നിനക്കോ മക്കൾക്കോ ഇങ്ങനൊരു അവസ്ഥ വരാതിരിക്കട്ടെ, നെഗറ്റീവ് പബ്ലിസിറ്റിയാണ് ഉദ്ദേശിക്കുന്നതെന്ന് മനസിലായി!
റീലുകളിലൂടെയും ബിഗ് ബോസ് മലയാളം സീസൺ ഏഴിലൂടെയും മലയാളികൾക്ക് സുപരിചിതനായ സോഷ്യൽമീഡിയ ഇൻഫ്ലൂവൻസറാണ് അഭിലാഷ്. ടിക് ടോക്കിലൂടെ സോഷ്യൽ മീഡിയയിൽ ചുവടുവെച്ച അഭിലാഷിന് ഇന്ന് യുട്യൂബിൽ പത്ത് ലക്ഷത്തിന് മുകളിൽ സബ്സ്ക്രൈബേഴ്സുണ്ട്. ഡാൻസ്, അഭിനയം, ക്രിക്കറ്റ് എന്നിവയോടാണ് അഭിലാഷിന് താൽപര്യം ഏറെയും. കാലിന് സ്വാധീനം ഇല്ലെങ്കിലും അതിനെ ഒരു കുറവായി കാണാതെ മികച്ച രീതിയിൽ ഡാൻസ് അവതരിപ്പിച്ച് മുന്നേറിയ അഭിലാഷ് ഏറെ കയ്യടികൾ നേടിയിരുന്നു.
ഇപ്പോഴിതാ അഭിലാഷ് പങ്കുവെച്ച പുതിയ വീഡിയോയാണ് വൈറലാകുന്നത്. ഭിന്നശേഷിക്കാരായ ആളുകളെ പരിഹസിച്ച് അബൂബക്കർ റാഷിദ് എന്നയാൾ ചെയ്ത റീൽ വീഡിയോകൾക്ക് എതിരെയാണ് അഭിലാഷിന്റെ വീഡിയോ.

തന്നെപ്പോലുള്ള ആളുകളുടെ ഫീലിങ്സിനെ പരിഗണിക്കാത്ത രീതിയിലായിരുന്നു റാഷിദിന്റെ വീഡിയോകളെന്ന് അഭിലാഷ് പറയുന്നു. ഒന്നിലധികം വീഡിയോകൾ ഇത്തരത്തിലുണ്ടെന്നും അഭിലാഷ് പറഞ്ഞു. വിഷമത്തോടെയും ദേഷ്യത്തോടെയും ചെയ്യുന്ന വീഡിയോയാണ്. ഞാൻ ബിഗ് ബോസിൽ പോകുന്നതിന് മുമ്പ് സീരിയൽ നടി അമൃത കാലും കയ്യും വയ്യാത്ത എന്നെപോലുള്ള ആളുകളെ വിമർശിച്ച് വീഡിയോ ചെയ്തിരുന്നു.
ആ വീഡിയോ എടുത്ത് വെച്ച് ഞാൻ അന്ന് പ്രതികരിച്ചിരുന്നു. എനിക്ക് ഒരു സുഹൃത്തുണ്ട്. അവന് കയ്യില്ല. അതിനാൽ അമൃത ചെയ്ത വീഡിയോ അവനെ വിഷമിപ്പിച്ചു. അങ്ങനെയാണ് ഞാൻ പ്രതികരിച്ചത്. പക്ഷെ അന്ന് ആ വീഡിയോയ്ക്ക് വന്നത് എന്നെപോലുള്ളവരെ വിമർശിച്ചുള്ള കമന്റുകളായിരുന്നു. വീഡിയോയെ ആ രീതിയിൽ കണ്ടാൽ പോരെ എന്നൊക്കെയായിരുന്നു കമന്റുകൾ.
ഞങ്ങൾക്കുണ്ടാകുന്ന ഫീലിങ്സിനെ പരിഗണിക്കാത്ത രീതിയിലായിരുന്നു കമന്റുകൾ. കഴിഞ്ഞ ദിവസം ഒരു കുട്ടി മറ്റൊരാൾ ചെയ്ത ഒരു വീഡിയോ കൂടി അയച്ച് തന്നു. അതിലും കാലുവയ്യാത്ത ആൾക്കാരെ പരിഹസിക്കുന്ന രീതിയിലായിരുന്നു കോണ്ടന്റ്. അതിൽ അഭിനയിച്ച അവനെ ഞാൻ ഒന്നും പറയുന്നില്ല. അവന് ജന്മം നൽകിയവരോടാണ് എനിക്ക് പറയാനുള്ളത്.
മക്കൾക്ക് നല്ലത് പറഞ്ഞ് കൊടുക്കേണ്ടത് മാതാപിതാക്കളാണ്. കയ്യോ കാലോ വയ്യാത്തതോ ചെവി കേൾക്കാത്തതോ ആയ ഒരു വ്യക്തി ഇവന്റെ ഈ വീഡിയോ കാണുമ്പോൾ എത്രത്തോളം വിഷമിക്കും എന്നത് ചിന്തിക്കണമായിരുന്നു. ഒരു വീഡിയോയിൽ മാത്രമല്ല കാല് വയ്യാത്തവരേയും മറ്റും പരിഹസിച്ച് വേറെയും വീഡിയോ ഇവൻ ചെയ്തിട്ടുണ്ട്. അങ്ങനെയാണ് അവൻ റീച്ചുണ്ടാക്കുന്നത്. അവന് നെഗറ്റീവ് പബ്ലിസിറ്റിയാണ് വേണ്ടതെന്ന് എനിക്ക് മനസിലായി.

വീഡിയോയ്ക്ക് വന്ന കമന്റ്സുകൾ അവനെ വിമർശിച്ചുകൊണ്ടാണ്. അവൻ ചിലപ്പോൾ അതിലും ഹാപ്പിയായിരിക്കും. ഈ ചെയ്തതിനെല്ലാം അവന് കിട്ടും... നാളെ അവന് ജനിക്കാൻ പോകുന്ന കൊച്ചിന് കാലിനോ കൈയ്ക്കോ കണ്ണിനോ ചെവിക്കോ പ്രശ്നം വരുമ്പോൾ അവന് ഞങ്ങളുടെ വേദന മനസിലാകും. അതുവരെ അവന് ഇത് മനസിലാവില്ല.
പണ്ട് സിനിമകളിൽ ഭിന്നശേഷിയുള്ളവരെ വെച്ച് കോമഡി സൃഷ്ടിക്കുമായിരുന്നു. ഇപ്പോൾ അതില്ല. കാരണം അതിന് എതിരെ നിയമമുണ്ട്. പരാതിപ്പെടാനും കേസ് ഫയൽ ചെയ്യാനും കഴിയും. ഇവന് എതിരേയും കേസ് കൊടുക്കാം. പക്ഷെ എനിക്ക് അതിനുള്ള സമയം ഇല്ല. നാളെ നിനക്കും ഇതുപോലൊരു അവസ്ഥ ഉണ്ടാകാതിരിക്കട്ടെ. ഒരു ആകിസഡന്റ് ഉണ്ടായാൻ മതിയല്ലോ.
നിനക്ക് ജനിക്കാൻ പോകുന്ന പിള്ളേർക്ക് ഇങ്ങനൊരു അവസ്ഥ വരാതിരിക്കാൻ പ്രാർത്ഥിക്കുന്നു എന്നായിരുന്നു അഭിലാഷിന്റെ വാക്കുകൾ. ജനിച്ചപ്പോഴെ കാലിന് പ്രശ്നം ഉണ്ടായിരുന്ന ആളാണ് അഭിലാഷ്. ഇതിന്റെ പേരിൽ സ്കൂൾ കാലഘട്ടത്തിലെല്ലാം ഒരുപാട് പരിഹാസങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്. അഭിലാഷിന്റെ കുറവുകളൊന്നും നോക്കാതെ ഒപ്പം കൂടിയ ആളാണ് ഭാര്യ ശ്രീക്കുട്ടി. ഇപ്പോൾ ഇരുവരും ആദ്യത്തെ കൺമണിക്കായുള്ള കാത്തിരിപ്പിലാണ്.


Click it and Unblock the Notifications











