കുടുംബജീവിതം അപകടത്തിലായോ?; ആരാണിത് പറഞ്ഞത്; പൊട്ടിത്തെറിച്ച് ധനുഷ്; അന്ന് നടന്നത്
അഭിനയ മികവ് കൊണ്ട് ഹോളിവുഡിൽ വരെ സാന്നിധ്യം അറിയിക്കാൻ കഴിഞ്ഞ നടനാണ് ധനുഷ്. 2002 ൽ 'തുള്ളുവതോ ഇളമൈ' എന്ന സിനിമയിലൂടെ അഭിനയ രംഗത്തേക്ക് കടന്ന് വന്നപ്പോൾ ധനുഷ് ഇത്രയും വലിയ താരമാകുമെന്ന് മിക്കവരും പ്രതീക്ഷിച്ചിരുന്നില്ല. നായകന് വേണ്ട സ്ക്രീൻ പ്രസൻസോ ഫിറ്റനെസോ ധനുഷിന് ഇല്ലെന്നായിരുന്നു ഉയർന്ന് വന്ന വിമർശനം. എന്നാൽ മുൻധാരണകളെ കാറ്റിൽ പറത്തി ധനുഷ് തുടരെ ഹിറ്റുകളുമായി കോളിവുഡിൽ മുന്നേറി.
മാസ് റോളുകൾ തനിക്ക് മറ്റേത് താരത്തെ പോലെയും വഴങ്ങുമെന്ന് തെളിയിച്ച ധനുഷ് വലിയ ആരാധക വൃന്ദം സൃഷ്ടിച്ചു. സിനിമയിലേക്ക് പൂർണമായും ഇറങ്ങിച്ചെന്ന് അഭിനയിക്കുന്ന നടനാണ് ധനുഷെന്ന് സഹപ്രവർത്തകർ പറഞ്ഞിട്ടുണ്ട്. കരിയറിലെ പ്രശസ്തിക്കൊപ്പം പലപ്പോഴും വിവാദങ്ങളിലും ധനുഷ് അകപ്പെട്ടിട്ടുണ്ട്. 2017 ലുണ്ടായ സുചി ലീക്സ് വിവാദമാണ് ഇതിലേറ്റവും കൂടുതൽ ചർച്ചയായത്.

ധനുഷിനെതിരെ ഗുരുതര ആരോപണങ്ങളാണ് ഗായിക ആർജെ സുചിത്ര സോഷ്യൽ മീഡിയയിലൂടെ ഉന്നയിച്ചത്. ഒരു പാർട്ടിക്കിടെ ധനുഷ് തന്റെ മദ്യത്തിൽ മയക്ക് മരുന്ന് കലർത്തുകയും തന്നെ ലൈംഗികമായി ഉപദ്രവിച്ചെന്നും, ഇതിന്റെ വീഡിയോ ഷൂട്ട് ചെയ്തെന്നുമാണ് സുചിത്ര ആരോപിച്ചത്.
ധനുഷും സുഹൃത്തുക്കളും ഒരുമിച്ചുള്ള ചില ചിത്രങ്ങളും അന്ന് സുചിത്രയുടെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ നിന്നും പുറത്ത് വന്നു. സംഭവം കോളിവുഡിൽ വൻ വിവാദം സൃഷ്ടിച്ചു. ധനുഷോ കുടുംബമോ ഇതേക്കുറിച്ച് പ്രതികരിക്കാൻ തയ്യാറായില്ല. അതേസമയം ഇതേക്കുറിച്ച് ഒരു അഭിമുഖത്തിൽ ചോദ്യം വന്നപ്പോൾ ധനുഷ് ദേഷ്യപ്പെട്ട് ഇറങ്ങിപ്പോകുകയാണുണ്ടായത്. ഒരു ചാനലിന് നൽകിയ അഭിമുഖത്തൽ സംസാരിക്കുകയായിരുന്നു നടൻ.

അഭിമുഖം മുന്നോട്ട് പോകവെ അക്കാലത്ത് വിവാദമായ തെലുങ്ക് സിനിമാ ലോകത്തെ ലഹരി മാഫിയയെക്കുറിച്ച് അവതാരക പരാമർശിച്ചു. പതിയെ ഈ സംഭാഷണം സുചി ലീക്സ് വിവാദത്തിലെത്തിക്കാൻ അവതാരക ശ്രമിച്ചു. നിങ്ങൾ നേരിട്ട മാനസിക പിരിമുറുക്കം എന്ന് പറഞ്ഞ് തുടങ്ങുമ്പോഴേക്കും ധനുഷ് ഇടപെട്ടു. ആരാണ് ഞാൻ മാനസിക പിരിമുറുക്കത്തിലൂടെ കടന്ന് പോയെന്ന് പറഞ്ഞത് എന്നായി ധനുഷിന്റെ മറുചോദ്യം. എന്നാൽ ഇന്റർവ്യൂവർ വിഷയം വിടാൻ തയ്യാറായില്ല.
സുചി ലീക്ക്സിലൂടെ പുറത്ത് വന്ന വീഡിയോയെക്കുറിച്ച് ഇവർ ചോദിച്ചു. നിങ്ങളുടെ കുടുംബജീവിതം അപകടത്തിലായോ എന്ന് കൂടി ചോദിച്ചതോടെ ധനുഷ് പ്രകോപിതനായി. ഈ അഭിമുഖം വിഡ്ഢിത്തരമാണെന്ന് പറഞ്ഞ് മൈക്ക് വലിച്ചൂരി നടൻ ഇറങ്ങിപ്പോയി. അന്ന് ഈ ദൃശ്യങ്ങൾ വലിയ തോതിൽ വൈറലായി. റിപ്പോർട്ടുകൾ പ്രകാരം അന്ന് നടൻ ഈ വിവാദങ്ങൾക്ക് മറുപടി നൽകിയിട്ടുണ്ട്. താനങ്ങനെ പ്രതികരിക്കരുതായിരുന്നു, പൊതുവെ താൻ ശാന്തനാണ്. സിനിമയുമായി ബന്ധപ്പെട്ട തിരക്കിലായതിനാൽ ഉറക്കം ലഭിച്ചിരുന്നില്ലെന്നും ധനുഷ് വ്യക്തമാക്കി.
സുചിത്ര ഉന്നയിച്ച ആരോപണങ്ങൾ സത്യമാണോ എന്നതിൽ ഇന്നും വ്യക്തതയില്ല. സുചിത്രയുടെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതാണെന്ന വാദം ഒരുഘട്ടത്തിൽ ഉയർന്നു. സുചിത്ര മാനസികമായി ചില ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ടെന്നും ആരോപണം കാര്യമാക്കരുതെന്നും ഗായികയുടെ അന്നത്തെ ഭർത്താവ് കാർത്തിക് കുമാർ പിന്നീട് വ്യക്തമാക്കി.
വിവാദങ്ങളെ മൗനമായി അവഗണിച്ച ധനുഷ് ഇന്ന് കരിയറിലെ മികച്ച സമയത്താണുള്ളത്. അതേസമയം കഴിഞ്ഞ വർഷം നടൻ വിവാഹമോചിതനായി. 17 വർഷം നീണ്ട വിവാഹബന്ധമാണ് ധനുഷും ഐശ്വര്യ രജിനികാന്തും അവസാനിപ്പിച്ചത്. നടൻ രജിനികാന്തിന്റെ മകളാണ് സംവിധായികയായ ഐശ്വര്യ രജിനികാന്ത്.


Click it and Unblock the Notifications