ഗൗതം മേനോനും സൂര്യയും ഇനിയൊരിക്കലും ഒന്നിക്കില്ലേ?
അജിത്തിനെ നായകനാക്കി സംവിധാനം ചെയ്ത എന്നൈ അറിന്താല്‍ എന്ന ചിത്രത്തെ കുറിച്ചുള്ള മികച്ച അഭിപ്രായങ്ങള്‍ കാത്തിരിക്കുകയാണ് ഗൗതം മേനോന്‍. സമ്മിശ്ര പ്രതികരണങ്ങളാണ് പല കോണില്‍ നിന്നും വന്നുകൊണ്ടിരിയ്ക്കുന്നത്. അടുത്തിടെ നല്‍കിയ അഭിമുഖത്തില്‍ ഗൗതം എന്നൈ അറിന്താല്‍ എന്ന ചിത്രത്തെ കുറിച്ചും സൂര്യയുമായുള്ള ബന്ധത്തെ കുറിച്ചും പറയുകയുണ്ടായി.
സൂര്യയും ഗൗതം മേനോനും ഒന്നിച്ചപ്പോള്‍ തമിഴകത്തിന് ലഭിച്ചത് മികച്ച രണ്ട് ചിത്രങ്ങളാണ്. കാക്ക കാക്കയും വാരണം ആയിരവും. ഇരു ചിത്രങ്ങളും, സംവിധായകന്‍ എന്ന നിലയില്‍ ഗൗതം മേനോനും നടന്‍ എന്ന നിലയില്‍ സൂര്യയ്ക്കും വലിയ നേട്ടമാണ് ഉണ്ടാക്കി കൊടുത്തത്. ഇരുവരും വീണ്ടും ധ്രുവനച്ചിത്തിരം എന്ന ചിത്രത്തിന് വേണ്ടി ഒന്നിക്കുന്നു എന്ന വാര്‍ത്ത അതുകൊണ്ട് തന്നെ പ്രേക്ഷകരില്‍ വലിയ പ്രതീക്ഷയുണ്ടാക്കിയിരുന്നു.

എന്നാല്‍ അപ്രതീക്ഷിതമായി വന്ന ചില കാരണങ്ങള്‍ ഈ ബന്ധത്തെ തന്നെ തകര്‍ത്തെറിഞ്ഞു. ഇനിയൊരിക്കലും ഗൗതമും സൂര്യയും ഒന്നിക്കില്ലേ എന്നായിരുന്നു ആരാധകര്‍ക്ക് അറിയേണ്ടത്. അതിന് ഒറ്റ വാക്കില്‍ ഗൗതം ഉത്തരം നല്‍കി. 'നോ'. തന്നെ മനസ്സിലാക്കാനുള്ള സാവകാശം സൂര്യക്കില്ലായിരുന്നു എന്നാണ് ഗൗതം പറയുന്നത്. ഇനിയൊരിക്കലും സൂര്യയ്‌ക്കൊപ്പം ഒരു സിനിമ ചെയ്യില്ലെന്നും ഗൗതം വ്യക്തമാക്കി.
എനിക്ക് സാമ്പത്തികമായി ഒരു കുറവും ഇപ്പോഴില്ല. പിന്നെ ഞാനെന്തിനാണ് എനിക്കെതിരെ അനാവശ്യ കേസുകളൊക്കെ കൊടുത്ത ഒരാള്‍ക്കൊപ്പം സിനിമ ചെയ്യുന്നതെന്നാണ് ഗൗതമിന്റെ ചോദ്യം. സൂര്യയെ നായകനാക്കി എനിക്കാ സിനിമ ചെയ്യണം എന്നത് ആഗ്രഹമായിരുന്നു. എനിക്കൊപ്പം നില്‍ക്കുന്നവരെയൊക്കെ നല്ല സുഹൃത്തായാണ് ഞാന്‍ കണ്ടിരുന്നത്. പക്ഷെ സൂര്യ അങ്ങനെ ആയിരുന്നില്ല - ഗൗതം പറഞ്ഞു.
ഭാവിയില്‍ ഇനിയാരെയൊക്കെ വച്ച് സിനിമ ചെയ്യാന്‍ ആഗ്രഹമുണ്ടെന്ന് ചോദിച്ചപ്പോള്‍ ഗൗതം മേനോന്‍ രജനികാന്തിന്റെയും അമിതാഭ് ബച്ചന്റെയും പേരു പറഞ്ഞു. കമല്‍ ഹസനൊപ്പം ഇനിയൊരു ചിത്രം ചെയ്യാന്‍ താത്പര്യമില്ലെന്നും ഗൗതം പറഞ്ഞു. പക്ഷെ അജിത്തിനൊപ്പം ഇനിയും ഇനിയും സിനിമകള്‍ ചെയ്യാന്‍ ആഗ്രഹമുണ്ടത്രെ.


Click it and Unblock the Notifications











