ഗൗതമി വരുന്നതിന് മുമ്പേ സരിക തീരുമാനമെടുത്തു; കമൽ ഹാസനും സരികയും പിരിയാൻ കാരണം; ശ്രദ്ധ നേടി വാക്കുകൾ
കമൽ ഹാസനെ പോലെ സ്വകാര്യ ജീവിതം ചർച്ചയായ നടൻമാർ സിനിമാ രംഗത്ത് അന്നും ഇന്നും ഇല്ല. തുറന്ന ജീവിതം നയിച്ച കമൽ ഹാസന് ഒന്നിലേറെ പ്രണയങ്ങളും വിവാഹങ്ങളുമുണ്ടായി. ഇതേക്കുറിച്ച് സംസാരിക്കാൻ കമൽ മടിച്ചിട്ടുമില്ല. രണ്ട് വിവാഹങ്ങളാണ് കമലിന്റെ ജീവിതത്തിൽ നടന്നത്. ക്ലാസിക്കൽ ഡാൻസർ വാണി ഗണപതിയായിരുന്നു ആദ്യ ഭാര്യ. മേൽനാട്ട് മരുമകൾ എന്ന സിനിമയിൽ കമലിനൊപ്പം വാണി അഭിനയിച്ചിട്ടുണ്ട്. 1978 ലാണ് ഇരുവരും വിവാഹിതരായത്.
പത്ത് വർഷത്തിന് ശേഷം രണ്ട് പേരും രണ്ട് വഴിക്ക് പിരിഞ്ഞു. വാണിയുമായുള്ള വിവാഹബന്ധം നിയമപരമായി നിലനിൽക്കെയാണ് കമൽ സരികയുമായി അടുക്കുന്നത്. ഇരുവരും ലിവിംഗ് ടുഗെദറിൽ ആയിരുന്നു. മകൾ ശ്രുതി ഹാസൻ ജനിച്ച ശേഷമാണ് ഇരുവരും വിവാഹിതരാകുന്നത്. 2002 ൽ കമലും സരികയും വിവാഹമോചനം നേടാൻ തീരുമാനിച്ചു. 2004 ലാണ് ഇരുവരും നിയമപരമായി പിരിയുന്നത്.

ഇതിന് ശേഷമാണ് ഗൗതമി കമലിന്റെ ജീവിതത്തിലേക്ക് ഗൗതമി കടന്ന് വരുന്നത്. സരികയുമായുള്ള വിവാഹബന്ധം നിലനിൽക്കെയാണ് കമൽ ഗൗതമിയുമായി അടുത്തതെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. ഗൗതമിയുടെയും ആദ്യ വിവാഹബന്ധം വേർപിരിഞ്ഞതാണ്. ഈ ബന്ധത്തിൽ ഒരു മകളുമുണ്ട്. കമലിനൊപ്പം പതിമൂന്ന് വർഷം ഗൗതമി ജീവിച്ചു. പിന്നീട് അഭിപ്രായ വ്യത്യാസങ്ങൾ വന്നതോടെ നടി ഈ ബന്ധം വേണ്ടെന്ന് വെച്ചു. ഇതേക്കുറിച്ച് പല അഭ്യൂഹങ്ങളും വന്നെങ്കിലും കമൽ പ്രതികരിച്ചില്ല.
രണ്ടാം ഭാര്യ സരികയുമായി കമൽ പിരിഞ്ഞതിനെക്കുറിച്ച് സംസാരിക്കുകയാണ് കമലിനെ വർഷങ്ങളായി പരിചയമുള്ള ഡോ കാന്തരാജ്. ഒരു തമിഴ് യൂട്യൂബ് ചാനലിനോട് സംസാരിക്കുകയായിരുന്നു ഇദ്ദേഹം. ഗൗതമി കടന്ന് വരുന്നതിന് മുമ്പേ കമലുമായി സരിക വേർപിരിഞ്ഞിരുന്നെന്ന് കാന്തരാജ് പറയുന്നു. സരികയ്ക്ക് വീണ്ടും സിനിമകളിൽ അഭിനയിക്കണമെന്ന ആഗ്രഹം വന്നു. കമലിനോടൊപ്പം ഇരുന്നാൽ ശരിയായി വരില്ല എന്ന് സരികയ്ക്ക് തോന്നിയതായും അക്കാലത്ത് സംസാരമുണ്ടായിരുന്നു. എന്താണ് യഥാർത്ഥത്തിൽ സംഭവിച്ചതെന്ന് അറിയില്ലെന്നും കാന്തരാജ് പറയുന്നു.

സിനിമാ രംഗത്ത് അക്കാലത്ത് ഇതൊക്കെ സാധാരണമായിരുന്നെന്നും കാന്തരാജ് ചൂണ്ടിക്കാട്ടി. വിവാഹമോചനത്തിന് കാരണമെന്തെന്ന് സരിക ഇതുവരെ തുറന്ന് പറഞ്ഞിട്ടില്ല. അതേസമയം വിവാഹമോചനത്തിന് സരിക അഭിനയ രംഗത്തേക്ക് തിരിച്ചെത്തി. 2005 ൽ പർസാനിയ എന്ന സിനിമയിലൂടെ മികച്ച നടിക്കുള്ള ദേശീയ പുരസ്കാരവും സരിക നേടി. കമലിന്റെ ഭാര്യയായിരുന്ന കാലത്ത് നടന്റെ ഹെയ് റാം എന്ന സിനിമയിൽ കോസ്റ്റ്യൂം ഡിസൈനറായി സരിക പ്രവർത്തിച്ചിട്ടുണ്ട്. മികച്ച കോസ്റ്റ്യം ഡിസൈനർക്കുള്ള ദേശീയ പുരസ്കാരം ഈ ചിത്രത്തിലൂടെ സരിക കരസ്ഥമാക്കുകയും ചെയ്തു.
വിവാഹമോചനത്തിന് ശേഷം പുതിയൊരു ജീവിതം കെട്ടിപ്പടുക്കുക സരികയെ സംബന്ധിച്ച് എളുപ്പമായിരുന്നില്ല. ഇതേക്കുറിച്ച് സരിക തുറന്ന് പറഞ്ഞിട്ടുമുണ്ട്. ശ്രുതി ഹാസൻ, അക്ഷര ഹാസൻ എന്നിവരാണ് കമലിനും സരികയ്ക്കും പിറന്ന മക്കൾ. ശ്രുതി ഇന്ന് തെന്നിന്ത്യൻ സിനിമാ രംഗത്തെ മുൻനിര നായിക നടിയാണ്.
അച്ഛനും അമ്മയും വേർപിരിഞ്ഞതിൽ തനിക്ക് സന്തോഷമേയുള്ളൂ എന്നാണ് ശ്രുതി മുമ്പൊരിക്കൽ പറഞ്ഞത്. ഒരുമിച്ച് മുന്നോട്ട് പോകാൻ പറ്റാത്തവർ മറ്റെന്തെങ്കിലും കാരണം കൊണ്ട് ഒരുമിച്ച് ജീവിക്കണമെന്ന് താൻ കരുതുന്നില്ലെന്നും ശ്രുതി ഹാസൻ വ്യക്തമാക്കി. കഴിഞ്ഞ ദിവസമാണ് കമൽ ഹാസന് 69 വയസ് പൂർത്തിയായത്. നിരവധി പേർ നടന് ആശംസകൾ അറിയിച്ചു.


Click it and Unblock the Notifications











