സൂര്യക്കൊപ്പം ജ്യോതികയെന്ന് കേട്ടതോടെ എല്ലാ നടിമാരും പിന്മാറി; തലവേദനയായി; തുണയായത് ഭൂമിക
തമിഴ് സിനിമാ പ്രേക്ഷകർക്ക് മറക്കാൻ പറ്റാത്ത സിനിമയാണ് സില്ലിന് ഒരു കാതൽ. 2006 ൽ പുറത്തിറങ്ങിയ സിനിമ സൂര്യയുടെ കരിയറിലെ വൻ ഹിറ്റുകളിൽ ഒന്നാണ്. സൂര്യ, ജ്യോതിക, ഭൂമിക എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷം ചെയ്തത്. ഭൂമികയെ ഇന്നും ആരാധകർ ഓർക്കുന്നത് സിനിമയിലൂടെയാണ്. ഐശ്വര്യ എന്ന കഥാപാത്രത്തെ നടി അവിസ്മരണീയമാക്കി. കുന്ദവി എന്നാണ് ജ്യോതികയുടെ കഥാപാത്രത്തിന്റെ പേര്. രണ്ട് നായികമാർക്കും തുല്യ പ്രാധാന്യം സില്ലിന് ഒരു കാതലിൽ ഉണ്ടായിരുന്നു.
എന്നാൽ സിനിമയുടെ കാസ്റ്റിംഗ് സംവിധായകൻ കൃഷ്ണയ്ക്ക് എളുപ്പമായിരുന്നില്ല, ഇതേക്കുറിച്ച് ഇദ്ദേഹം മുമ്പൊരിക്കൽ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. ജ്യോതിക കുന്ദവി എന്ന കഥാപാത്രം ചെയ്യുന്നതിനാൽ ഐശ്വര്യയുടെ കഥാപാത്രം ചെയ്യാൻ മുൻനിര നടിമാരൊന്നും തയ്യാറായില്ലെന്ന് സംവിധായകൻ പറയുന്നു. കുന്ദിവിയെ ആരാണ് അവതരിപ്പിക്കുന്നതെന്ന് ചോദിക്കും.

ജ്യോതികയെന്ന് പറഞ്ഞപ്പോൾ ആ നടിമാരെല്ലാം സിനിമ നിരസിച്ചു. ജ്യോതികയ്ക്കൊപ്പം ഒരു ക്യാരക്ടർ ചെയ്യുമ്പോൾ തനിക്ക് ഒന്നും ചെയ്യാനുണ്ടാവില്ലെന്ന് നടിമാർ കരുതി. ഒരുപാട് നടിമാർ സിനിമ നിരസിച്ചു. സൂര്യയും ജ്യോതികയുമുള്ള സിനിമയിൽ മറ്റൊരു കഥാപാത്രത്തിന് പ്രാധാന്യമുണ്ടാകില്ലെന്ന് അവർ ചിന്തിച്ചു. അങ്ങനെയല്ല, കഥ പറയുന്നത് പോലെ തന്നെയാണ് സിനിമയെടുക്കുകയെന്ന് പറഞ്ഞിട്ടും അവർ സമ്മതിച്ചില്ല.
ഏഴ് മാസത്തോളം ഇങ്ങനെ പോയി. എനിക്കിതൊരു തലവേദനയായി. ഈ കഥാപാത്രം ആരും ചെയ്തില്ലെങ്കിൽ പ്രൊജക്ട് ഡ്രോപ്പ് ആകുമെന്ന സാഹചര്യം വന്നു. സിനിമ ഉപേക്ഷിക്കാൻ പോലും താൻ തയ്യാറാകുമായിരുന്നു. കാരണം എനിക്കിത് വലിയ അപമാനമായി. ആ സമയത്താണ് പെട്ടെന്നാെരിക്കൽ സൂര്യയോട് ഭൂമികയുടെ കാര്യം പറയുന്നത്. ഭൂമികയ്ക്ക് അന്ന് തമിഴിൽ കുറച്ച് ഗ്യാപ്പ് വന്നിട്ടുണ്ട്. ഓക്കെയെന്ന് സൂര്യ പറഞ്ഞു.

അതിന് ശേഷമാണ് ഭൂമികയെ കണ്ടത്. ഭൂമിക ഉടനെ സിനിമ ചെയ്യാൻ തയ്യാറായി. ആ കഥാപാത്രത്തിന് ജീവൻ നൽകി. ഭൂമികയുമായി ഈ സിനിമയിലൂടെ തനിക്ക് അടുത്ത സൗഹൃദമുണ്ടായെന്നും സംവിധായകൻ വ്യക്തമാക്കി. സില്ലിന് ഒരു കാതലിന്റെ കഥ പറഞ്ഞപ്പോൾ സൂര്യ ആദ്യം സിനിമ നിരസിക്കുകയാണുണ്ടായതെന്നും സംവിധായകൻ പറയുന്നു. ഒരു കുട്ടിയുടെ അച്ഛനായാണ് അഭിനയിക്കേണ്ടത്.
ഇത് ആരാധകർ എങ്ങനെ സ്വീകരിക്കുമെന്നായിരുന്നു സൂര്യ പറഞ്ഞ കാരണം. ആദ്യം കഥ മാധവനോട് പറഞ്ഞപ്പോഴും കുട്ടിയെ ഒഴിവാക്കാനാണ് പറഞ്ഞത്. പിന്നീട് ഏറെ നാൾ കഴിഞ്ഞാണ് സൂര്യ സിനിമ ചെയ്യാൻ തയ്യാറായത്. ഒരു ദിവസം സൂര്യ ഫോൺ ചെയ്ത് സിനിമ എങ്ങനെ പോകുന്നെന്ന് ചോദിച്ചു. കംപോസിംഗെല്ലാം കഴിഞ്ഞെന്ന് ഞാൻ പറഞ്ഞു.
ഹീറോ ആരാണെന്ന് ചോദിച്ചപ്പോൾ തീരുമാനിച്ചിട്ടില്ലെന്ന് പറഞ്ഞു. മീറ്റ് ചെയ്യാമെന്ന് സൂര്യ പറഞ്ഞു. വീണ്ടും കഥ പറഞ്ഞപ്പോൾ സൂര്യ സിനിമ ചെയ്യാൻ തയ്യാറായെന്നും കൃഷ്ണ ഓർത്തു. ജ്യോതികയെ ആദ്യമേ തീരുമാനിച്ചിരുന്നെന്നും കഥ കേട്ടയുടനെ സിനിമ ചെയ്യാൻ നടി തയ്യാറായെന്നും കൃഷ്ണ വ്യക്തമാക്കി.


Click it and Unblock the Notifications











