പരിധിക്കപ്പുറമായി; ആദ്യ വിവാഹബന്ധത്തിൽ സംഭവിച്ചത്; കമൽ ഹാസൻ പറഞ്ഞ വാക്കുകൾ
പൊതുവെ ഗോസിപ്പ് കോളങ്ങളിൽ നടിമാർ ഇടം പിടിക്കുമെങ്കിലും ഇതിൽ നിന്ന് പരമാവധി മാറി നിൽക്കാൻ ശ്രമിക്കുന്നവരാണ് തെന്നിന്ത്യൻ സൂപ്പർതാരങ്ങൾ. എന്നാൽ ഓഫ് സ്ക്രീനിലെ തന്റെ പ്രതിച്ഛായയെക്കുറിച്ച് ഗൗനിക്കാതെ തുറന്ന ജീവിതം നയിക്കുന്ന വ്യക്തിയാണ് കമൽ ഹാസൻ. കരിയറിന്റെ തുടക്ക കാലം മുതൽ കമൽ ഹാസന്റെ സ്വകാര്യ ജീവിതം ചർച്ചയാവാറുണ്ട്. ഒന്നിലേറെ വിവാഹങ്ങൾ, വിവാഹമോചനങ്ങൾ, പ്രണയ ബന്ധങ്ങൾ തുടങ്ങിയവ ഇതിന് കാരണമാണ്. രണ്ട് തവണയാണ് കമൽ ഹാസൻ വിവാഹം ചെയ്തത്.
ക്ലാസിക്കൽ ഡാൻസർ വാണി ഗണപതിയായിരുന്നു കമലിന്റെ ആദ്യ ഭാര്യ. 1978 ലായിരുന്നു ഇവരുടെ വിവാഹം. പത്ത് വർഷം ഒരുമിച്ച് ജീവിച്ച ഇരുവരും പിന്നീട് പിരിഞ്ഞു. ഇതിന് ശേഷമാണ് നടി സരികയെ കമൽ വിവാഹം ചെയ്യുന്നത്. അന്ന് പുറത്ത് വന്ന വിവരപ്രകാരം വാണിയുമായുള്ള വിവാഹബന്ധം നിലനിൽക്കെയാണ് കമൽ സരികയുമായി അടുത്തത്. 1988 ൽ സരികയും കമലും വിവാഹിതരായി. വിവാഹത്തിന് മുമ്പേ തന്നെ സരിക ഗർഭിണിയായിരുന്നു.

വാണിയുമായുള്ള തന്റെ വിവാഹ ബന്ധം പിരിഞ്ഞതിനെക്കുറിച്ച് മുമ്പൊരിക്കൽ കമൽ ഹാസൻ സംസാരിച്ചിട്ടുണ്ട്. നടൻ പറഞ്ഞ വാക്കുകൾ വീണ്ടും ശ്രദ്ധ നേടുകയാണ്. ആദ്യ ബന്ധത്തിൽ താൻ സന്തുഷ്ടനായിരുന്നില്ലെന്ന് കമൽ അന്ന് തുറന്ന് പറഞ്ഞു. ബന്ധം നല്ല രീതിയിൽ പോയില്ല. പരിധിക്കപ്പുറമായപ്പോൾ വിവാഹജീവിതം കഠിനമായി. സന്തോഷവാനായിരിക്കാൻ ഞാൻ ആഗ്രഹിച്ചു.
ഒരു ഘട്ടത്തിൽ വിവാഹമെന്ന സങ്കൽപ്പത്തിലുള്ള വിശ്വാസം തനിക്ക് നഷ്ടപ്പെട്ടെന്നും കമൽ ഹാസൻ അന്ന് വ്യക്തമാക്കി. വേർപിരിയൽ കാലഘട്ടം വേദനിപ്പിച്ചിരുന്നെന്നും കമൽ തുറന്ന് പറഞ്ഞു. സിമി ഗരെവാളുമായുള്ള അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു കമലും സരികയും.

ലിവിംഗ് ടുഗെദറിൽ ആയിരുന്ന കാലത്ത് നേരിട്ട കുറ്റപ്പെടുത്തലുകളെക്കുറിച്ച് സരികയും അഭിമുഖത്തിൽ സംസാരിച്ചു. കമൽഹാസന്റെ വിവാഹേതര ബന്ധമെന്ന് പറഞ്ഞ് തന്നെ ആളുകൾ ആക്ഷേപിച്ചെന്നാണ് സരിക പറഞ്ഞത്. പ്രതിസന്ധികൾ നിറഞ്ഞ കാലത്ത് കമലുമായുള്ള ബന്ധം ശക്തിപ്പെട്ടു. ആളുകൾ പറയുന്നത് ഗൗനിച്ചില്ലെന്നും സരിക അന്ന് വ്യക്തമാക്കി.
ശ്രുതി ഹാസൻ, അക്ഷര ഹാസൻ എന്നീ രണ്ട് മക്കളാണ് കമലിനും സരികയ്ക്കും ജനിച്ചത്. എന്നാൽ ഈ വിവാഹബന്ധം പിന്നീട് വേർപിരിയലിൽ അവസാനിച്ചു. 2004 ലാണ് സരികയും കമലും പിരിയുന്നത്. പിന്നീട് നടി ഗൗതമിയുമായി ലിവിംഗ് ടുഗെദറിലായിരുന്നു കമൽ. എന്നാൽ 2016 ൽ ഈ ബന്ധവും അവസാനിച്ചു.
ഗൗതമിയുമായുള്ള വേർപിരിയൽ സമയത്ത് കമലിനെതിരെ ആരോപണങ്ങളും വന്നു. കമലിന്റെ സിനിമകളിൽ കോസ്റ്റ്യൂം ഡിസൈനറായി പ്രവർത്തിച്ചെങ്കിലും പ്രതിഫലം ലഭിച്ചില്ലെന്നായിരുന്നു ഗൗതമിയുടെ ആരോപണം. പാപനാശം എന്ന സിനിമയിലാണ് കമലും ഗൗതമിയും അവസാനമായി ഒരുമിച്ച് അഭിനയിച്ചത്. വ്യക്തിജീവിതത്തിലെ പ്രശ്നങ്ങളൊന്നും കരിയറിനെ ബാധിക്കാതിരിക്കാൻ കമൽഹാസൻ ശ്രദ്ധിക്കാറുണ്ട്. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ വിക്രം എന്ന സിനിമയുടെ വിജയത്തിളക്കത്തിലാണ് നടനിപ്പോഴും.
താരത്തിന്റെ ഒരുപിടി സിനിമകൾ അണിയറയിൽ ഒരുങ്ങുന്നുണ്ട്. നാഗ് അശ്വിൻ സംവിധാനം ചെയ്യുന്ന പ്രൊജക്ട് കെ എന്ന സിനിമയിൽ കമൽഹാസൻ വില്ലനായെത്തുന്നുണ്ട്. പ്രഭാസ് നായകനാവുന്ന സിനിമയിൽ ദീപിക പദുകോൺ, അമിതാഭ് ബച്ചൻ എന്നിവരും പ്രധാന വേഷത്തിലെത്തുന്നു. കരിയറിന്റെ തുടക്ക കാലത്ത് മലയാള സിനിമകളിൽ അഭിനയിച്ചിരുന്ന കമലിനെ താരമായ ശേഷം മലയാളത്തിൽ കണ്ടിട്ടില്ല. കമലിന്റെ മൂത്ത മകൾ ശ്രുതി ഹാസൻ ഇന്ന് മുൻനിര നായിക നടിയാണ്. തമിഴ്, തെലുങ്ക് സിനിമകളിലാണ് ശ്രുതി സജീവം.


Click it and Unblock the Notifications