'തുളസി മാല കഴുത്തിലണിഞ്ഞ് ചിന്നുവിനെ ചേർത്ത് പിടിച്ച് അർജുൻ സോമശേഖർ'; വിവാഹ ചിത്രങ്ങൾ വൈറൽ
അർജുൻ സോമശേഖർ മലയാളിക്ക് സുപരിചിതനാകുന്നത് സൗഭാഗ്യ വെങ്കിടേഷിന്റെ ഭർത്താവ് എന്ന പേരിലാണ്. ഇരുവരും പ്രണയത്തിലായപ്പോൾ മുതൽ സൗഭാഗ്യയുടെ ടിക്ക് ടോക്ക് വീഡിയോകളിലും റീൽസിലുമെല്ലാം അർജുനും പങ്കാളിയായിരുന്നു. സൗഭാഗ്യയുടെ അമ്മയായ താര കല്യാണിന്റെ ഡാൻസ് സ്കൂളിലെ വിദ്യാർഥിയായിരുന്നു അർജുൻ. സൗഭാഗ്യയുമായുള്ള വിവാഹശേഷമാണ് അർജുൻ അഭിനയത്തിലേക്ക് കടന്നത്. ആദ്യ മിനി സ്ക്രീൻ പ്രവേശനം ചക്കപ്പഴം എന്ന ഫ്ലവേഴ്സ് ടിവിയിലെ ഹാസ്യ പരമ്പരയിലൂടെയായിരുന്നു.
ശിവൻ എന്ന കഥാപാത്രത്തെയാണ് സീരിയലിൽ അർജുൻ അഭിനയിച്ചത്. സ്വഭാവികമായ അഭിനയശൈലിയും ഹാസ്യം അടക്കം മനോഹരമായി കൈകാര്യം ചെയ്യാനുള്ള കഴിവും കൊണ്ട് അർജുന്റെ ശിവൻ അതിവേഗത്തിൽ പ്രേക്ഷക ഹൃദയം കവർന്നു. ശിവൻ ശ്രദ്ധിക്കപ്പെട്ട് തുടങ്ങിയപ്പോഴാണ് പെട്ടന്ന് സീരിയലിൽ നിന്നും അർജുൻ പിന്മാറിയത്. വ്യക്തിപരമായ തിരക്കുകളും മറ്റുമാണ് സീരിയലിൽ നിന്നും വിട്ടുനിൽക്കാൻ കാരണമായത് എന്നാണ് അർജുൻ പിന്നീട് മാധ്യമങ്ങളോട് പറഞ്ഞത്. അടുത്തിടെ ഉരുളക്ക് ഉപ്പേരി എന്ന സീരിയലിലൂടെ വീണ്ടും അഭിനയത്തിൽ സജീവമായിരിക്കുകയാണ് അർജുൻ.

ശ്രീലത നമ്പൂതിരിയുൾപ്പടെ നിരവധി താരങ്ങളാണ് ഉരുളക്കുപ്പേരിക്കായി അണിനിരന്നിട്ടുള്ളത്. രാമനുണ്ണിയെന്നാണ് അർജുൻ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേരെങ്കിലും റാം എന്ന് വിളിച്ചാൽ മതി എന്നാണ് പറയുന്നത്. കുട്ടിക്കാലം മുതൽ സ്നേഹിക്കുന്ന ചിന്നുവിനെ വിവാഹം ചെയ്തിരിക്കുകയാണ് രാമനുണ്ണി ഇപ്പോൾ. ആർജെയായ അഞ്ജലിയാണ് ചിന്നുവെന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഇപ്പോൾ ഏറെ നാളായുള്ള ആഗ്രഹം പോലെ തന്നെ രാമനുണ്ണി ചിന്നുവിനെ വിവാഹം ചെയ്തിരിക്കുകയാണ്. ഇരുവരുടേയും വിവാഹ ചിത്രം അർജുനും അഞ്ജലിയും സോഷ്യൽമീഡിയയിൽ പങ്കുവെച്ചു. വരാനിരിക്കുന്ന എപ്പിസോഡുകളിൽ നിന്നുള്ളതാണ് ഇരുവരുടേയും വിവാഹ ചിത്രങ്ങൾ.

തുളസി മാല അണിഞ്ഞ് ചന്ദനകുറിതൊട്ട് ചിന്നുവിന്റെ കൈ പിടിച്ച് നിൽക്കുന്ന രാമനുണ്ണിയുടെ ചിത്രങ്ങൾ അതിവേഗത്തിലാണ് വൈറലായത്. തിരുവനന്തപുരം ശൈലിയിൽ തന്നെയാണ് അർജുൻ ഈ പരമ്പരയിലും സംസാരിക്കുന്നത്. ഈ സംസാരമാണ് അർജുന്റെ പ്രത്യേകത. എല്ലാവരോടും അങ്ങനെയാണ് താൻ സംസാരിക്കാറുള്ളതെന്ന് താരം മുമ്പ് പറഞ്ഞിരുന്നു. അർജുന്റെ വരവോടെ പരമ്പരയുടെ ലെവൽ മാറി. ചക്കപ്പഴത്തിലേക്ക് വന്നപ്പോൾ തുടക്കത്തിൽ ആശങ്കയുണ്ടായിരുന്നുവെന്നും അർജുൻ പറഞ്ഞിരുന്നു. ചുരുങ്ങിയ ദിവസം കൊണ്ട് തന്നെ ശിവൻ ആരാധകരുടെ സ്വന്തമായി മാറുകയായിരുന്നു. ചക്കപ്പഴത്തിലേക്ക് തിരികെ പോകണമെന്ന ആഗ്രഹം ഉണ്ടായിരുന്നുവെന്നും എന്നാൽ ഇനി അതിന് സാധിക്കില്ലെന്നുമാണ് മുമ്പ് അർജുൻ പറഞ്ഞത്. ചക്കപ്പഴത്തിന്റെ അതേ രീതിയൽ സഞ്ചരിക്കുന്ന പരമ്പയാണ് ഉരുളക്ക് ഉപ്പേരിയും.
Recommended Video

അർജുന്റേയും സൗഭാഗ്യയുടേയും ജീവിതത്തിലേക്ക് അടുത്തിടെയാണ് ഒരു പെൺകുഞ്ഞ് കൂടി എത്തിയത്. സുദർശന എന്നാണ് മകൾക്ക് നൽകിയ പേര്. കുഞ്ഞിന്റെ ഓരോ വിശേഷങ്ങളും താരദമ്പതികൾ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാറുണ്ട്. അടുത്തിടെ മകളുടെ നൂലുക്കെട്ട് ചടങ്ങിൽ നിന്നുള്ള ചിത്രങ്ങൾ പങ്കുവച്ചിരുന്നു സൗഭാഗ്യ. നവംബർ 29 നാണ് സൗഭാഗ്യയ്ക്ക് സുദർശന ജനിച്ചത്. അടുത്തിടെയാണ് കുടുംബത്തിലെ നാല് തലമുറകൾക്കാപ്പമുള്ള ഫോട്ടോഷൂട്ടിൻറെ വിശേഷം സൗഭാഗ്യ പങ്കുവെച്ചത്. അമ്മ താരാ കല്യാണിനും മുത്തശ്ശി സുബ്ബലക്ഷ്മിയമ്മയ്ക്കും ഒപ്പമുള്ള സൗഭാഗ്യയുടെയും മകളുടേയും കിടിലൻ ഫോട്ടോകളാണ് പുറത്തുവന്നത്. ഫോട്ടോഷൂട്ടിനായി തയ്യാറാകുന്നത് മുതൽ ചിത്രങ്ങൾ പകർത്തുന്നതും അടക്കമുള്ള വീഡിയോ യൂട്യൂബിലൂടെ താരം പങ്കുവച്ചിരുന്നു. തൻറെ ഗർഭകാല വിശേഷങ്ങളെല്ലാം സൗഭാഗ്യ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചിരുന്നു. സന്തോഷവതിയായി ആശുപത്രിക്കുള്ളിൽ നൃത്തം ചെയ്ത തൻറെ വീഡിയോയും ചിത്രങ്ങളും പ്രസവത്തിന് മണിക്കൂറുകൾ മുമ്പേ സൗഭാഗ്യ പോസ്റ്റ് ചെയ്തിരുന്നു.


Click it and Unblock the Notifications