'രജിനികാന്ത് സിംപിൾ ആണെന്ന് കരുതുന്നവർ മകളെ കാണണം'; ഭാര്യയെക്കുറിച്ച് ധനുഷ് പറഞ്ഞത്
തമിഴ് സിനിമാ ലോകത്തെ ജനപ്രിയ താരദമ്പതികളായിരുന്നു ധനുഷും ഐശ്വര്യ രജിനികാന്തും. സിനിമാ പാരമ്പര്യമുള്ള കുടുംബത്തിൽ നിന്നുള്ള രണ്ട് പേരും കരിയറിൽ തങ്ങളുടേതായ വ്യക്തി മുദ്ര പതിപ്പിച്ചവരാണ്. 2004 ൽ ആണ് ഐശ്വര്യയും ധനുഷും വിവാഹം കഴിച്ചത്.
എന്നാൽ 18 വർഷത്തെ വിവാഹ ജീവിതത്തിനാെടുവിൽ തങ്ങൾ വേർപിരിയുകയാണെന്ന് ഈ വർഷം ആദ്യം രണ്ട് പേരും വ്യക്തമാക്കിയിരുന്നു. പുതിയ റിപ്പോർട്ടുകൾ പ്രകാരം അസ്വാരസ്യങ്ങൾ മാറ്റി ധനുഷും ഐശ്വര്യയും വീണ്ടും ഒരുമിച്ച് ജീവിക്കാൻ പോവുകയാണ്. എന്നാൽ ഔദ്യോഗികമായി താരങ്ങൾ അറിയിച്ചിട്ടില്ല.

ഐശ്വര്യയുടെ പിതാവായ നടൻ രജിനികാന്തിന്റെ വീട്ടിൽ നടന്ന ചർച്ചകൾക്കൊടുവിലാണ് ഒരുമിച്ച് പോവാൻ താരങ്ങൾ തീരുമാനിച്ചതെന്നാണ് സൂചന. നേരത്തെ പല തവണ പ്രശ്നം പരിഹരിക്കാൻ ഇടപെട്ടത് രജിനികാന്ത് ആയിരുന്നു. ലിംഗ രാജ, യാത്ര രാജ എന്നീ രണ്ട് കുട്ടികൾ ഐശ്വര്യക്കും ധനുഷിനും ഉണ്ട്. ഇവരുടെ ഭാവി കൂടി പരിഗണിച്ചാണ് വീണ്ടും ഒന്നിക്കാനുള്ള ശ്രമങ്ങളെന്നും റിപ്പോർട്ടുകൾ ഉണ്ട്. ഫിലിം മേക്കറായ കസ്തൂരി രാജയുടെ മകനാണ് ധനുഷ്.

കസ്തൂരി രാജയും രജിനികാന്തും നേരത്തെ തന്നെ സുഹൃത്തുക്കളാണ്. കുടുംബ സുഹൃത്തുക്കളായുള്ള പരിചയത്തിന് ശേഷമാണ് ഐശ്വര്യയും ധനുഷും വിവാഹം കഴിച്ചത്. ധനുഷിന്റെ 23ാം വയസ്സിലാണ് വിവാഹം കഴിക്കുന്നത്. ധനുഷിനെക്കാൾ രണ്ട് വയസ് കൂടുതൽ ആയിരുന്നു ഐശ്വര്യക്ക്. ധനുഷിന്റെ കരിയറിന് വലിയ പിന്തുണയാണ് ഐശ്വര്യ നൽകിയിരുന്നത്.

വേർപിരിയലും വീണ്ടും ഒന്നിക്കലുമെല്ലാം വാർത്ത ആയിരിക്കെ ഇപ്പോഴിതാ ഐശ്വര്യയെക്കുറിച്ച് ധനുഷ് മുമ്പ് പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. ഐശ്വര്യ വളരെ സിംപിൾ ആയ വ്യക്തിയാണെന്നാണ് ധനുഷ് അഭിപ്രായപ്പെട്ടത്.
'എനിക്ക് അവളുടെ ലാളിത്യം ഇഷ്ടമാണ്. അവളുടെ അച്ഛൻ സിംപിൾ ആണെന്ന് നിങ്ങൾ കരുതുന്നുണ്ടെങ്കിൽ ഐശ്വര്യയെ പരിചയപ്പെടണം. അച്ഛനേക്കാൾ 100 ഇരട്ടി സിംപിൾ ആണ് അവൾ. എല്ലാവരെയും ഒരേപോലെ കാണുന്നു. ആരുമായും പെട്ടെന്ന് സൗഹൃദത്തിലുമാവും. അവൾ സങ്കീർണതകൾ ഉള്ളയാളുമാണ്. എന്റെ മക്കൾക്ക് അവൾ നല്ല അമ്മയാണ്. അവരെ വളരെ നല്ല രീതിയിൽ വളർത്തുന്നു,' ധനുഷ് മുമ്പൊരിക്കൽ അഭിമുഖത്തിൽ പറഞ്ഞതിങ്ങനെ

ധനുഷ് കുടുംബ ജീവിതത്തിന് സമയം കൊടുക്കാതെ കരിയറിൽ മാത്രം ശ്രദ്ധിച്ചതാണ് പ്രശ്നങ്ങൾക്ക് കാരണമായതെന്നാണ് സൂചന. കരിയറിൽ തിരക്കേറിയ ധനുഷ് സിനിമാഭിനയവും നിർമാണവും എല്ലാമായി മുഴുവൻ സമയവും ചെലവഴിച്ചതാണത്രെ ഐശ്വര്യയെ ചൊടിപ്പിച്ചത്. വിവാഹ ബന്ധം പിരിയുന്നെന്ന് പ്രഖ്യാപിച്ച സമയത്ത് എന്താണ് കാരണമെന്ന് ധനുഷും ഐശ്വര്യയും വ്യക്തമാക്കിയിരുന്നില്ല.
കാതൽ കൊണ്ടെയ്ൻ എന്ന സിനിമയുടെ സ്ക്രീനിംഗിനിടെ ആണ് ഐശ്വര്യയും ധനുഷും കൂടുതൽ പരിചയപ്പെടുന്നത്. സിനിമയിലെ പ്രകടനത്തിന് ധനുഷിനെ ഐശ്വര്യ അഭിനന്ദിക്കുകയും ഇരുവരും സുഹൃത്തുക്കളാവുകയും ചെയ്തു. ധനുഷിന്റെ സഹോദരിയുടെ അടുത്ത സുഹൃത്തായിരുന്നു ഐശ്വര്യ.


Click it and Unblock the Notifications