ചയില്‍ റിലീസ് ചെയ്യേണ്ട സിനിമകള്‍ അടുത്ത ആഴ്ചയിലേക്ക് നീട്ടിയേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
കരുണാനിധിയെ രാഷ്ട്രീയ ചാണക്യനെന്ന നിലയിലല്ല എഴുത്തുകാരന്‍ എന്ന നിലയിലാണ് താന്‍ ആദ്യം പരിചയപ്പെടുന്നതെന്ന് ദേശീയ മാധ്യമങ്ങള്‍ക്ക് മുന്നില്‍ കമല്‍ഹാസന്‍ പറഞ്ഞു. സിനിമ ലോകത്ത് നിന്നും രാഷ്ട്രീയത്തിലേക്ക് ചുവടുമാറ്റം നടത്തിയ കമല്‍ഹാസന്റെ ചലച്ചിത്ര ജീവിതത്തിലെ അവസാന ചിത്രങ്ങളില്‍ ഒന്നായിരിക്കും വിശ്വരൂപം 2 എന്നും അദ്ദേഹം വ്യക്തമാക്കി. ചില പ്രോജക്ടുകള്‍ കൂടെ പൂര്‍ത്തിയാക്കാന്‍ വാക്ക് നല്‍കിയിരിക്കുന്നതുകൊണ്ടാണ് ഇല്ലെങ്കില്‍ വിശ്വരൂപം 2 തന്റെ സിനിമ ജീവിതത്തിലെ അവസാന ചിത്രമായിരുന്നേനെ എന്നും അദ്ദേഹം വ്യക്തമാക്കി.

2013ല്‍ പുറത്തിറങ്ങിയ വിശ്വരൂപം എന്ന ചിത്രത്തിന്റെ തുടര്‍ച്ചയാണ് വിശ്വരൂപം 2. ചിത്രത്തിന്റെ രണ്ടാം ഭാഗം ഉണ്ടാകുമെന്ന് ആദ്യഭാഗത്തിന്റെ റിലീസിന് മുമ്പേ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ സാങ്കേതികമായ തടസങ്ങള്‍ കാരണം ചിത്രീകരണവും മറ്റ് ജോലികളും നീണ്ടുപോകുകയായിരുന്നു.കമല്‍ഹാസന്‍ രചനയും സംവിധാനവും നിര്‍വഹിച്ച് നായകനായി അഭിനയിക്കുന്ന ചിത്രത്തില്‍ രാഹുല്‍ ബോസ്, ആന്‍ഡ്രിയ ജറമിയ, പൂജ കുമാര്‍ എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്. ഒരേ സമയം ഹിന്ദിയിലും തമിഴിലുമായി ചിത്രീകരിച്ച സിനിമ തെലുങ്കില്‍ മൊഴിമാറ്റിയും പ്രദര്‍ശനത്തിനെത്തും.


Click it and Unblock the Notifications











