ലഹരിക്ക് അടിമയായ വ്യക്തിക്കൊപ്പം മൂന്ന് വർഷം, കേരളം വിട്ട് എവിടേക്കെങ്കിലും പോയാലോയെന്ന് ചിന്തിച്ചു; നിഹാൽ
സിന്തറ്റിക്ക് ഡ്രഗുകളുടെ അടക്കം ഉപയോഗം ദിനംപ്രതി കേരളത്തിൽ വർധിച്ച് വരുന്ന സാഹചര്യമാണിപ്പോൾ. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പുറത്ത് വരുന്ന വാർത്തകൾ പരിശോധിച്ചാൽ സിനിമ മേഖലയിലുള്ള ആളുകളിലും ലഹരി ഉപയോഗം വർധിക്കുന്നതായി കാണാൻ കഴിയും. ഇപ്പോഴിതാ നടനും യുട്യൂബറും ട്രാവലറുമെല്ലാമായ നിഹാൽ പിള്ള തന്റെ ജീവിതത്തിലുണ്ടായ അനുഭവങ്ങൾ പുതിയ വീഡിയോയിലൂടെ പങ്കുവെച്ചിരിക്കുന്നു.
മൂന്ന് വർഷത്തോളം ലഹരിക്ക് അടിമയായ വ്യക്തിക്ക് ഒപ്പം ജീവിക്കേണ്ട സാഹചര്യം ഉണ്ടായിട്ടുള്ളതായി നിഹാൽ പറയുന്നു. ഇപ്പോൾ ഈ വീഡിയോ ചെയ്തില്ലെങ്കിൽ വിഷയത്തിന് പ്രസക്തി ഇല്ലാതായി പോകും. കേരളം പോലെ നൂറ് ശതമാനം സാക്ഷരതയുള്ള സംസ്ഥാനത്ത് ലഹരി ഉപയോഗം വ്യാപകമാണെന്നത് വളരെ ഷോക്കിങ്ങായ ഒന്നാണ്.

എനിക്ക് എന്റേതായ ഒരു അനുഭവം നിങ്ങളോട് പറയാനുണ്ട്. പതിനഞ്ച് വർഷം മുമ്പാണ്ടായ അനുഭവമാണ്. മൂന്ന് വർഷത്തോളം ലഹരിക്ക് അടിമയായ വ്യക്തിക്കൊപ്പം ഞാൻ ജീവിച്ചു. അയാളുടെ പേരും മറ്റ് വിവരങ്ങളും വെളിപ്പെടുത്താൻ ആഗ്രഹിക്കുന്നില്ല. കഞ്ചാവായിരുന്നു അയാൾ ഉപയോഗിച്ചിരുന്നത്. മൂന്ന് വർഷം അയാൾക്കൊപ്പം താമസിച്ചതുകൊണ്ടാണോയെന്ന് അറിയില്ല ഇത് ആര് എവിടെ നിന്ന് ഉപയോഗിച്ചാലും അതിന്റെ സ്മെൽ എനിക്ക് മനസിലാകും.
ബിസിനസ് ഫാമിലിയിലെ അംഗമായിരുന്നു. നല്ലൊരു ബിസിനസ്മാനാകേണ്ട വ്യക്തി ഇന്ന് അയാളുടെ ജീവിതത്തിന്റെ അവസാന നിമിഷങ്ങളിലൂടെയാണ് കടന്ന് പോകുന്നത്. ചികിത്സയ്ക്ക് പോലും അയാളുടെ കയ്യിൽ പണമില്ല. മദ്യത്തിനും പുകവലിക്കും കൂടി അയാൾ അടിമയായിരുന്നു. ഇപ്പോൾ ഒന്നും ഇല്ലാത്ത അവസ്ഥയാണ്.
അന്ന് അയാളെ പറഞ്ഞ് തിരുത്താനുള്ള അധികാരമൊന്നും എനിക്ക് ഉണ്ടായിരുന്നില്ല. ഞാൻ ഇന്നേവരെ ലഹരി ഉപയോഗിച്ചിട്ടില്ല. അതിനുള്ള മാർഗം ഉണ്ടായിട്ടും പരീക്ഷിക്കണമെന്ന് പോലും തോന്നിയിട്ടില്ല. കേരളത്തിന് ഒരുപാട് പോരായ്മകളുണ്ടെങ്കിലും നമ്മുടെ നാടാണ് ഒരുമിച്ച് നിന്ന് നാട് ഉയർത്തികൊണ്ടുവരണമെന്ന ചിന്ത എനിക്കുണ്ടായിരുന്നു. പക്ഷെ ഇപ്പോഴത്തെ കേരളത്തിന്റെ സാഹചര്യത്തിൽ കുഞ്ഞിന്റേയോ നമ്മുടെയോ ജീവിതത്തിന് യാതൊരു തരത്തിലുള്ള സേഫ്റ്റിയുമില്ലെന്ന് തോന്നിപ്പോവുകയാണ്.
വേറെ എവിടേക്ക് എങ്കിലും മാറി താമസിച്ചാലോയെന്ന് പോലും തോന്നിപ്പോകുന്നു. അതുപോലെ യൂത്തിനിടയിൽ മദ്യപാനത്തിൽ കുറവ് വന്നിട്ടുണ്ടെന്നാണ് പഠനങ്ങൾ പറയുന്നത്. അതൊരു നല്ല കാര്യമല്ല. കാരണം മറ്റ് ലഹരികളുടെ ഉപയോഗം വർധിച്ചതുകൊണ്ടാണ് ആളുകൾ മദ്യപാനം കുറച്ചത്.

പണ്ട് മദ്യത്തിലൂടെ കണ്ടെത്തിയിരുന്ന ലഹരി ഇന്ന് ഡ്രഗ്സിലൂടെ യൂത്ത് കണ്ടെത്തുന്നു. സിഗരറ്റ് സ്മോക്കിങും കുറയുകയാണ്. ഇതിൽ പരിഹാരം കണ്ടെത്താൻ മാതാപിതാക്കൾക്ക് മാത്രമെ കഴിയുകയുള്ളുവെന്ന് എനിക്ക് തോന്നുന്നു. ചെറിയ പ്രായം മുതൽ കുട്ടികളുമായി നല്ലൊരു ബന്ധവും കമ്യൂണിക്കേഷനും ഉണ്ടാക്കി. ബോധവത്ക്കരിക്കുക. കുട്ടികൾക്കൊരു മാതൃകയാവുക.
ലഹരി ഉപയോഗം കണ്ടുപിടിച്ചാലും എടുത്ത് ചാടി തീരുമാനം എടുക്കുകയോ ശിക്ഷിക്കുകയോ ചെയ്യാതിരിക്കുക. ലഹരി ഉപയോഗത്തിൽ നിന്നും മാറി തിരികെ വരാൻ ആഗ്രഹിക്കുന്നവരെ സ്വീകരിക്കാനും തയ്യാറാവുക. അല്ലാതെ പഴയ കാര്യങ്ങൾ പറഞ്ഞ് ശിക്ഷിക്കരുത്. അവരുടെ വീഴ്ച കണ്ട് ആഹ്ലാദിക്കുകയും ചെയ്യരുതെന്നുമാണ് നിഹാൽ വീഡിയോയിൽ പറഞ്ഞത്.
സമൂഹത്തിന് ഉപകാരപ്രദമായ കാര്യങ്ങളാണ് നിഹാൽ പറഞ്ഞത് മുഴുവൻ. കുട്ടികളെ സ്കൂളിൽ വിടുമ്പോഴൊക്കെ പേടിയാണെന്നായിരുന്നു വീഡിയോയ്ക്ക് പ്രത്യക്ഷപ്പെട്ട കമന്റുകൾ. മുംബൈ പോലീസ് അടക്കമുള്ള സിനിമകളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും ഇപ്പോൾ യാത്രകളിലും ബിസിനസിലും യുട്യൂബ് വ്ലോഗിങ്ങിലുമാണ് നിഹാലിന് താൽപര്യം.


Click it and Unblock the Notifications











