അബ്കാരിയാവണമെന്ന ആഗ്രഹം ഉള്ളിലുണ്ടായിരുന്നു, ഇന്ന് എന്റെ കടയിൽ പല ഫ്ലേവറിലുള്ള കള്ള് കിട്ടും; അഭിരാമി സുരേഷ്!
സിനിമയില്‍ സജീവമായി നില്‍ക്കുമ്പോള്‍ തന്നെ മറ്റ് മേഖലകളില്‍ കഴിവ് തെളിയിച്ച താരങ്ങള്‍ നിരവധി മലയാള സിനിമയിലുണ്ട്. ചിലര്‍ തങ്ങളുടെ ഭാഗ്യം പരീക്ഷിക്കാൻ തെരഞ്ഞെടുത്ത മേഖല ഹോട്ടല്‍ ബിസിനസിലാണ്. അക്കൂട്ടത്തിൽ ഒരാളാണ് അമൃത സുരേഷിന്റെ സഹോദരി അഭിരാമി സുരേഷ്. ഗായിക, അഭിനേത്രി എന്നീ ടാഗുകൾ മാത്രമല്ല സംരംഭക എന്ന ടാഗും അഭിരാമി സുരേഷിന് ഇപ്പോഴുണ്ട്. കൊച്ചി പനങ്ങാട് സ്ഥിതി ചെയ്യുന്ന കഫെ ഉട്ടോപ്പിയ സെലിബ്രിറ്റീസിനും പ്രിയപ്പെട്ട ഫുഡ് സ്പോട്ടാണ്.
പല മേഖലകളിൽ കൈവെച്ച ശേഷമാണ് അഭിരാമി ഹോട്ടൽ ബിസിനസിലേക്ക് ഇറങ്ങിയത്. മൂന്നര വർഷമായി വൻ വിജയമായി പോകുന്ന തന്റെ സ്ഥാപനത്തെ കുറിച്ചും അവിടേക്ക് എത്താനുണ്ടായ കാരണവും രഞ്ജിനി ഹരിദാസിന് നൽകിയ അഭിമുഖത്തിൽ അഭിരാമി വെളിപ്പെടുത്തി.

ഹോട്ടലുടമയാവുക എന്നത് മാത്രമല്ല ഇനിയും തനിക്ക് ഏറെ സ്വപ്നങ്ങളുണ്ടെന്നും അതെല്ലാം നടക്കണമെന്ന് ആഗ്രഹിക്കുന്നതിനാൽ വെളിപ്പെടുത്തുന്നില്ലെന്നും താരം പറയുന്നു. ജീവിതം കുഴപ്പമൊന്നുമില്ല. എവിടെയോ നിന്ന് എങ്ങോട്ടൊക്കയോ പോയികൊണ്ടിരിക്കുന്നു. ആദ്യമൊക്കെ എനിക്ക് അഭിനയമോഹമായിരുന്നു. അങ്ങനെ കുറേ അഭിനയിച്ചു.
പിന്നെ ആങ്കറിങും മോഡലിങും എല്ലാമായിരുന്നു ആഗ്രഹം ഞാൻ അതൊക്കെ ചെയ്തു. കുറച്ച് കാലം കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് പഠിച്ചു. ഇതിനെല്ലാം ശേഷം ബിഗ് ബോസിലേക്ക് പോയി. ചെയ്യുന്നത് എന്ത് തന്നെയായാലും അത് പൂർത്തിയാക്കാനുള്ള കഴിവ് എന്റെ സ്വഭാവത്തിന് ഇല്ല. ക്ഷമയുമില്ല. വലിയ സ്വപ്നങ്ങളിൽ പലതും നടക്കുമോയെന്ന് പോലും ഉറപ്പില്ലാത്തവയായിരുന്നു. ഹോട്ടൽ ബിസിനസ് നടത്തുക എന്നത് എന്റെ ആഗ്രഹമായിരുന്നു.
മാത്രമല്ല ഒരു അബ്കാരിയാവണമെന്ന് ഞാൻ ഇടയ്ക്കിടെ പറയുമായിരുന്നു. ഇപ്പോൾ എന്റെ കടയിൽ കള്ളുണ്ട്. പനങ്ങാടാണ് എന്റെ കഫേ ഉട്ടോപിയ സ്ഥിതി ചെയ്യുന്നത്. എവിടുന്നൊക്കയോ തുടങ്ങി ഇപ്പോൾ അബ്കാരിയിൽ വന്ന് നിൽക്കുകയാണ്. അബ്കാരിയെന്ന് വിളിക്കാമോയെന്ന് എനിക്ക് അറിയില്ല. പല ഫ്ലേവറിലുള്ള കള്ളുകൾ ലഭിക്കും. മുന്തിരികള്ള്, നെല്ലിക്ക കാന്താരി കള്ള് തുടങ്ങിയവയെല്ലാമുണ്ട്. അതിൽ കൂടുതൽ പരീക്ഷണങ്ങൾ നടത്താനുള്ള ശ്രമത്തിലാണ്.
അരൂരിൽ നിന്നും പാലക്കാട് നിന്നുമാണ് കള്ള് കൊണ്ടുവരുന്നത്. ഫ്രഷ് കള്ള് മാത്രമെ വിൽക്കാറുള്ളു. ഇപ്പോൾ ബിസിനസ് നന്നായി പോകുന്നുണ്ട്. കള്ള് മാത്രമല്ല നല്ല ടേസ്റ്റി ഫുഡും ലഭ്യമാണ്. മൂന്നര വർഷമായി കഫേ ഉട്ടോപിയ ആരംഭിച്ചിട്ട്. ഹോട്ടൽ ഉടമ ആയതോടെ എന്റെ ഒരു സൈഡ് സെറ്റായിയെന്ന് പറയാം.

മറു വശത്ത് എന്താണെന്ന് ഞാൻ ഇനി കണ്ടെത്തണം. ഇനിയും എന്തൊക്കയോ എനിക്ക് കിട്ടാനുണ്ടെന്ന ഫീലുണ്ട്. യൂണിവേഴ്സ് എന്തൊക്കയോ എനിക്ക് തരുന്നുണ്ട്. ചിലതൊക്കെ ഞാൻ എടുത്തു. ഇനിയും ബാക്കിയുണ്ടെന്ന് കരുതുന്നു എന്നും അഭിരാമി പറഞ്ഞു. വിവിധയിനം ഭക്ഷണ പരീക്ഷണങ്ങൾക്ക് കൂടി വേദിയാണ് അഭിരാമിയുടെ ഉട്ടോപ്പിയ.
പല ഡിഷുകൾക്കും രസകരമായ പേരുകളുമുണ്ട്. അച്ഛൻ സുരേഷ് ഉണ്ടായിരുന്ന കാലത്ത് അദ്ദേഹത്തിന്റെ അനുഗ്രഹത്തോടെ ആരംഭിച്ച ഇടമാണ് അഭിരാമിയുടെ കഫെ ഉട്ടോപ്പിയ. പാചകത്തോടും നല്ല ഭക്ഷണങ്ങൾ ആസ്വദിക്കുന്നതിനോടും താൽപര്യമുള്ളയാൾ കൂടിയാണ് അഭിരാമി. ഈ തിരക്കുകൾക്കെല്ലാം ഇടയിൽ ചേച്ചിക്കൊപ്പം അമൃതംഗമയ ബാന്റുമായി സ്റ്റേജ് ഷോകളുമായും സജീവമാണ്.
ബാലതാരമായാണ് അഭിരാമി ലൈം ലൈറ്റിലേക്ക് എത്തുന്നത്. ഇന്നും ഹലോ കുട്ടിച്ചാത്തനിലെ കൊച്ചുപെൺകുട്ടിയായാണ് മലയാളികൾ അഭിരാമിയെ ഓർക്കുന്നത്. ആദ്യ സിനിമ കേരളോത്സവമായിരുന്നു. പിന്നീട് ഗുലുമാൽ, ബിവേർ ഓഫ് ഡോഗ്സ്, 100 ഡെയ്സ് ഓഫ് ലവ് തുടങ്ങിയ സിനിമകളിൽ ശ്രദ്ധേയ വേഷം ചെയ്തു. അഭിനയമോഹം കൊണ്ടുനടന്ന കാലത്ത് ബോഡി ഷെയ്മിങ് നേരിട്ടതിനെ കുറിച്ചെല്ലാം താരം മുമ്പ് തുറന്ന് പറഞ്ഞിട്ടുണ്ട്.


Click it and Unblock the Notifications

















