രണ്ടാം വിവാഹമെങ്കിലും നിലനിൽക്കണമെന്ന് എനിക്ക് തോന്നി; ഒരുപാട് താഴ്ന്നു; പക്ഷെ...; കുട്ടി പത്മിനി
ബാലതാരമായി തെന്നിന്ത്യൻ സിനിമാ രംഗത്ത് തിളങ്ങിയ നടിയാണ് കുട്ടി പത്മിനി. ജെമിനി ഗണേശൻ, എംജിആർ, ജയലളിത തുടങ്ങിയ പ്രമുഖരുടെ സിനിമകളിൽ ബാലതാരമായി അഭിനയിച്ച കുട്ടി പത്മിനി മുതിർന്നപ്പോൾ സിനിമകളിലേക്ക് പൂർണ ശ്രദ്ധ നൽകിയില്ല. നിർമാണ രംഗത്തേക്കും കുട്ടി പത്മിനി കടന്ന് വന്നു. ഇതിനിടെ നടിയുടെ വ്യക്തി ജീവിതത്തിൽ പല പ്രതിസന്ധികളും നേരിട്ടു. രണ്ട് വിവാഹങ്ങളാണ് കുട്ടി പത്മിനിയുടെ ജീവിതത്തിൽ നടന്നത്. ആദ്യ വിവാഹബന്ധം പരാജയപ്പെട്ട ശേഷം പ്രഭു എന്നയാളെ വിവാഹം ചെയ്തു.
മൂന്ന് മക്കളാണ് കുട്ടി പത്മിനിക്ക് പിറന്നത്. രണ്ടാം വിവാഹബന്ധവും പിന്നീട് പിരിയുകയാണുണ്ടായത്. ഭർത്താവ് സെക്രട്ടറിയുമായി പ്രണയത്തിലായതോടെയാണ് താൻ വേർപിരിഞ്ഞതെന്ന് നേരത്തെ കുട്ടി പത്മിനി തുറന്ന് പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ രണ്ടാം വിവാഹബന്ധത്തിൽ സംഭവിച്ചതിനെക്കുറിച്ച് കുട്ടി പത്മിനി പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. മുമ്പൊരിക്കൽ ഒരു തമിഴ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് നടി മനസ് തുറന്നത്.

രണ്ടാമത്തെ വിവാഹം തകർന്നപ്പോൾ താൻ വളരെ വിഷമിച്ചെന്ന് കുട്ടി പത്മിനി പറയുന്നു. രണ്ടാം വിവാഹ ജീവിതമെങ്കിലും നന്നായി നടക്കണമെന്ന് കരുതി ഞാൻ ഒരുപാട് വിട്ടുകാെടുത്തു. പൊതുവെ ഞാനങ്ങനെ വിട്ടുകൊടുക്കുന്ന ആളല്ല. അമ്മ അങ്ങനെയാണ് എന്നെ വളർത്തിയത്. പക്ഷെ വിവാഹജീവിതത്തിൽ താഴ്ന്ന് കൊടുത്തു.
രാവിലെയും ഉച്ചയ്ക്കുമെല്ലാം ഭക്ഷണമുണ്ടാക്കുന്നതിന് പുറമെ രാത്രി വീണ്ടും ഭക്ഷണമുണ്ടാക്കും. രാത്രി ഒരു മണിക്കൊക്കെ എണീറ്റ് ഭക്ഷണം ചൂടാക്കി കൊടുക്കും. അദ്ദേഹം ഭക്ഷണം കഴിക്കുന്നത് വരെ ഞാനും കഴിക്കാതിരിക്കും. പക്ഷെ ഇത്രയൊക്കെ ചെയ്തിട്ടും ബന്ധം പരാജയപ്പെട്ടെന്ന് കുട്ടി പത്മിനി വ്യക്തമാക്കി. ഒരു സ്ത്രീക്കും തന്റെ ഭർത്താവിനെ മറ്റൊരാൾക്ക് വിട്ട് കൊടുക്കാൻ ബുദ്ധിമുട്ടാണ്. വേറെന്തും വിട്ട് കൊടുക്കും. പക്ഷെ പുരുഷനെ പങ്കിടുന്നത് താങ്ങാൻ പറ്റാത്ത വേദനയാണ്.

കുട്ടികൾ എനിക്ക് പിന്തുണ തന്നു. ആ സമയത്താണ് ഞാൻ സ്പിരിച്വൽ പാതയിൽ പോകുന്നത്. അതുകൊണ്ടാണ് സിനിമയിൽ വീണ്ടും അഭിനയിക്കാൻ പറ്റാഞ്ഞത്. ഗ്ലാമറായി ഡ്രസ് ചെയ്താൽ കംഫർട്ടബിൾ അല്ല. ആ സമയത്ത് റേപ് സീനുകൾ നിറയെ ഉണ്ടാകും. പക്ഷെ എനിക്കതൊന്നും ഇഷ്ടമല്ല. മകളെ വെച്ച് സമ്പാദിക്കണമെന്ന് തോന്നാത്ത അമ്മയുണ്ടായതിനാലാണ് അത്തരം സിനിമകൾ ചെയ്യാതെ രക്ഷപ്പെട്ടത്. കുഴപ്പമില്ല, നിനക്ക് എന്താണോ ഇഷ്ടം അത് ചെയ്യെന്നാണ് അമ്മ പറഞ്ഞതെന്നും കുട്ടി പത്മിനി വ്യക്തമാക്കി.
ഭർത്താവിന് വേണ്ടി സ്വയം വേദനിപ്പിക്കുന്നത് ശരിയല്ലെന്നും കുട്ടി പത്മിനി അഭിപ്രായപ്പെട്ടു. പ്രഭുവിനെ പ്രണയിക്കുന്ന കാലത്ത് അദ്ദേഹം തെറ്റ് ചെയ്താൽ ഞാൻ സ്വന്തം കൈയിൽ മുറിവേൽപ്പിക്കുമായിരുന്നു. ഞാൻ സ്വയം വേദനിച്ചാൽ ഭർത്താവിന്റെ മനസ് വേദനിക്കുമെന്ന് കരുതി. പക്ഷെ ആരും അങ്ങനെ ചെയ്യരുത്. ഇന്ന് തിരിഞ്ഞ് നോക്കുമ്പോൾ അയ്യയ്യോ ഇയാളെയാണോ ഞാൻ പ്രേമിച്ചതെന്ന് തോന്നിപ്പോയി.
തിരിച്ച് വന്ന് കാലിൽ വീണാലും തനിക്ക് അടുത്ത് പോലും പോകാൻ പറ്റില്ല. താൻ ഒരുപാട് മാറിയെന്നും കുട്ടി പത്മിനി വ്യക്തമാക്കി. യൂട്യൂബ് ചാനലിലൂടെ സിനിമാ ലോകത്തെ പഴയ ഓർമ്മകൾ കുട്ടി പത്മിനി ഇപ്പോൾ പങ്കുവെക്കാറുണ്ട്. തമിഴകത്തെ നിരവധി താരങ്ങളുമായി അടുത്ത സൗഹൃദം കുട്ടി പത്മിനിക്കുണ്ട്.


Click it and Unblock the Notifications