ഭാര്യയെ കല്യാണം കഴിക്കണമെന്ന് നടനോട് ആരാധകൻ, താരത്തിന്റെ മറുപടി വൈറലാകുന്നു
ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ രാജ്യമെമ്പാടും ആരാധകരെ സൃഷ്ടിച്ച താരമാണ് ദീപിക കാക്കർ. മിനിസ്ക്രീൻ താരമായ ദീപിക ബിഗ് ബോസിൽ എത്തിയതോടെ ആരാധകരുടെ എണ്ണം വർധിക്കുകയായിരുന്നു. ഇന്ത്യൻ ക്രിക്കറ്റ് താരം ശ്രീശാന്തിനെ പിന്നിലാക്കിയാണ് ദീപിക ബിഗ് ബോസ് കിരീടം ചൂടിയത്. ഇരുവരും അടുത്ത സുഹൃത്തുക്കളുമാണ്.
വാർത്താ പ്രധാന്യം നേടിയ ഒരു വിവാഹമായിരുന്നു ദീപികയുടേയും നടൻ ഷോയിബ് ഇബ്രാഹിമിന്റേതും. ഏറെ നാളത്തെ പ്രണയത്തിനു ശേഷം 2018 ൽ ഇരുവരും വിവാഹിതരായത്. രണ്ട് വ്യത്യസ്ത മതവിഭാഗത്തിൽപ്പെട്ടവരായിരുന്നു ഇവർ. ദീപിക ഇസ്ലാം മതം സ്വീകരിച്ചതിന് ശേഷമാണ് ഷൊയിബിനെ വിവാഹം കഴിച്ചത്. അന്ന് ലവ് ജിഹാദ് എന്ന് ആരോപിച്ച് ഒരു കൂട്ടർ രംഗത്തെത്തിയിരുന്നു. എന്നാൽ അന്ന് നടി വിഷയത്തിൽ പ്രതികരിച്ചിരുന്നില്ല. എന്നാൽ പിന്നീട് വിമർശനങ്ങൾക്ക് മറുപടിയുമായി ദീപിക എത്തിയിരുന്നു. തന്റെ വ്യക്തിപരമായ കാര്യങ്ങളില്‍ ഇടപെടരുതെന്ന് ദീപിക അന്ന് പറഞ്ഞു. ഞങ്ങളുടെ വിശേഷങ്ങളെല്ലാം മീഡിയയ്ക്ക് മുന്നില്‍ പങ്കുവെക്കാറുണ്ട് എങ്കില്‍ കൂടിയും ചില കാര്യങ്ങള്‍ തികച്ചും വ്യക്തിപരമാണെന്നും ദീപിക വ്യക്തമാക്കി.

2011ൽ ഒരു ഷോയിൽ വെച്ചാണ് ദീപികയും ഷൊയിബും ആദ്യമായി കാണുന്നത്. ആദ്യം സൗഹൃദവും പിന്നീട് പ്രണയത്തിലാവുകയുമായിരുന്നു. 2018 ഫെബ്രുവരിയിലായിരുന്നു ഇരുവരും വിവാഹിതരാകുന്നത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ഷോയിബിനേട് ഒരു ആരാധകൻ പറഞ്ഞ വാക്കുകളാണ്. സ്വന്തം ഭാര്യയായ ദീപികയോട് തന്നെ വിവാഹം കഴിക്കണമെന്ന് പറയൂ എന്നാണ് ഒരു ആരാധകൻ ഷെയിബിനോട് പറഞ്ഞത്. ഇൻസ്റ്റഗ്രാം ക്യൂ/എ സെക്ഷനിലായിരുന്നു നടനോട് ആരാധകന്റെ വിവാഹാഭ്യർത്ഥന. ഇതിന് ഉഗ്രൻ മറുപടിയും നടൻ നൽകിയിട്ടുണ്ട്. ന്യൂയർദിനത്തിലായിരുന്നു താരങ്ങളുടെ രസകരമായ സംഭാഷണം.

ഭാര്യയെ വിവാഹമാലോചിച്ച ആരാധകനോട് ഷൊയിബിന്റെ മറുപടി ഇങ്ങനെയായിരുന്നു. സഹോദരാ... ഇപ്പോൾ അവൾ എന്റേതാണ്. അടുത്ത ജന്മം ഉണ്ടെങ്കിൽ എന്തെങ്കിലും നല്ല കാര്യം ചെയ്യുക. അപ്പോൾ നിങ്ങൾക്ക് ദീപികയെ പോലെയുള്ള ഒരാളെ ലഭിക്കും. കാരണം അവൾ അപ്പോഴും എന്റേതായിരിക്കും ഷൊയിബ് ആരാധകന് മറുപടിയായി കുറിച്ചു. നടന്റെ വാക്കുകൾ വൈറലായിട്ടുണ്ട്. ആശംസകൾ നേർന്ന് ആരാധകർ രംഗത്തെത്തിയിട്ടുണ്ട്.

മറ്റൊരു ആരാധകൻ 2021 ലെ പുതിയ തീരുമാനങ്ങളെ കുറിച്ചും ആഗ്രഹത്തെ കുറിച്ചും ചോദിച്ചിരിന്നു. ഞങ്ങളുടെ കുടുംബത്തിൽ ഇത്രയധികം സമാധാനവും സ്നേഹവും നൽകാൻ അല്ലാഹു ദയ കാണിച്ചു. ഇനിയും അത് തുടരണം എന്നാണ് തൻറെ ആഗ്രഹം. കൂടാതെ 2021 എല്ലാവർക്കും ഒരു നല്ലൊരു വർഷമായിരിക്കട്ട എന്നും അദ്ദേഹം ആശംസിച്ചു.

ഭാര്യ ദീപികയ്ക്ക് ഒപ്പമായിരുന്നു ഷൊയ്ബിന്റെ ന്യൂയർ ആഘോഷം. താരങ്ങൾ സോഷ്യൽ മീഡിയ പേജിൽ ചിത്രം പങ്കുവെയ്ക്കുകയും ചെയ്തിരുന്നു. എല്ലാവർക്കും നല്ലൊരു വർഷം നേരുന്നതിനോടൊപ്പം സന്തോഷത്തേടെ ഇരിക്കാനും സ്നേഹം പ്രചരിപ്പിക്കാനും താരം ഇൻസ്റ്റഗ്രാമിൽ കുറിച്ചു. പിങ്ക് നിറത്തിലുള്ള സൽവാർ ധരിച്ചായിരുന്നു ദീപിക ന്യൂയർ ആഘോഷത്തിനെത്തിയത്. എല്ലാവർക്കും പുതുവത്സരാശംസകൾ! ഈ വർഷം ആരോഗ്യവും സമൃദ്ധിയും ലഭിക്കട്ടെ !!! നടി ഇൻസ്റ്റാഗ്രാമിൽ കുറിച്ചു


Click it and Unblock the Notifications