'ലോകസുന്ദരി മണിരത്നത്തെ കാത്തിരിക്കുന്നു, ആശ്ചര്യം തോന്നി; എത്ര വലിയ ആളായാലും മണിരത്നം അങ്ങനെയാണ്'
സൂപ്പർതാരമാണെങ്കിലും ഐശ്വര്യ റായുടെ അഭിനയ മികവ് പൂർണമായും പുറത്തെടുക്കാൻ പല സംവിധായകർക്കും കഴിഞ്ഞിട്ടില്ല. ഐശ്വര്യ ഒരു കഥാപാത്രത്തിലേക്ക് പൂർണമായും ഇറങ്ങി ചെന്നപ്പോഴെല്ലാം പ്രേക്ഷകർക്ക് മറക്കാനാകാത്ത ദൃശ്യാനുഭവമാണ് ലഭിച്ചത്. അന്നും ഇന്നും ഐശ്വര്യയുടെ ഏറ്റവും പ്രിയപ്പെട്ട സംവിധായകൻ മണിരത്നമാണ്. നടിയുടെ കണ്ണഞ്ചിക്കുന്ന സൗന്ദര്യവും അഭിനയ മികവും ഒരുപോലെ ബിഗ് സ്ക്രീനിലെത്തിക്കാൻ കഴിഞ്ഞ സംവിധായകനാണ് മണിരത്നം. ഐശ്വര്യ അഭിനയ രംഗത്തേക്ക് കടന്ന് വരുന്നത് മണിരത്നത്തിന്റെ ഇരുവർ എന്ന സിനിമയിലൂടെയാണ്.
അതിന് മുമ്പ് ബോളിവുഡിൽ നിന്ന് അവസരം വന്നപ്പോൾ പോലും ഐശ്വര്യ നിരസിക്കുകയാണുണ്ടായത്. മുൻ തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയെയാണ് ഇരുവറിൽ ഐശ്വര്യ റായ് അവതരിപ്പിച്ചത്. പിന്നീട് മണിരത്നത്തിന്റെ ഗുരു, രാവണൻ, പൊന്നിയിൻ സെൽവൻ എന്നീ സിനിമകളിലും ഐശ്വര്യ അഭിനയിച്ചു. നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഐശ്വര്യ അഭിനയ രംഗത്തേക്ക് തിരിച്ച് വന്ന സിനിമയാണ് പൊന്നിയിൻ സെൽവൻ. മികച്ച വിജയം നേടിയ സിനിമയിൽ അവിസ്മരണീയ പ്രകടനമാണ് ഐശ്വര്യ റായ് കാഴ്ച വെച്ചത്.

മണിരത്നം-ഐശ്വര്യ റായ് കൂട്ടുകെട്ടിന് സിനിമാ ലോകത്ത് എപ്പോഴും ജനശ്രദ്ധ ലഭിക്കാറുണ്ട്. കർക്കശക്കാരനായ സംവിധായകനാണ് മണിരത്നം. അഭിനേതാക്കൾ കഥാപാത്രത്തിലേക്ക് ഇറങ്ങിച്ചെല്ലണമെന്ന് മണിരത്നത്തിന് നിർബന്ധമുണ്ട്. അടുത്തിടെ സൂപ്പർസ്റ്റാർ രജിനികാന്തും ഇതേക്കുറിച്ച് സംസാരിക്കുകയുണ്ടായി. ഇപ്പോഴിതാ മണിരത്നത്തിന്റെ സമയനിഷ്ഠയെക്കുറിച്ച് സംസാരിക്കുകയാണ് ഇദ്ദേഹത്തോടൊപ്പം സഹസംവിധായകനായി പ്രവർത്തിച്ച മണി ഭാരതി. ഐശ്വര്യ റായ്ക്ക് മണിരത്നത്തെ കാത്തിരിക്കേണ്ടി വന്നതിനെക്കുറിച്ചാണ് മണി ഭാരതി സംസാരിച്ചത്.
ആരെങ്കിലും അപ്പോയ്ന്റ്മെന്റ് ചോദിച്ചാൽ ഒരു മണിക്ക് സമയം പറയും. മുകളിൽ നിന്നിറങ്ങി വീട്ടിലേക്ക് ഭക്ഷണം കഴിക്കാൻ പോകുന്നതിന് മുമ്പ് പത്ത് പതിനഞ്ച് മിനുട്ടിനുള്ളിൽ എല്ലാവരെയും കാണും. എത്ര വലിയ ആളായാലും അവിടെ വെച്ചായിരിക്കും കൂടിക്കാഴ്ച. ഐശ്വര്യ റായിയെ അവിടെ ഞാൻ കണ്ടിട്ടുണ്ട്. ഒരു മണിക്ക് വരാൻ പറഞ്ഞിട്ട് 12.30 നേ അവർ വന്നിരുന്നു. ലോക സുന്ദരി വന്നിരിക്കുന്നു എന്ന് പറഞ്ഞ് ഞങ്ങളെല്ലാം ആശ്ചര്യപ്പെട്ടെന്നും അന്ന് മണി ഭാരതി വ്യക്തമാക്കി.

കൃത്യനിഷ്ഠയുടെ കാര്യത്തിൽ വിട്ടു വീഴ്ച വരുത്താത്ത നടിയാണ് ഐശ്വര്യ റായ്. പൊന്നിയിൻ സെൽവന്റെ സെറ്റിൽ ഐശ്വര്യ റായ് കഥാപാത്രമായി മാറാൻ നടത്തിയ തയ്യാറെടുപ്പുകളെക്കുറിച്ച് സഹപ്രവർത്തകർ സംസാരിക്കുകയുണ്ടായി. ഐശ്വര്യ കൃത്യമായി തമിഴ് ഡയലോഗുകൾ പറഞ്ഞത് തന്നെ ആശ്ചര്യപ്പെടുത്തിയെന്ന് ഡബ്ബിംഗ് ആർട്ടിസ്റ്റ് ദീപ വെങ്കട്ട് അടുത്തിടെ ഒരു അഭിമുഖത്തിൽ പറഞ്ഞു. നന്ദിനി എന്ന കഥാപാത്രത്തെയാണ് സിനിമയിൽ ഐശ്വര്യ റായ് അവതരിപ്പിച്ചത്.
പൊന്നിയിൻ സെൽവന് ശേഷം മറ്റ് സിനിമകളിലൊന്നും ഐശ്വര്യ ഒപ്പുവെച്ചിട്ടില്ല. നടി സിനിമാ രംഗത്ത് സജീവമാകണമെന്നാണ് ആരാധകർ ആഗ്രഹിക്കുന്നത്. തെന്നിന്ത്യയിൽ മണിരത്നമാണെങ്കിൽ ബോളിവുഡിൽ സഞ്ജയ് ലീല ബൻസാലിയാണ് ഐശ്വര്യക്ക് മികച്ച സിനിമകൾ സമ്മാനിച്ച സംവിധായകൻ. ഗുസാരിഷ് ഉൾപ്പെടെയുള്ള സിനിമകളിൽ അവിസ്മരണീയ പ്രകടനം നടി കാഴ്ച വെച്ചു.
പദ്മാവത്, ബാജിരാവോ മസ്താനി എന്നീ സിനിമകളിൽ ആദ്യം നായികയായി സഞ്ജയ് ലീല ബൻസാലി പരിഗണിച്ചത് ഐശ്വര്യ റായിയെയാണ്. എന്നാണ് അന്ന് ഈ സിനിമകൾ നടന്നില്ല. പിന്നീട് വർഷങ്ങൾക്കിപ്പുറം ദീപിക പദുകോണാണ് ഈ സിനിമകളിൽ അഭിനയിച്ചത്.


Click it and Unblock the Notifications