കുട്ടികൾക്ക് കൊടുക്കുന്ന വെള്ളം പോലും ചെക്ക് ചെയ്യും; ഞാൻ നേരിൽ കാണുന്നതാണ്; മരുമകളെക്കുറിച്ച് ശോഭ
തമിഴകത്തിന്റെ സൂപ്പർസ്റ്റാറായ വിജയെക്കുറിച്ചുള്ള വിശേഷങ്ങൾ അറിയാൻ പ്രേക്ഷകർക്ക് എപ്പോഴും താൽപര്യമുണ്ട്. സ്വകാര്യ ജീവിതത്തെക്കുറിച്ച് എവിടെയും തുറന്ന് സംസാരിക്കാത്ത താരമാണ് വിജയ്. ഗോസിപ്പുകൾ തുടരെ വന്നപ്പോഴും ഇതേക്കുറിച്ച് പ്രതികരിക്കാൻ വിജയ് തയ്യാറായിട്ടില്ല. വിജയും ഭാര്യ സംഗീതയും വേർപിരിയുന്നെന്ന് കഴിഞ്ഞ കുറേ മാസങ്ങളായി തുടരുന്ന അഭ്യൂഹമാണ്. എന്നാൽ ഇതേക്കുറിച്ച് ഒരിക്കൽ പോലും വിജയ് പ്രതികരിച്ചില്ല.
ഭർത്താവ് സൂപ്പർസ്റ്റാർ ആണെങ്കിലും ലൈം ലൈറ്റിൽ നിന്ന് പരമാവധി മാറി നിൽക്കാൻ ആഗ്രഹിക്കുന്ന ഭാര്യയാണ് സംഗീത. വാരിസ് എന്ന വിജയ് ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിൽ സംഗീത എത്താതിരുന്നതാണ് വിവാഹമോചന അഭ്യൂഹങ്ങൾക്ക് കാരണമായത്. പതിയെ ഈ ഗോസിപ്പ് കെട്ടടങ്ങി. 1999 ആഗസ്റ്റ് മാസത്തിലാണ് വിജയ് വിവാഹിതനായത്. ലണ്ടനിലെ സമ്പന്ന കുടുംബത്തിൽ ജനിച്ച് വളർന്നയാളാണ് സംഗീത. വിജയുടെ ആരാധികയായിരുന്ന സംഗീത നടനെ പരിചയപ്പെടുകയും പിന്നീട് ഇരുവരും പ്രണയത്തിലാവുകയുമായിരുന്നു.

സംഗീതയെക്കുറിച്ച് വിജയുടെ അമ്മ ശോഭ ചന്ദ്രശേഖർ മുമ്പൊരിക്കൽ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. വീട്ടമ്മയായി കഴിയാനാഗ്രഹിക്കുന്ന ഭാര്യയാണ് സംഗീതയെന്ന് ശോഭ ചന്ദ്രശേഖർ പറഞ്ഞു. ടിപ്പിക്കൽ ഹൗസ് വൈഫ് ആണ് സംഗീത. വളരെ ഭംഗിയും സ്നേഹവും ഉള്ളവൾ. കുട്ടികളെ അവളെ പോലെ മറ്റാർക്കെങ്കിലും വളർത്താൻ പറ്റുമോ എന്ന് എനിക്ക് സംശയമുണ്ട്. അത്രയും നന്നായി കുട്ടികളെ വളർത്തുന്നത് ഞാനെന്റെ കണ്ണ് കൊണ്ട് കാണുന്നതാണ്.
ജോലിക്കാരോട് മക്കൾക്ക് എന്തെങ്കിലും കൊടുക്കാൻ പറയില്ല. വെള്ളമോ ജ്യൂസോ ആയാൽ പോലും അത് ചെക്ക് ചെയ്ത് അവൾ തന്നെയാണ് കുട്ടികൾക്ക് കൊടുക്കുക. അത്തരം നിരവധി ഗുണങ്ങൾ എന്റെ മരുമകൾക്കുണ്ട്. അത് തനിക്കിഷ്ടമാണെന്നും ശോഭ ചന്ദ്രശേഖർ അന്ന് വ്യക്തമാക്കി. ദിവ്യ സാഷ, ജെയ്സൺ സഞ്ജയ് എന്നിവരാണ് വിജയുടെയും സംഗീതയുടെയും മക്കൾ. ജെയ്സൺ സഞ്ജയ് സംവിധാന രംഗത്തേക്ക് കടന്ന് വന്നിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് വിജയ് അമ്മയ്ക്കും അച്ഛനും ഒപ്പമിരിക്കുന്ന ഫോട്ടോ വൈറലായത്.

ഹൃദയ ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമിക്കുന്ന പിതാവ് എസ്എ ചന്ദ്രശേഖറിനെ കാണാനെത്തിയതായിരുന്നു വിജയ്. വിജയും പിതാവും തമ്മിൽ ഏറെ നാളായി അകൽച്ചയിലാണെന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നിട്ടുണ്ട്. അസ്വാരസ്യങ്ങൾ മാറ്റി വെച്ച് അച്ഛനെ കാണാൻ നടൻ എത്തുകയായിരുന്നെന്നാണ് സൂചന.
വിജയുമായി ബന്ധപ്പെട്ട കാര്യങ്ങളിലൊന്നും ഇപ്പോൾ പിതാവിനെ പേര് കേൾക്കാറില്ല. രാഷ്ട്രീയ പ്രവേശന ചർച്ചകൾ കാര്യമായി നടത്തവെയും ഇതിന്റെ ഭാഗമായി എസ്എ ചന്ദ്രശേഖറിനെ കണ്ടില്ല. വിജയുടെ രാഷ്ട്രീയ പ്രവേശനം പിതാവ് ഏറെ ആഗ്രഹിച്ചതാണ്. വിജയ്നെ ഇന്നത്തെ സൂപ്പർസ്റ്റാറാക്കി മാറ്റിയതിൽ എസ്എ ചന്ദ്രശേഖർ വലിയ പങ്കുവഹിച്ചിട്ടുണ്ട്. എന്നാൽ പിൽക്കാലത്ത് ഇവർ അകന്നെന്നാണ് പുറത്ത് വന്ന റിപ്പോർട്ടുകൾ. എന്നാൽ അഭ്യൂഹങ്ങളുടെ മുനയൊടിച്ചിരിക്കുകയാണ് വിജയുടെ കുടുംബസമേതമുള്ള ഫോട്ടോ.
ജീവിതത്തിലെ നിർണായക ഘട്ടത്തിലാണ് വിജയ് ഇപ്പോഴുള്ളത്. താരം രാഷ്ട്രീയത്തിലേക്ക് ഇറങ്ങാനുള്ള ശ്രമങ്ങൾ ഊർജിതമാക്കിയിട്ടുണ്ട്. നടന്റെ രാഷ്ട്രീയ ഭാവി എങ്ങനെയാകുമെന്നതിൽ മിക്കവർക്കും ആകാംക്ഷയുണ്ട്. രാഷ്ട്രീയ പ്രവേശനം സംബന്ധിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനത്തിന് കാത്തിരിക്കുകയാണ് ആരാധകർ.
ലിയോയാണ് വിജയുടെ റിലീസിനെൊരുങ്ങുന്ന സിനിമ. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രം ഒക്ടോബർ മാസം പ്രേക്ഷകർക്ക് മുന്നിലെത്തും. ലോകേഷ് കനകരാജ്-വിജയ് കൂട്ടുകെട്ടിൽ വലിയ പ്രതീക്ഷയാണ് ആരാധകർക്കുള്ളത്. തൃഷയാണ് ചിത്രത്തിലെ നായിക. വൻ താരനിര സിനിമയിൽ അണിനിരക്കുന്നുണ്ട്.


Click it and Unblock the Notifications