മേക്കപ്പ് അഴിക്കാൻ ഒന്നരമണിക്കൂർ; ഐശ്വര്യ റായിയെ മേക്കപ്പില്ലാതെ കണ്ടപ്പോൾ; രജിനികാന്തിന്റെ വാക്കുകൾ
ഇന്ത്യൻ ജനതയെ സംബന്ധിച്ച് ഐശ്വര്യ റായ് സൗന്ദര്യത്തിന്റെ അവസാന വാക്കാണ്. അത്ഭുതത്തോടെയാണ് ഐശ്വര്യ റായിയെ ഇന്നും പ്രേക്ഷകർ കാണുന്നത്. ലോക സുന്ദരി പട്ടം ചൂടിയ ഒരുപിടി താരങ്ങൾ ഇന്ത്യയിലുണ്ടെങ്കിലും ഇവരുടെയൊന്നും ഭംഗി ഇത്രമാത്രം ചർച്ചയായിട്ടില്ല. നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം പൊന്നിയിൻ സെൽവൻ എന്ന സിനിമയിലൂടെ അഭിനയ രംഗത്തേക്ക് തിരിച്ച് വന്നപ്പോൾ തന്റെ സ്ക്രീൻ പ്രസൻസിന് ഒരു കോട്ടവും വന്നിട്ടില്ലെന്ന് ഐശ്വര്യ തെളിയിച്ചു.
ഐശ്വര്യയുടെ ജ്വലിക്കുന്ന സൗന്ദര്യമാണ് പൊന്നിയിൻ സെൽവനിൽ പ്രേക്ഷകർ കണ്ട്. സിനിമാ രംഗത്തെയും ഫാഷൻ ലോകത്തെയും പ്രമുഖർ ഐശ്വര്യയെക്കുറിച്ച് പലപ്പോഴും സംസാരിച്ചിട്ടുണ്ട്. ഐശ്വര്യയെക്കുറിച്ച് നടൻ രജിനികാന്ത് മുമ്പൊരിക്കൽ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. യന്തിരൻ എന്ന സിനിമയുടെ ഓഡിയോ ലോഞ്ചിൽ സംസാരിക്കവെയാണ് ഐശ്വര്യയെ പ്രശംസിച്ച് രജിനികാന്ത് സംസാരിച്ചത്.

സൗന്ദര്യവും വിവേകവും ഒത്തുചേർന്ന നടിയാണ് ഐശ്വര്യ റായ്. അവർ ഒരു സാധാരണ കലാകാരിയല്ല. എത്രയോ ലോകസുന്ദരികൾ വന്നു. ഇനിയും വരാനും പോകുന്നു. പക്ഷെ ഐശ്വര്യ റായിയെ പോലൊരു ലോകസുന്ദരിയെ നമ്മുടെ തലമുറയിൽ കാണാൻ പറ്റില്ല. അഴക് എന്നത് കാണുമ്പോൾ മാത്രമുള്ളതല്ല. നടക്കുമ്പോഴും നീന്തുമ്പോഴുമെല്ലാം എപ്പോഴും അഴകോടെയിരിക്കണം. അതാണ് ഐശ്വര്യ റായ്.
ഈ സിനിമയിൽ തീരെ മേക്കപ്പില്ലാതെ ഒരു സീനുണ്ട്. മേക്കപ്പില്ലാതെയാണ് അവൾ കൂടുതൽ സുന്ദരി. പക്ഷെ മേക്കപ്പൊഴിവാക്കി ഡീഗ്ലാമറൈസ് ചെയ്യാൻ ഒന്നര മണിക്കൂറാണ് ഐശ്വര്യ എടുത്തത്. അവൾ കഥക് ഡാൻസറാണ്. എനിക്ക് ഡാൻസ് അറിയില്ല. എന്നാൽ താൻ ഡാൻസ് ചെയ്യുമ്പോൾ ഐശ്വര്യ നല്ല രീതിയിൽ സഹകരിച്ചെന്നും രജിനികാന്ത് ഓർത്തു.

2010 ൽ പുറത്തിറങ്ങിയ യന്തിരൻ സിനിമാ ലോകത്ത് ബോക്സ് ഓഫീസ് റെക്കോഡ് സൃഷ്ടിച്ചു. ശങ്കറാണ് സിനിമ സംവിധാനം ചെയ്തത്. രജിനികാന്തിന്റെ നായികയായി ഐശ്വര്യ റായ് ആദ്യമായി അഭിനയിച്ച സിനിമയായിരുന്നു യന്തിരൻ. ഐശ്വര്യയുടെ കഥാപാത്രത്തിന് വലിയ പ്രാധാന്യം യന്തിരനിൽ ഉണ്ടായിരുന്നു. നേരത്തെ ചന്ദ്രമുഖി, ശിവാജി എന്നീ രജിനികാന്ത് സിനിമകളിലേക്ക് ഐശ്വര്യയെ നായികയായി പരിഗണിച്ചിരുന്നു.
എന്നാൽ ഐശ്വര്യ ഈ സിനിമകൾ ചെയ്തില്ല. സിനിമകൾ തെരഞ്ഞെടുക്കുന്നതിൽ ഐശ്വര്യ എപ്പോഴും ശ്രദ്ധാലുവാണ്. തമിഴിൽ ഐശ്വര്യ ചെയ്ത ഭൂരിഭാഗം സിനിമകളും ഹിറ്റാണ്. തിരക്ക് പിടിച്ച് സിനിമകൾ ചെയ്യാൻ താരം താൽപര്യപ്പെടുന്നില്ല. പൊന്നിയിൻ സെൽവന് ശേഷം മറ്റൊരു സിനിമയിലും നടി ഇതുവരെ ഒപ്പുവെച്ചിട്ടില്ല. ബോളിവുഡ് സിനിമകളിൽ ഐശ്വര്യയെ കണ്ടിട്ട് വർഷങ്ങളായി. 2018 ൽ പുറത്തിറങ്ങിയ ഫന്നി ഖാൻ ആണ് ഐശ്വര്യ അവസാനമായി അഭിനയിച്ച ബോളിവുഡ് ചിത്രം.
സിനിമ കാര്യമായി ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. സിനിമാ രംഗത്ത് സജീവമല്ലെങ്കിലും ഫാഷൻ വേദികളിൽ ഐശ്വര്യ സാന്നിധ്യം അറിയിക്കുന്നു. കാൻ ഫിലിം ഫെസ്റ്റിവൽ, പാരീസ് ഫാഷൻ വീക്ക് എന്നീ വേദികളിലാണ് ഐശ്വര്യയെ അടുത്തിടെ ആരാധകർ കണ്ടത്. ഐശ്വര്യ റായ് കോസ്മെറ്റിക് സർജറികൾ ചെയ്തെന്നും മുഖത്ത് മാറ്റം വന്നെന്നും അടുത്തിടെ സോഷ്യൽ മീഡിയയിൽ സംസാരമുണ്ടായി. എന്നാൽ താരം ഇതിനൊന്നും മറുപടി നൽകിയിട്ടില്ല.
പൊതുവെ സോഷ്യൽ മീഡിയയിലെ വിമർശനങ്ങളോട് ഐശ്വര്യ പ്രതികരിക്കാറില്ല. സോഷ്യൽ മീഡിയയിൽ താരം സജീവവും അല്ല. കരിയറിലെ തിരക്കുകൾ കഴിഞ്ഞാൽ കുടുംബ ജീവിതത്തിലേക്കാണ് ഐശ്വര്യ ശ്രദ്ധ കൊടുക്കുന്നത്. ഐശ്വര്യ മകളെ നോക്കുന്നത് കൊണ്ടാണ് തനിക്ക് സിനിമകളിലേക്ക് ശ്രദ്ധ നൽകാൻ കഴിയുന്നതെന്ന് ഭർത്താവ് അഭിഷേക് ബച്ചൻ അടുത്തിടെ പറയുകയുണ്ടായി.


Click it and Unblock the Notifications