ധനുഷാണ് എന്നെ ഓർമ്മിപ്പിച്ചത്, എനിക്ക് വന്ന മാറ്റം ചൂണ്ടിക്കാട്ടി; ആ സിനിമ തനിക്ക് പാഠമായെന്ന് അമല പോൾ
തെന്നിന്ത്യൻ സിനിമാ ലോകത്തിന്റെ അഭിമാനമായി മാറിയ ധനുഷിന്റെ 41ാം പിറന്നാൾ ദിനമാണിന്ന്. നിരവധി ശ്രദ്ധേയ സിനിമകളിൽ അഭിനയിച്ച ധനുഷിന് വളരെ പെട്ടെന്ന് കരിയറിൽ മുന്നേറാൻ സാധിച്ചു. സംവിധായകരായ അച്ഛൻ കസ്തൂരി രാജയുടെയും സഹോദരൻ സെൽവരാഘവന്റെയും പിന്തുണയോടെയാണ് ധനുഷ് തമിഴകത്ത് നിലയുറപ്പിക്കുന്നത്. പിന്നീട് മികച്ച അവസരങ്ങൾ ധനുഷിനെ തേടി വന്നു. പലപ്പോഴും കടുത്ത ബോഡി ഷെയ്മിംഗ് ധനുഷിന് നേരിടേണ്ടി വന്നിട്ടുണ്ട്.
എന്നാൽ ഇതെല്ലാം അവഗണിച്ച് മുന്നേറിയ താരത്തിന് തമിഴകത്തെ മുൻനിര നായക നടനായി മാറാൻ കഴിഞ്ഞു. ധനുഷ് സംവിധാനം ചെയ്ത് അഭിനയിച്ച പുതിയ ചിത്രം റയാൻ തിയറ്ററിൽ മികച്ച പ്രതികരണം നേടിക്കൊണ്ട് മുന്നേറുകയാണ്. ഒപ്പമഭിനയിച്ച നടിമാരിൽ മിക്കവരും ധനുഷിന് അഭിനയത്തോടുള്ള പ്രതിബന്ധതയെക്കുറിച്ച് സംസാരിക്കാറുണ്ട്. മഞ്ജു വാര്യർ, തൃഷ, അമല പോൾ, നയൻതാര തുടങ്ങി നടിമാർക്കൊപ്പമെല്ലാം ധനുഷ് അഭിനയിച്ചിട്ടുണ്ട്.

ധനുഷിനെക്കുറിച്ച് അമല പോൾ പറഞ്ഞ കാര്യമാണിപ്പോൾ ശ്രദ്ധ നേടുന്നത്. ഇരുവരും ഒരുമിച്ച് അഭിനയിച്ച വേല ഇല്ല പട്ടധാരി എന്ന സിനിമ വൻ ഹിറ്റായിരുന്നു. സിനിമയുടെ ഷൂട്ടിംഗ് അനുഭവങ്ങളാണ് അമല പോൾ പങ്കുവെച്ചത്. ധനുഷ് പറഞ്ഞത് എനിക്ക് ഓർമ്മയുണ്ട്. അമല, നീ അഭിനയിക്കേണ്ട, നിനക്ക് എക്സപ്രസീവായ മുഖമാണ്. അതിനാൽ അഭിനയിക്കാൻ ശ്രമിക്കേണ്ട.
മൈന കഴിഞ്ഞ് കരിയറിൽ ഒരു യാത്രയ്ക്ക് ശേഷം വന്ന സിനിമയാണ് വിഐപി. എന്റെ അഭിനയവും മെക്കാനിക്കൽ ആയി. മുമ്പ് ഞാൻ ഞാനായി നിൽക്കുകയായിരുന്നു. ധനുഷ് എന്നെ അത് ഓർമ്മിപ്പിച്ചു. ആ സിനിമയിലെ എന്റെ പെർഫോമൻസ് ഒരുപാട് പേർക്ക് ഇഷ്ടമായി. തനിക്കൊരു പാഠം നൽകിയ സിനിമയാണ് അതെന്നും അമല പോൾ വ്യക്തമാക്കി. വേല ഇല്ല പട്ടധാരിയുടെ രണ്ട് ഭാഗങ്ങളിലും അമല പോൾ അഭിനയിച്ചിട്ടുണ്ട്.

വിഐപിക്ക് ശേഷം ധനുഷും അമല പോളും ഒരുമിച്ച് അഭിനയിച്ചിട്ടില്ല. എന്നാൽ ധനുഷ് നിർമ്മിച്ച അമ്മക്കണക്ക് എന്ന സിനിമയിൽ അമല കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചു. കരിയറിൽ ഒരിടവേളയ്ക്ക് ശേഷം വീണ്ടും സജീവമായിക്കൊണ്ടിരിക്കുകയാണ് അമല പോൾ. ലെവൽ ക്രോസ് ആണ് നടിയുടെ പുതിയ സിനിമ. ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
കരിയറിനൊപ്പം കുടുംബ ജീവിതത്തിനും അമലയിന്ന് പ്രാധാന്യം നൽകുന്നു. അടുത്തിടെയാണ് നടിക്കും ഭർത്താവ് ജഗത് ദേശായിക്കും ആൺകുഞ്ഞ് പിറന്നത്. അമല പോളിന്റെ ഒന്നിലേറെ സിനിമകൾ അണിയറയിൽ ഒരുങ്ങുന്നുണ്ട്. മറുവശത്ത് ധനുഷിന്റെ വ്യക്തിജീവിതം അടുത്ത കാലത്ത് ഗോസിപ്പ് കോളങ്ങളിൽ ചർച്ചയായി.
ഐശ്വര്യ രജിനികാന്തുമായി വിവാഹ മോചനം നേടിയതാണ് ഇതിന് കാരണം. വിവാഹ ബന്ധം പിരിയാൻ കാരണമെന്ന പേരിൽ നിരവധി ഗോസിപ്പുകൾ പ്രചരിച്ചു. ചില നടിമാരുമായി ധനുഷിന് ബന്ധമുണ്ടായെന്നും വാദം വന്നു.
എന്നാൽ ഇതേക്കുറിച്ച് പ്രതികരിക്കാൻ ധനുഷോ ഐശ്വര്യ രജിനികാന്തോ തയ്യാറായില്ല. ഗോസിപ്പുകളെ പൊതുവെ അവഗണിക്കുന്ന നടനാണ് ധനുഷ്.


Click it and Unblock the Notifications