വിജയുടെ ഇടപെടൽ; നയൻതാരയെ മാറ്റി; ബോളിവുഡിൽ പോയ അസിൻ തിരിച്ചെത്തി; നടി പ്രതികരിച്ചതിങ്ങനെ
തെന്നിന്ത്യൻ സിനിമാ രംഗത്ത് തരംഗം സൃഷ്ടിക്കാൻ കഴിഞ്ഞ നായിക നടിമാരാണ് അസിനും നയൻതാരയും. തെന്നിന്ത്യയിൽ നിന്നും ബോളിവുഡിലേക്ക് കടന്ന അസിൻ വിവാഹ ശേഷം അഭിനയ രംഗം വിട്ടു. എന്നാൽ നടിയെ മറക്കാൻ ഇന്നും പ്രേക്ഷകർക്ക് കഴിഞ്ഞിട്ടില്ല. മറുവശത്ത് നയൻതാര രണ്ട് പതിറ്റാണ്ടിലേറെയായി സിനിമാ രംഗത്ത് സജീവമായി തുടരുകയാണ്. മലയാള സിനിമാ രംഗത്ത് തുടക്കം കുറച്ചവരാണ് അസിനും നയനും.
രണ്ട് പേരുടെയും മാതൃഭാഷയും മലയാളമാണ്. എന്നാൽ ഇരുവരെയും താരമാക്കി മാറ്റിയത് തമിഴകമാണ്. നരേന്ദ്രൻ മകൻ ജയകാന്തൻ വക എന്ന മലയാള സിനിമയിലാണ് അസിൻ ആദ്യമായി അഭിനയിക്കുന്നത്. സിനിമ കാര്യമായി ശ്രദ്ധിക്കപ്പെട്ടില്ല. നടിക്ക് ചെറിയ റോളുമായിരുന്നു. മലയാളത്തിൽ പിന്നീടൊരു പരീക്ഷണത്തിന് നിൽക്കാതെ അസിൻ തമിഴ്, തെലുങ്ക് സിനിമകളിലേക്ക് ശ്രദ്ധ നൽകി. സത്യൻ അന്തിക്കാടിന്റെ മനസിനക്കരെ എന്ന സിനിമയിലൂടെയാണ് നയൻതാര അഭിനയ രംഗത്തേക്ക് കടക്കുന്നത്.

സിനിമ മികച്ച വിജയം നേടി. എങ്കിലും മലയാളത്തേക്കാൾ തമിഴ് സിനിമകളിലേക്ക് നയൻതാര ശ്രദ്ധ നൽകി. ഗ്ലാമറസ് നായികയായി തരംഗം സൃഷ്ടിക്കാൻ അസിന് കഴിഞ്ഞു. കരിയറിലെ കുറേ വർഷങ്ങൾ നയൻതാരയ്ക്ക് അഭിനയ പ്രാധാന്യമില്ലാത്ത സിനിമകളാണ് കൂടുതലും ലഭിച്ചത്. എന്നാൽ അസിൻ സിനിമകൾ തെരഞ്ഞെടുക്കുന്നതിൽ ശ്രദ്ധാലുവായിരുന്നു. സൂപ്പർസ്റ്റാർ സിനിമയാണെങ്കിലും അസിന്റെ കഥാപാത്രത്തിനും പ്രാധാന്യമുള്ള സിനിമകളായിരുന്നു മിക്കതും.
ഗ്ലാമറസ് വേഷങ്ങൾ തുടരെ ചെയ്യുന്ന കാലത്താണ് നയൻതാരയെ തേടി മലയാളത്തിൽ നിന്നും ബോഡി ഗാർഡ് എന്ന സിനിമയെത്തുന്നത്. സിദ്ദിഖ് സംവിധാനം ചെയ്ത സിനിമയിലേക്ക് നയൻതാരയെ നിർദ്ദേശിച്ചത് നായകനായ ദിലീപാണ്. ബോഡിഗാർഡിന്റെ കഥ വളരെയധികം ഇഷ്ടപ്പെട്ട നയൻതാര സിനിമ ചെയ്യാൻ തയ്യാറായി. എന്നാൽ അന്ന് നയൻതാരയെ പോലെൊരു താരത്തിന്റെ പ്രതിഫലക്കാര്യത്തിൽ നിർമാതാവിനും സംവിധായകൻ സിദ്ദിഖിനും ആശങ്കയുണ്ടായിരുന്നു. ഇതേക്കുറിച്ച് സിദ്ദിഖ് മുമ്പൊരിക്കൽ സംസാരിച്ചിട്ടുണ്ട്.

പ്രതിഫലത്തിൽ നയൻതാര കടുംപിടുത്തം വെച്ചിരുന്നില്ലെന്നും വളരെ കുറഞ്ഞ പ്രതിഫലത്തിൽ ബോഡി ഗാർഡിൽ അഭിനയിക്കാൻ നടി തയ്യാറായെന്നും സിദ്ദിഖ് വ്യക്തമാക്കി. സിനിമയുമായി നടി പൂർണമായും സഹകരിച്ചെന്ന് വ്യക്തമാക്കിയ സിദ്ദിഖ് നയൻതാരയുടെ പ്രൊഫഷണലിസത്തെ അഭിനന്ദിക്കുകയും ചെയ്തു. മലയാളത്തിൽ ഏറെ ശ്രദ്ധിക്കപ്പെട്ട ശേഷം ബോഡിഗാർഡ് കാവലൻ എന്ന പേരിൽ സിദ്ദിഖ് തമിഴിലേക്ക് റീമേക്ക് ചെയ്തു. വിജയ് ആയിരുന്നു നായകൻ.
നയൻതാര തമിഴിലും അറിയപ്പെടുന്ന താരമായതിനാൽ കാവലനിൽ നടി തന്നെ നായികയായി എത്തുമെന്ന് ഏവരും പ്രതീക്ഷിച്ചു. എന്നാൽ കാവലനിൽ അസിനാണ് നായികയായത്. ഇതിന് കാരണമെന്തെന്നും സിദ്ദിഖ് മുമ്പൊരിക്കൽ വ്യക്തമാക്കിയിട്ടുണ്ട്. വിജയുടെ നിർദ്ദേശപ്രകാരമാണ് അസിനെ നായികയാക്കിയത്.
നയൻതാരയും വിജയും തൊട്ട് മുമ്പ് ഒരുമിച്ച് വില്ല് എന്ന സിനിമ ചെയ്തിട്ടുണ്ട്. ഒരേ നായിക ആവർത്തിക്കേണ്ടെന്ന് കരുതിയാണ് വിജയ് അസിനെ നിർദ്ദേശിച്ചതെന്ന് സിദ്ദിഖ് ചൂണ്ടിക്കാട്ടി. അസിൻ അന്ന് ബോളിവുഡ് സിനിമകളിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന സമയമാണ്. ബോഡിഗാർഡിന്റെ കഥ ഇഷ്ടപ്പെട്ട അസിൻ സിനിമ ചെയ്യാൻ തയ്യാറായി.
അന്ന് ഇതേക്കുറിച്ച് നയൻതാരയോട് ചോദിച്ചപ്പോൾ അസിനെക്കുറിച്ച് സംസാരിക്കാൻ നടി തയ്യാറായില്ല. വിജയുടെ ഇമേജ് പരിഗണിച്ച് സ്ക്രിപ്റ്റിൽ സംവിധായകൻ മാറ്റം വരുത്തിയോ എന്നറിയില്ല. അതിനാൽ അസിന്റെ നായികാ വേഷത്തെക്കുറിച്ച് സംസാരിക്കുന്നത് ശരിയല്ലെന്നാണ് നയൻതാര മാധ്യമങ്ങൾക്ക് നൽകിയ മറുപടി.


Click it and Unblock the Notifications