റോജയുടെ ബന്ധുക്കൾ ലൊക്കേഷനിൽ കാവൽ; വലഞ്ഞ് പോയ സംവിധായകൻ പിന്നീട് ഭർത്താവായപ്പോൾ
90 കളിൽ തെന്നിന്ത്യൻ സിനിമാ രംഗത്ത് തരംഗം സൃഷ്ടിച്ച നടിയാണ് റോജ. ആന്ധ്രപ്രദേശുകാരിയായ റോജ തെലുങ്കിലെ പോലെ തമിഴിലും നിരവധി സിനിമകൾ ചെയ്തു. ഗംഗോത്രി, മലയാശ മാമന് വണക്കം തുടങ്ങിയ മലയാളം സിനിമകളിൽ റോജ അഭിനയിച്ചിട്ടുണ്ട്. 2002 വരെയാണ് റോജ കരിയറിൽ സജീവമായിരുന്നത്. സജീവ രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയ റോജ ഇന്ന് ആന്ധ്ര രാഷ്ട്രീയത്തിലെ പ്രമുഖ സാന്നിധ്യമാണ്.
റോജയുടെ ജീവിതത്തെക്കുറിച്ചും കരിയർ ഗ്രാഫിനെക്കുറിച്ചും സംസാരിക്കുകയാണ് തമിഴ് ഫിലിം ജേർണലിസ്റ്റ് ചെയ്യാറു ബാലു. 1992 ൽ ചെമ്പരത്തി എന്ന ചിത്രത്തിലൂടെയാണ് നടി തമിഴ് സിനിമാ രംഗത്തേക്ക് വരുന്നത്. ഈ സിനിമയിൽ അഭിനയിക്കാൻ നടിയുടെ കുടുംബം ആദ്യം സമ്മതിച്ചിരുന്നില്ലെന്ന് ചെയ്യാറു ബാലു പറയുന്നു. ചെമ്പരത്തിയിലേക്ക് നായികയായി നിരവധി പേരെ നോക്കിയെങ്കിലും സംവിധായകൻ ആർകെ സെൽവമണിക്ക് ആരെയും ഇഷ്ടപ്പെട്ടില്ല.

ഇതിനിടെ ഇദ്ദേഹം ഒരു വീട്ടിൽ അതിഥിയായി പോയപ്പോൾ കല്യാണ ആൽബം നോക്കി. വളരെ നല്ല ഒരു പെൺകുട്ടിയെ ആൽബത്തിൽ കണ്ടു. ഇരുണ്ട നിറമുള്ള നല്ലമുഖം. ഈ പെൺകുട്ടിയെ നായികയാക്കാം എന്ന് സംവിധായകൻ തീരുമാനിച്ചു. റോജയായിരുന്നു അത്. പക്ഷെ റോജ സിനിമയിൽ അഭിനയിക്കുന്നതിന് കുടുംബത്തിന് എതിർപ്പായിരുന്നു. ഏറെ സംസാരിച്ചാണ് കുടുംബത്തെക്കൊണ്ട് സമ്മതിപ്പിച്ചത്.
ഷൂട്ടിംഗ് തുടങ്ങി. സിനിമാ സെറ്റിൽ റോജയുടെ ബന്ധുക്കൾ ഉണ്ടാകും. ഇത്തരത്തിലുള്ള കോസ്റ്റ്യൂമുകൾ പറ്റില്ലെന്ന് പറയും. ഒരുഘട്ടത്തിൽ സംവിധായകനും നീരസം തോന്നി. ഒടുവിൽ കാര്യങ്ങൾ മനസ്സിലാക്കിയ റോജ ബന്ധുക്കളോട് തിരിച്ച് പോകാൻ പറഞ്ഞു. അമ്മ മാത്രമേ പിന്നീട് നടിക്കൊപ്പം സെറ്റിൽ വന്നിട്ടുള്ളൂ. ചെമ്പരത്തി വൻ ഹിറ്റായി. ഇതോടെ റോജ പ്രശസ്തയായി. നമ്മുടെ നാട്ടിലെ പെൺകുട്ടിയെ അവർ കൊണ്ടാടുകയാണെന്ന് തെലുങ്ക് സിനിമാ ലോകത്ത് സംസാരം വന്നു.

തെലുങ്കിലെ സൂപ്പർതാരങ്ങൾക്കൊപ്പം റോജയ്ക്ക് നിരവധി അവസരങ്ങൾ ലഭിച്ചെന്നും ചെയ്യാറു ബാലു പറയുന്നു. ചെമ്പരത്തിയുടെ സംവിധായകൻ ആർകെ സെൽവമണിയെയാണ് റോജ വിവാഹം ചെയ്തത്. പ്രണയ വിവാഹമായിരുന്നു. ഇരുവർക്കും രണ്ട് മക്കളും പിറന്നു. സെൽവമണിയുമായുള്ള വിവാഹത്തെ ആദ്യം ബന്ധുക്കൾ എതിർത്തെന്നും ഇദ്ദേഹം പറയുന്നു.
സെൽവമണിയുമായുള്ള പ്രണയ വിവാഹത്തിന് കുടുംബം എതിരായിരുന്നു. സിനിമാക്കാരനുമായി വിവാഹം വേണ്ടെന്ന് കുടുംബം പറഞ്ഞു. റോജയുടെ സഹോദരൻമാരാണ് ശക്തമായി എതിർത്തത്. എന്നാൽ പിന്നീട് വിവാഹം നടന്നെന്നും ചെയ്യാറു ബാലു ചൂണ്ടിക്കാട്ടി. രാഷ്ട്രീയത്തിൽ റോജയ്ക്ക് വിജയം കൈവരിക്കാൻ സാധിച്ചതിനെക്കുറിച്ചും ചെയ്യാറു ബാലു സംസാരിച്ചു.
സിനിമാ നടിമാരിൽ ചിലർ ഒതുങ്ങിയ സ്വഭാവക്കാരായിരിക്കും. ചിലർ വളരെ ബോൾഡും. റോജ വളരെ ബോൾഡാണ്. രാധിക, രമ്യ കൃഷ്ണൻ തുടങ്ങിയവരും അങ്ങനെയാണ്. ഇത് രാഷ്ട്രീയത്തിന് ആവശ്യമാണെന്ന് ഫിലിം ജേർണലിസ്റ്റ് ചൂണ്ടിക്കാട്ടി. മീന, രമ്യ കൃഷ്ണൻ തുടങ്ങി 90 കളിലെ നായിക നടിമാരെല്ലാം റോജയുടെ സുഹൃത്തുക്കളാണ്. അടുത്തിടെ നടി മീനയെക്കുറിച്ച് പൊതുവേദിയിൽ റോജയുടെ ഭർത്താവ് സെൽവമണി പറഞ്ഞ വാക്കുകൾ ശ്രദ്ധ നേടിയിരുന്നു.
റോജയും മീനയും അടുത്ത കൂട്ടുകാരാണ്. മീനയുടെ ഭർത്താവ് മരിച്ചപ്പോൾ റോജ ഏറെ സങ്കടപ്പെട്ടെന്നും സെൽവമണി അന്ന് തുറന്ന് പറഞ്ഞു. മീനയ്ക്ക് ഇങ്ങനെയൊരു അവസ്ഥ വരരുതായിരുന്നു എന്ന് പറഞ്ഞാണ് റോജ കാറിൽ വെച്ച് കരഞ്ഞത്. അമ്മ മരിച്ചപ്പോൾ പോലും റോജ ഇങ്ങനെ കരയുന്നത് താൻ കണ്ടിട്ടില്ലെന്നും സെൽവമണി വ്യക്തമാക്കി.


Click it and Unblock the Notifications











