ജയലളിത ആഗ്രഹിച്ചാൽ ആഗ്രഹിച്ചതാണ്; ജമുനയുമായി സെറ്റിലുണ്ടായ തർക്കം മൂലം ഷൂട്ടിംഗ് നിർത്തി; കുട്ടി പത്മിനി
സിനിമകളിൽ അഭിനയിച്ചിരുന്ന കാലത്തെ ജയലളിതയുടെ ഓർമ്മകൾ പങ്കുവെക്കുകയാണ് കുട്ടി പത്മിനി.
തമിഴ്നാടിന് ഒരുകാലത്തും മറക്കാനാവാത്ത മുഖമാണ് ജയലളിതയുടേത്. അന്നും ഇന്നും ജയലളിതയുടെ ജീവിതവും അവർ തമിഴ്നാടിന് വേണ്ടി ചെയ്ത കാര്യങ്ങളും ചർച്ചയാവുന്നു. സിനിമാ കരിയർ ഉപേക്ഷിച്ചാണ് ജയലളിത രാഷ്ട്രീയത്തിലേക്ക് കടക്കുന്നത്. സിനിമകളിൽ താരമൂല്യം ഇടിഞ്ഞ് തുടങ്ങിയതോടെ ജയലളിത രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുകയായിരുന്നു. സിനിമയിലും രാഷ്ട്രീയത്തിലും എംജിആറിന്റെ പിന്തുണ ജയലളിതയ്ക്കുണ്ടായിരുന്നു. എംജിആറിന്റെ ഹിറ്റ് ഓൺസ്ക്രീൻ ജോഡി ജയലളിതയായിരുന്നു.

ഇരുവരും നിരവധി സിനിമകളിൽ ഒരുമിച്ച് അഭിനയിച്ചു. ജയലളിതയും എംജിആറും തമ്മിലുണ്ടായിരുന്ന ബന്ധം അന്ന് ഏറെ ചർച്ചയായിരുന്നു. ഇപ്പോഴിതാ ജയലളിതയുടെ സിനിമാ കരിയറിനെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് നടി കുട്ടി പത്മിനി.
ജയലളിതയുടെ സിനിമകളിൽ ബാലതാരമായി ഇവർ അഭിനയിച്ചിട്ടുണ്ട്. ഇന്ത്യാ ഗ്ലിറ്റ്സിനോട് സംസാരിക്കുകയായിരുന്നു നടി. ജയലളിതയെന്നാൽ എനിക്ക് വിക്ടോറിയ രാഞ്ജിയെ പോലെയാണ്.
അത്രയും ബഹുമാന്യയായ വ്യക്തി. ജയലളിതയുടെ രണ്ടാമത്തെ സിനിമ മുതലാണ് പരിചയത്തിലായത്. അന്ന് ഞാൻ ചൈൽഡ് ആർട്ടിസ്റ്റാണ്. എനിക്ക് കഥകൾ പറഞ്ഞു തരുമായിരുന്നു.

ഇംഗ്ലീഷിൽ കേൾക്കുകയാണെങ്കിൽ കഥ പറഞ്ഞ് തരാമെന്ന് അക്ക പറയുമായിരുന്നു. എന്തെന്നാൽ ഞാൻ സ്കൂളിൽ പോവുന്നില്ലെന്ന് അവർക്ക് അറിയാമായിരുന്നു. വളരെ ഡിസിപ്ലിനുള്ള ആളായിരുന്നു ജയലളിതാക്ക.
ഒരു ആർട്ടിസ്റ്റ് ഷൂട്ടിന് വന്നില്ലെങ്കിൽ ഈ സ്ഥലത്ത് വെച്ച് ഈ ഷോട്ട് എടുത്ത് കൂടേയെന്ന് സഹ സംവിധായകനോട് ചോദിക്കും. ഞാൻ പറഞ്ഞതാണെന്ന് പറയേണ്ടെന്നും പറയും. സംവിധായകയുടെ മനസ് അവർക്കുണ്ടായിരുന്നു. അവർ റിഹേഴ്സലിന് പോവില്ലായിരുന്നു. പക്ഷെ ഒരു സിനിമയിലും അവർ റിഹേഴ്സൽ ചെയ്യുന്നത് കണ്ടിട്ടില്ലെന്നും കുട്ടിപത്മിനി ഓർത്തു.

അവർക്ക് ചോക്ലേറ്റ് വളരെ ഇഷ്ടമായിരുന്നു. എനിക്കും. അക്ക മുഖ്യമന്ത്രിയായ ശേഷം ഞാൻ ചെന്ന് കണ്ടപ്പോൾ എന്നെ വിളിച്ച് ചോക്ലേറ്റാണ് തന്ന്. അവരും ഞാനും ചിരിച്ചു. ഒരു തവണ അവർക്കും നടി ജമുനയ്ക്കും തമ്മിൽ വലിയ പ്രശ്നമുണ്ടായി.
ഒരു തെലുങ്ക് സിനിമയായിരുന്നു. ആ സിനിമയിൽ ഞാനില്ല, പക്ഷെ അടുത്തുള്ള സെറ്റിൽ ഞാനുമുണ്ട്. ജമുനയ്ക്ക് റിഹേഴ്സൽ വേണമായിരുന്നു. പക്ഷെ ജലളിതയ്ക്ക് റിഹേഴ്സൽ വേണ്ടെന്നും. അതെങ്ങനെ ശരിയാവും മറുവശത്തുള്ള ആർട്ടിസ്റ്റ് ഡയലോഗ് പറഞ്ഞാലല്ലേ എനിക്ക് എവിടെ നിർത്തണമെന്ന് അറിയൂയെന്ന് ജമുന. ജയലളിതയുള്ള പടത്തിൽ അഭിനയിക്കില്ലെന്ന് പറഞ്ഞ് ദേഷ്യപ്പെട്ട് പോയി.

സംവിധായകൻ വന്ന് ജയലളിതയോട് സംസാരിച്ചു. എനിക്കിത്തരം താരജാഡയൊന്നും അറിയില്ല. ഞാൻ സിനിമയ്ക്ക് കരാറൊപ്പു വെച്ചതാണ്. അഭിനയിക്കാൻ തയ്യാറാണ്. അവർ എപ്പോൾ വരുന്നോ അപ്പോൾ അഭിനയിക്കാമെന്ന് പറഞ്ഞ് ജയലളിത മേക്കപ്പ് റൂമിൽ പോയി.
പുറത്ത് വലിയ സംസാരമായി. അന്നത്തെ ഷൂട്ടിംഗ് പിൻവലിച്ചു. അതിന് ശേഷം എൻടി രാമറാവു വന്നു. അദ്ദേഹത്തിന് ഈ പടത്തിൽ രണ്ട് പേരും വേണമെന്നായിരുന്നു ആഗ്രഹം.

രണ്ട് പേരെയും സമാധാനിപ്പിച്ച് സീനെടുത്തു. പറയുന്നത് വീണ്ടും പറയുന്നത് ജയലളിതാക്കയ്ക്ക് ഇഷ്ടമായിരുന്നില്ല. ചില കാര്യങ്ങൾ ആഗ്രഹിച്ചാൽ ആഗ്രഹിച്ചതാണ്. അത് മാറ്റാൻ പറ്റില്ല. മത്സരിച്ചാൽ വിജയിക്കണമെന്ന ആഗ്രഹം അവർക്കുണ്ട്. അതിന് വേണ്ട എല്ലാ ശ്രമങ്ങളും അവർ നടത്തുമായിരുന്നെന്നും കുട്ടി പത്മിനി ഓർത്തു.


Click it and Unblock the Notifications











