നയൻതാര വേണ്ടെന്ന് ധനുഷ്; ഒടുവിൽ സമ്മതിക്കേണ്ടി വന്നു; നടിയെ വിളിച്ചപ്പോൾ; ഹിറ്റ് ചിത്രത്തിന് പിന്നിൽ
അഭിനയിക്കുന്ന കഥാപാത്രത്തിലേക്ക് ഇറങ്ങി ചെയ്യുന്ന നടനാണ് ധനുഷ്. ഒട്ടനവധി സിനിമകളിൽ മികച്ച പ്രകടനം കാഴ്ച വെച്ച ധനുഷ് ഹോളിവുഡിൽ വരെ സാന്നിധ്യം അറിയിച്ചു. അഭിനയത്തിനൊപ്പം താനഭിനയിക്കുന്ന സിനിമകളുടെ എല്ലാ മേഖലയിലും ധനുഷിന്റെ ഇടപെടൽ ഉണ്ടാകാറുണ്ട്. തിരക്കഥയിലും കാസ്റ്റിംഗിലുമെല്ലാം ധനുഷിന്റെ അഭിപ്രായങ്ങൾക്കും തീരുമാനങ്ങൾക്കും പ്രസക്തിയുണ്ട്. എന്നാൽ ധനുഷിന്റെ അഭിപ്രായം സ്വീകരിക്കപ്പെടാത്ത സാഹചര്യവും ഉണ്ടായിട്ടുണ്ട്.
2008 ൽ പുറത്തിറങ്ങിയ യാരടി നീ മോഹിനി എന്ന സിനിമയിലാണ് ഇങ്ങനെ സംഭവിച്ചത്. ധനുഷ്, നയൻതാര, രഘുവരൻ തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച യാരടി നീ മോഹിനി മികച്ച വിജയമാണ് നേടിയത്. സിനിമയിൽ നയൻതാര നായികയായെത്തുന്നതിൽ ധനുഷിന് താൽപര്യക്കുറവുണ്ടായിരുന്നു. കുറച്ച് കൂടി ചെറുപ്പം തോന്നുന്ന നടി വേണമെന്നായിരുന്ന ധനുഷിന്റെ ആവശ്യം.

എന്നാൽ നയൻതാര നായികയായി മതിയെന്ന തീരുമാനവുമായി സംവിധായകൻ മിത്രൻ ജവഹർ മുന്നോട്ട് പോയി. മുമ്പൊരിക്കൽ ഇതേക്കുറിച്ച് മിത്രൻ സംസാരിച്ചിട്ടുണ്ട്. സംവിധായകന്റെ വാക്കുകൾ വീണ്ടും ശ്രദ്ധ നേടുകയാണ്. ധനുഷിന്റെ പിതാവ് കസ്തൂരി രാജയാണ് നയൻതാരയെ നിർദ്ദേശിച്ചതെന്ന് മിത്രൻ പറയുന്നു.
നായികയെ ഒരുപാട് തിരഞ്ഞിരുന്നു. കസ്തൂരി രാജ സാറാണ് സിനിമയിലേക്ക് നയൻതാരയെ നിർദ്ദേശിച്ചത്. എന്നാൽ ധനുഷിന് എതിർപ്പുണ്ടായിരുന്നെന്ന് സംവിധായകൻ പറയുന്നു. കുറച്ചധികം പക്വത തോന്നുന്നുണ്ടെന്നാണ് ധനുഷ് പറഞ്ഞത്. ഇല്ല സർ, ക്യാരക്ടറിന് അത് അനുയോജ്യമാണെന്ന് ഞാൻ പറഞ്ഞു. ശരി, നിങ്ങളും പ്രൊഡ്യൂസറും സെറ്റായ സ്ഥിതിക്ക് താനെന്ത് പറയാനാണെന്ന് ധനുഷ് പറഞ്ഞു.

നയൻതാര അന്ന് തെലുങ്കിലാണ് സിനിമകൾ കൂടുതൽ ചെയ്യുന്നത്. ഫോണിലാണ് കഥ പറഞ്ഞത്. കഥ കേട്ട് പലയിടത്തും നയൻതാര ചിരിച്ചു. അവർ അഭിനയിക്കുമെന്ന് എനിക്ക് ഉറപ്പായി. കാരണം അന്നേ അവർ വലിയ ആർട്ടിസ്റ്റാണ്. ഈ സിനിമ ചെയ്യുമോ എന്ന് ആശങ്കയുണ്ടായിരുന്നു. കഥ കേട്ട് ശേഷം അടുത്ത ദിവസം തന്നെ പ്രതിഫലക്കാര്യം സംസാരിച്ച് സർ കൺഫോം ചെയ്തു. നയൻതാര ഫോട്ടോഷൂട്ടിന് വന്നു.
ആദ്യ സിനിമയിൽ തന്നെ ധനുഷ്, നയൻതാര തുടങ്ങിയ താരങ്ങളായതിനാൽ തനിക്ക് ഭയമുണ്ടായിരുന്നെന്നും സംവിധായകൻ അന്ന് വ്യക്തമാക്കി. നയൻതാരയുടെയൊപ്പം നല്ല അനുഭവമായിരുന്നു. വലിയ നടിയാണെങ്കിലും സംവിധായകന് ഓക്കെയാണോ എന്ന് നോക്കും. സിനിമ നന്നായി വന്നതിന് എല്ലാവരുടെയും സഹകരണവും സഹായിച്ചെന്നും മിത്രൻ ജവഹർ വ്യക്തമാക്കി.
ധനുഷിന്റെ സഹോദരനായ സെൽവരാഘവനാണ് യാരടി നീ മോഹിനിയുടെ തിരക്കഥ എഴുതിയത്. നയൻതാരയ്ക്ക് അക്കാലത്ത് ലഭിച്ച മികച്ച കഥാപാത്രങ്ങളിലൊന്നാണ് ഈ സിനിമയിലേത്. അതുവരെയും ഗ്ലാമർ വേഷങ്ങളിലാണ് നയൻതാര കൂടുതലും അഭിനയിച്ചത്. ധനുഷും നയൻതാരയും നായികനും നായികയുമായി അഭിനയിച്ച ഏക സിനിമയാണ് യാരടി നീ മോഹിനി. പിന്നീട് ധനുഷ് നിർമ്മിച്ച നാനും റൗഡി താൻ എന്ന സിനിമയിൽ നയൻതാര നായികയായെത്തിയിട്ടുണ്ട്.
ഈ സിനിമയിലേക്ക് നയൻതാരയെ നിർദ്ദേശിച്ചത് ധനുഷാണ്. ഇന്ന് ധനുഷിന് മാറ്റി നിർത്താൻ പറ്റാത്ത സ്ഥാനം നയൻതാരയ്ക്ക് സിനിമാ ലോകത്തുണ്ട്. ലേഡി സൂപ്പർസ്റ്റാറായി ആരാധകർ ആഘോഷിക്കുന്ന നടിക്ക് കൈ നിറയെ അവസരങ്ങളുമുണ്ട്. മറുവശത്ത് ധനുഷും കരിയറിന്റെ തിരക്കുകളിലാണ്. ക്യാപ്റ്റൻ മില്ലറാണ് ധനുഷ് ആരാധകർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം.


Click it and Unblock the Notifications