'അളവില്ലാത്ത സ്നേഹം'; കരീമാ ബീഗം നിന്ദ്ര കൊള്ളുന്നത് മകൻ തീർത്ത താജ് മഹലിന് സമാനമായ മാളികയിൽ!
സ്വത്തിന് വേണ്ടി മാതാപിതാക്കളെ അനാഥാലയങ്ങളില്‍ തള്ളുന്നതും തിരക്കേറിയ നഗരങ്ങളിലും ക്ഷേത്രനടകളിലും ഉപേക്ഷിക്കുന്നതുമായ മക്കളുടെ എണ്ണം ഇന്ത്യയിൽ വര്‍ധിച്ചുവരുന്നതായാണ് റിപ്പോർട്ടുകൾ പറയുന്നത്. അന്യായമായി സ്വത്തുക്കള്‍ എഴുതി വാങ്ങുന്ന മക്കള്‍ മാതാപിതാക്കളെ ക്രൂരമായി പീഡിപ്പിക്കുന്ന സംഭവങ്ങളും കുറവല്ല. അമ്മ എന്ന വിലമതിക്കാനാവാത്ത രണ്ടക്ഷരത്തെ നൊന്തുപെറ്റ് പോറ്റിവളര്‍ത്തിയ മക്കളില്‍ നിന്നും ജീവനാംശം ലഭിക്കുന്നതിന് കോടതി കയറിയിറങ്ങുന്ന വ്യവഹാരിയാക്കിയും ഒരു നേരത്തെ ആഹാരത്തിന് അന്യര്‍ക്ക് മുമ്പില്‍ കൈനീട്ടുന്ന തെരുവുതെണ്ടിയാക്കും ചില മക്കൾ ഈ ലോകത്ത് ജീവിക്കുന്നുണ്ട്.
അത്തരം കേസുകൾ നിരവധിയാണ് സോഷ്യൽമീഡിയ വഴിയും മാധ്യമങ്ങൾ വഴിയും നാം വായിക്കുന്നത്. എന്നാൽ തന്റെ അമ്മ തന്നെ വിട്ടുപോയിട്ടും അളവില്ലാത്ത സ്നേഹം കോരിചൊരിയുകയാണ് സംഗീത സംവിധായകനും മ്യൂസിക് മാസ്ട്രോയുമായ എ.ആർ റഹ്മാൻ.

എ.ആർ റഹ്മാൻ തൻ്റെ സംഗീതത്തിലൂടെയാണ് ലോകമെമ്പാടും പ്രശസ്തനായത്. സിനിമയിൽ ഇത്രയും ഉയരങ്ങളിൽ താരം എത്തിയതിൻ്റെ പ്രധാന കാരണങ്ങളിലൊന്ന് അമ്മ കരീമാ ബീഗമാണ്. എ.ആർ റഹ്മാന് അമ്മയെന്നാൽ ജീവനായിരുന്നു. 2022ലാണ് അസുഖ ബാധിതയായി കരീമ ബീഗം അന്തരിച്ചത്. ചെന്നൈയിലായിരുന്നു അന്ത്യം. 75 വയസായിരുന്നു മരിക്കുമ്പോൾ പ്രായം.
സംഗീത സംവിധായകൻ ആർ.കെ ശേഖറായിരുന്നു കരീമയുടെ ഭർത്താവ്. റഹ്മാനെ കൂടാതെ ഗായിക എ.ആർ റെയ്‌ഹാന, ഫാത്തിമ, ഇഷ്രത് എന്നിങ്ങനെ വേറെയും മൂന്ന് മക്കൾ കരീമയ്ക്കുണ്ട്. അമ്മയുടെ വേർപാട് സംഭവിച്ച് രണ്ട് വർഷം പിന്നിടുമ്പോൾ അമ്മയോടുള്ള സ്‌നേഹം പ്രകടിപ്പിക്കാൻ റഹ്മാൻ താജ്മഹലിനോട് സാമ്യമുള്ള ഒരു സ്മാരകം നിർമ്മിച്ചിരിക്കുകയാണ് എ.ആർ റഹ്മാൻ.
റെഡ്ഹിൽസ് എന്ന സ്ഥലത്താണ് താരം സ്മാരകം നിർമിച്ചിരിക്കുന്നത്. ചെന്നൈയിൽ സ്ഥിതി ചെയ്യുന്ന ഈ സ്മാരകം സന്ദർശിക്കാൻ അടുത്തിടെ എഴുത്തുകാരൻ നാഗുർ റൂമിയെ റഹ്മാൻ ക്ഷണിച്ചിരുന്നു. പ്രിയ സംഗീത സംവിധായകനൊപ്പം കരീമാ ബീഗത്തിന്റെ ഖബർ സന്ദർശിച്ച അനുഭവം കുറിപ്പായി അദ്ദേഹം സോഷ്യൽമീഡിയയിൽ പങ്കിടുകയും ചെയ്തു. അമ്പരപ്പോടെയാണ് നാഗുർ റൂമി ഖബർ സന്ദർശിച്ച അനുഭവം പങ്കുവെച്ചത്.
'കുറച്ച് മാസങ്ങൾക്ക് മുമ്പ് സംഗീതജ്ഞൻ എ.ആർ റഹ്മാൻ ദുബായിൽ നിന്ന് എന്നെ ഫോൺ ചെയ്തു. എൻ്റെ ഒരു വീഡിയോ കണ്ടുവെന്നും അത് ഇഷ്ടമായതിനാൽ എന്നെ കാണണമെന്നും ഇൻഷാ അല്ലാഹ് ചെന്നൈയിൽ വരുമ്പോൾ അറിയിക്കാമെന്നും പറഞ്ഞു. പക്ഷെ അത് പറഞ്ഞിട്ട് ഒരു വർഷത്തിലേറെയായി. അദ്ദേഹം അക്കാലത്തെല്ലാം വളരെ തിരക്കിലായിരുന്നു.'

'അതിനുശേഷം അദ്ദേഹം എനിക്ക് വിമാന ടിക്കറ്റ് അയച്ച് തന്നു. ഒരു ടിക്കറ്റിന് 30000 രൂപയാണ് വില. ഞാൻ അങ്ങനെ അദ്ദേഹത്തെ കാണാനായി പോയി. റഹ്മാനെ വീട്ടിൽ പോയി കണ്ടശേഷം ഞങ്ങൾ ഒരുമിച്ച് ഒരു വാനിൽ കയറി റെഡ്ഹിൽസിലേക്ക് പോയി. അവിടെയാണ് റഹ്മാൻ്റെ പ്രിയപ്പെട്ട അമ്മയെ അടക്കം ചെയ്ത സ്ഥലം. പക്ഷെ അവിടെ ചെന്നപ്പോൾ താജ്മഹലിൽ ചെന്ന പ്രതീതിയായിരുന്നു. അത്രയ്ക്ക് മനോഹരമായിരുന്നു ആ സ്ഥലം. അവിടെ വളരെ നന്നായി പരിപാലിക്കപ്പെട്ടിരുന്നു.'
'അവിടെ വെച്ച് ഞങ്ങൾ അദ്ദേഹത്തോടൊപ്പം കുറച്ച് ചിത്രങ്ങൾ എടുത്തു. അമ്മയുടെ ശവകുടീരം വളരെ വിശേഷപ്പെട്ട ഒരിടം പോലെയാണ് റഹ്മാൻ സൂക്ഷിക്കുന്നത്. ശവകുടീരത്തിന് സമീപത്തായി അമ്മയുടെ വലിയൊരു ഛായാചിത്രവും പതിപ്പിച്ചിരുന്നു. ഒരാൾ സമീപത്തിരുന്ന് ഖുർആൻ പാരായണം ചെയ്യുന്നുണ്ടായിരുന്നു.'
'ദൈവം റഹ്മാനെ കൂടുതൽ കൂടുതൽ ഉയർത്തും. കാരണം... അഹങ്കാരമില്ലാത്ത വളരെ ലളിത്യമുള്ള ഒരു മനുഷ്യനാണ് അദ്ദേഹം', എന്നാണ് എ.ആർ റഹ്മാന്റെ അമ്മയുടെ ശവകുടീരം സന്ദർശിച്ച് നാഗുർ റൂമി കുറിച്ചത്. നിരവധിപേരാണ് അമ്മയോടുള്ള റഹ്മാന്റെ അളവില്ലാത്ത സ്നേഹത്തെ പ്രശംസിച്ച് കമന്റുകൾ കുറിച്ചത്.


Click it and Unblock the Notifications