ഒരു ദിവസത്തേക്ക് 15 ലക്ഷം, പ്രമാണിയെ പോലെ കഴിഞ്ഞു; ഒതുക്കി വീട്ടിലിരുത്തി തമിഴകം; അന്ന് നടന്നത്
തമിഴകത്ത് നടൻ വടിവേലുവുണ്ടാക്കിയ തരംഗം ചെറുതല്ല. കോമഡി റോളുകളിലൂടെ വൻ ജനപ്രീതി നേടിയ വടിവേലുവിന് ഒരു കാലത്ത് ഒന്നിന് പിറകെ ഒന്നായി സിനിമകളായിരുന്നു. സൂപ്പർതാരങ്ങളുടെ സിനിമകൾ പോലും വടിവേലുവിന്റെ ഡേറ്റിനായി കാത്തിരുന്ന കാലം. വിജയ് ഉൾപ്പെടെയുള്ള താരങ്ങളുടെ സിനിമകളിൽ സ്ഥിരം സാന്നിധ്യമായിരുന്നു വടിവേലു. എന്നാൽ ഉയർച്ച പോലെ തന്നെ വീഴ്ചയും നടന്റെ കരിയറിലുണ്ടായി. വിവാദങ്ങൾ ഒന്നിന് പിറകെ ഒന്നായി വടിവേലുവിനെതിരെ വന്നു.
കമ്മിറ്റ് ചെയ്ത സിനിമകളുമായി സഹകരിക്കുന്നില്ലെന്ന് നിർമാതാക്കളുടെ പരാതി വന്നു. 2017 മുതൽ 2020 വരെ വടിവേലുവുനെ തമിഴ് പ്രൊഡ്യൂസേർസ് അസോസിയേഷൻ വിലക്കി. സിനിമാ രംഗത്തെ തന്റെ വളർച്ച തടയാനുള്ള ചിലരുടെ നീക്കമാണ് വിലക്കിന് പിന്നിലെന്ന് വടിവേലു അന്ന് പ്രതികരിച്ചു. വിലക്കിന് മുമ്പേ തന്നെ വടിവേലുവിന്റെ കരിയർ തകർച്ചയുടെ വക്കിലായിരുന്നു. 2014 മുതൽ തുടരെ പരാജയ സിനിമകളാണ് വടിവേലുവിന് വന്നത്.

സിനിമാ രംഗത്ത് നിന്നും മാറി നിന്നതിനെക്കുറിച്ച് പുതിയ അഭിമുഖത്തിൽ വടിവേലു സംസാരിക്കുന്നുണ്ട്. ഇടയിൽ ചില കാര്യങ്ങൾ സംഭവിച്ചത് കണ്ടതാണല്ലോ. നന്നായി പോയിക്കൊണ്ടിരുന്ന വണ്ടി ചിലയിടത്ത് യൂ ടേൺ ആയി. ചില കാലവും നേരവും അങ്ങനെയാണ്. ഒരുപാട് കാര്യങ്ങൾ ഇതിനിടെ നടന്നു. രാഷ്ട്രീയവും മറ്റും. അതുമായി ബന്ധപ്പെട്ടുള്ള പ്രശ്നങ്ങൾ. അവസരങ്ങൾ ഇല്ലാതാക്കി. ഞാനത് കാര്യമാക്കിയില്ല. നാട്ടിലേക്ക് പോയി കുട്ടികളുടെ കല്യാണം നടന്നു. ഇതിനിടെ കാെറോണ വന്നു. എന്നെ മാത്രം അഭിനയിപ്പിക്കുന്നില്ലെന്ന് കരുതിയപ്പോൾ ആരെയും കൊറോണ അഭിനയിക്കാൻ വിട്ടില്ലെന്നും വടിവേലു തമാശയോടെ പറഞ്ഞു.
ഇനി കരിയറിലെ മുന്നോട്ട് പോക്കിനെക്കുറിച്ചും വടിവേലു സംസാരിച്ചു. ട്രാക്ക് റോളുകൾ ചെയ്യാൻ ഇല്ല. നായകനോടൊപ്പമുള്ള റോളുകൾ ചെയ്യണം. അല്ലെങ്കിൽ ഹീറോ ആയുള്ള നല്ല സിനിമ. മാമന്നൻ പോലെ. അത്തരം സിനിമകൾ ചെയ്യാനാണ് തീരുമാനമെന്നും വടിവേലു വ്യക്തമാക്കി. 2023 ൽ പുറത്തിറങ്ങിയ മാമന്നൻ ആണ് വടിവേലുവിന്റെ തിരിച്ച് വരവിലെ ഏറ്റവും ശ്രദ്ധേയമായ സിനിമ.

നടന് കരിയറിൽ അവസരങ്ങൾ കുറഞ്ഞതിന് വലിയൊരു കാരണമായി പറഞ്ഞത് ഉയർന്ന പ്രതിഫലമായിരുന്നു. ഒരു ദിവസത്തേക്ക് 12-15 ലക്ഷം രൂപ വരെയാണ് വടിവേലു പ്രതിഫലമായി ആവശ്യപ്പെട്ടിരുന്നതെന്നാണ് റിപ്പോർട്ടുകൾ. ഒരു കോമഡി നടന് അത്രയും പ്രതിഫലം നൽകുന്നത് പലപ്പോഴും അസാധ്യമായിരുന്നു.
മുൻ തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയാണ് വടിവേലുവിനെ കരിയറിൽ ഒതുക്കിയതെന്ന് സംസാരമുണ്ടായിരുന്നു. 2011 ൽ തമിഴ്നാട് നിയമസഭ ഇലക്ഷനിൽ ഡിഎംകെയെ വടിവേലു പിന്തുണച്ചു. എതിർപക്ഷത്തുള്ള ജയലളിതയുടെ എഐഎഡിഎംകെയുടെ സഖ്യമായിരുന്ന അന്തരിച്ച വിജയകാന്തിന്റെ ഡിഎംഡികെ. വിജയകാന്തിനെതിരെ ഇലക്ഷൻ പ്രചരണങ്ങളിൽ വടിവേലു രൂക്ഷമായി സംസാരിച്ചു. എന്നാൽ ഇലക്ഷനിൽ എഐഎഡിഎംകെ വിജയിച്ചു. അതിന് ശേഷമാണ് ഇങ്ങനെയാെരു വാദം വന്നത്.
സഹപ്രവർത്തകരിൽ പലരുമായും വടിവേലുവിന് പ്രശ്നങ്ങൾ ഉണ്ടായിരുന്നു. അക്കാലത്ത് കോമഡി നടൻമാർക്കിടയിലെ രീതികളിൽ വന്ന മാറ്റവും വടിവേലുവിനെ ബാധിച്ചു. ഒപ്പമുള്ള ജൂനിയർ കോമഡി നടൻമാരുടെയും പ്രതിഫലം വടിവേലു, ഗൗണ്ടമണി തുടങ്ങിയ വലിയ കോമഡി നടൻമാർക്കായിരുന്നു നൽകുക. 60 ലക്ഷം രൂപ നൽകിയാൽ ഇതിൽ തന്റെ പ്രതിഫലം വടിവേലുവും ഗൗണ്ടമണിയുമെല്ലാം നീക്കി വെച്ച് ചെറിയ തുക തന്റെ ജൂനിയർ നടൻമാർക്ക് നൽകും. എന്നാൽ പിൽക്കാലത്ത് ഈ സമ്പ്രദായമെല്ലാം നിന്നു. തന്റെ സ്ഥാനം മറ്റൊരാൾ കെെക്കലാക്കുമെന്ന ആശങ്ക വടിവേലുവിനുണ്ടായിരുന്നെന്നും സിനിമാ ലോകത്ത് സംസാരമുണ്ടായിട്ടുണ്ട്.


Click it and Unblock the Notifications











