യോഗി ബാബു നായകനാവുന്നു ആക്ഷേപ ഹാസ്യ ചിത്രം "ധർമ്മ പ്രഭു"ജൂൺ 28- ന്
കോമഡി കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയ നടൻ യോഗി ബാബു നയകനായി എത്തുന്ന ധർമ്മ പ്രഭു തിയേറ്ററുകളിലേയ്ക്ക്. ജൂൺ 28 നാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്. യമ ലോകത്തെ പശ്ചാത്തലമാക്കിയുള്ള ആനുകാലിക ആക്ഷേപ ഹാസ്യ ചിത്രമാണിത്. യമധർമ്മ പുത്രനായിട്ടാണ് യോഗി ബാബു എത്തുന്നത്. രാധാ രവി യമനായും യമ പത്നിയായ രേഖയും രമേഷ് തിലക് ചിത്ര ഗുപ്തനേയും അവതരിപ്പിക്കുന്നുണ്ട്. മേഘ്ന നായിഡു യമലോക സുന്ദരിയായി പ്രത്യക്ഷപ്പെടുന്നു. ജനനി അയ്യർ, മൊട്ട രാജേന്ദ്രൻ എന്നിവരും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

യമധർമ്മ പുത്രൻ ഭൂലോക സന്ദർശനത്തിനെത്തുന്നതും, തുടർന്നുള്ള സംഭവങ്ങൾ യമധർമ്മ പുത്രന്റെ കാഴ്ചപ്പാടിലൂടെ വിവരിക്കുന്നതുമാണ് ചിത്രം. ശ്രീ വാരി പിക്ചേഴ്‌സിന്റെ ബാനറിൽ പീ. രംഗനാഥൻ നിർമ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് മുത്ത് കുമരനാണ്. മഹേഷ് മുത്തുസാമി ഛായാഗ്രഹണവും, ജസ്റ്റിൻ പ്രഭാകർ സംഗീത സംവിധാനവും നിർവഹിക്കുന്നു.
യോഗി ബാബുവിന്റെ അഭിനയ ജീവിതത്തിലെ വലിയ വഴിത്തിരിവായി തീരും 'ധർമ്മ പ്രഭു' എന്നാണ് പ്രതീക്ഷ. കുട്ടികളേയും മുതിർന്നവരെയും ഒരുപോലെ ആകർഷിക്കുന്ന ,ആദ്യന്തം നർമ്മ രസപ്രദമായ ഈ ചിത്രം '96' , 'എൻ ജീ കെ' മുതലായ ഹിറ്റ് സിനിമകൾ വിതരണം ചെയ്ത് ശ്രദ്ധേയരായ സ്റ്റ്റെയ്റ്റ് ലൈൻ സിനിമാസ് കേരളത്തിൽ റിലീസ് ചെയ്യും.


Click it and Unblock the Notifications











