വിവാഹമോചന വാർത്തകൾ ശക്തമാകുന്നു; മൗനത്തിൽ ജയം രവി; കാരണം വിജയുടെ വാക്കുകളോ; ആരാധകർ
നടൻ ജയം രവിയും ഭാര്യ ആരതി രവിയും വേർപിരിയുന്നു എന്ന അഭ്യൂഹം തമിഴകത്ത് വലിയ തോതിൽ ചർച്ചയായിക്കൊണ്ടിരിക്കുകയാണ്. ദമ്പതികളോ ഇവരുടെ അടുത്ത വൃത്തങ്ങളോ ഇതുവരെ ഇതേക്കുറിച്ച് പ്രതികരിച്ചിട്ടില്ല. എന്നാൽ ജയം രവി വിവാഹമോചിതനാകുന്ന എന്ന വാദം നാൾക്ക് നാൾ ശക്തിപ്പെട്ട് കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം ആരതി രവി ഇൻസ്റ്റഗ്രാമിൽ നിന്നും ജയം രവിക്കൊപ്പമുള്ള എല്ലാ ഫോട്ടോകളും നീക്കം ചെയ്തു. ഇതോടെയാണ് അഭ്യൂഹങ്ങൾക്ക് ആക്കം കൂടിയത്.
സോഷ്യൽ മീഡിയയിൽ സജീവമായ ആരതി രവി ഇടയ്ക്കിടെ ഭർത്താവിനൊപ്പമുള്ള ഫോട്ടോകൾ പങ്കുവെക്കാറുണ്ടായിരുന്നു. വർഷങ്ങളായി സിനിമാ രംഗത്ത് തുടരുന്ന നടനാണ് ജയം രവി. ചോക്ലേറ്റ് ഹീറോയായി തരംഗം സൃഷ്ടിച്ച കാലത്ത് പോലും ജയം രവിയെക്കുറിച്ച് അധികം ഗോസിപ്പുകൾ വന്നിട്ടില്ല. എന്താണ് ആരതിക്കും ജയം രവിക്കും ഇടയിൽ പ്രശ്നമായതെന്ന ചോദ്യം ആരാധകർക്കുണ്ട്. വെറുമൊരു ഗോസിപ്പ് മാത്രമായിരുന്നെങ്കിൽ ജയം രവിയോ ആരതി രവിയോ പ്രതികരിക്കേണ്ട സമയം കഴിഞ്ഞെന്നാണ് ചിലർ ഉന്നയിക്കുന്ന വാദം.

ഇതിനോടകം തമിഴ് യൂട്യൂബ് ചാനലുകളിൽ ജയം രവിയുടെ വിവാഹമോചനം എന്ന പേരിൽ നിരവധി കഥകൾ പ്രചരിക്കുന്നുണ്ട്. ഒരു നടിയുമായി ജയം രവി അടുത്തതാണ് പ്രശ്നങ്ങൾക്ക് കാരണം, വിവാഹമോചനം ആവശ്യപ്പെട്ടത് ജയം രവിയാണ് തുടങ്ങി പല കഥകളും പ്രചരിക്കുന്നു. ഇത്രയധികം ഗോസിപ്പുകൾ വന്നിട്ടും എന്തുകൊണ്ട് ജയം രവിയോ ആരതിയോ പ്രതികരിക്കുന്നില്ലെന്നാണ് ആരാധകരുടെ ചോദ്യം.
ഇതേക്കുറിച്ച് മറ്റൊരു വാദവും വരുന്നുണ്ട്. ഗോസിപ്പുകൾ രണ്ട് പേരും കാര്യമാക്കുന്നില്ലെന്നാണ് ഈ വാദം. ഇത്തരം അഭ്യൂഹങ്ങൾ താനേ കെട്ടടങ്ങുമെന്നായിരിക്കും ദമ്പതികൾ കരുതുന്നത്. ഇതാദ്യമായല്ല ഇല്ലാത്ത വിവാഹ മോചന വാർത്തകൾ തമിഴകത്ത് പ്രചരിക്കുന്നത്. നേരത്തെ നടൻ വിജയും സംഗീതയും വേർപിരിയുന്നെന്ന വാദം വന്നിരുന്നു. വിജയ്ക്കൊപ്പം പൊതുവേദികളിലൊന്നും ഭാര്യ സംഗീതയെ കാണാതായതോടെയാണ് അഭ്യൂഹങ്ങൾ പരന്നത്,

വിജയ് രാഷ്ട്രീയത്തിലേക്ക് സജീവമാകാനുള്ള ഒരുക്കത്തിനിടെയാണ് ഈ വാർത്ത പരന്നത്. പ്രതിച്ഛായയെ ബാധിച്ചേക്കാവുന്ന ഗോസിപ്പ് ആയിട്ടും വിജയ് ഇത് കാര്യമാക്കിയില്ല. തന്റെ ഈ രീതിയെക്കുറിച്ച് നടൻ സംസാരിച്ചു. സത്യസന്ധമല്ലാത്ത ഗോസിപ്പിനെ ഒരിക്കലും വിശദീകരിക്കാൻ ശ്രമിക്കരുത്. ശ്രമിക്കുന്തോറും അത് സത്യമായി മാറും, അല്ലെങ്കിൽ മാറ്റപ്പെടും എന്നാണ് വിജയ് പറഞ്ഞത്. വിജയുമായി സൗഹൃദമുള്ള നടനാണ് ജയം രവി.
വിജയുടെ അതേ നിലപാടാണ് ഗോസിപ്പുകളുടെ കാര്യത്തിൽ ജയം രവിയും ആരതി രവിയും സ്വീകരിക്കുന്നതെന്ന് ആരാധകരിൽ ഒരുപക്ഷം വാദിക്കുന്നു. സോഷ്യൽ മീഡിയയിൽ ഇതേക്കുറിച്ചുള്ള ചർച്ച സജീവമാണ്. 2009 ലാണ് ജയം രവിയും ആരതിയും വിവാഹിതരായത്. രണ്ട് ആൺമക്കളും ദമ്പതികൾക്കുണ്ട്. പ്രണയിച്ച് വിവാഹം ചെയ്തവരാണ് ജയം രവിയും ആരതിയും.
തമിഴ് ടെലിവിഷൻ രംഗത്തെ പ്രമുഖ നിർമാതാവായ സുജാതയുടെ മകളാണ് ആരതി. എഡിറ്ററും തിരക്കഥാകൃത്തും നിർമാതാവുമായി തമിഴകത്ത് സാന്നിധ്യമറിയിച്ച മോഹന്റെ മകനാണ് ജയം രവി. ജയം രവിയുടെ സഹോദരൻ മോഹൻരാജ പ്രമുഖ നിർമാതാവാണ്.


Click it and Unblock the Notifications