'പുതിയ ആദി സാർ കൊള്ളാം വെറുപ്പിക്കുന്നില്ല...'; നടൻ അനിൽ മോഹന് അഭിനന്ദനങ്ങളുമായി കൂടെവിടെ ആരാധകർ!
സീരിയലുകൾക്കാണ് സിനിമകളെക്കാൾ കുടുംബപ്രേക്ഷകരിൽ സ്വാധീനം ചെലുത്താൻ സാധിക്കുന്നത്. അതിനാൽ തന്നെ സീരിയലിൽ അഭിനയിക്കുന്ന താരങ്ങൾക്ക് ജനപ്രീതിയും കൂടുതലാണ്. സീരിയലിൽ നിന്നും പിന്മാറിയാലും പെട്ടന്നൊന്നും പ്രേക്ഷകരുടെ മനസിൽ നിന്നും താരങ്ങൾക്കുള്ള സ്ഥാനം പോവുകയുമില്ല. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന സീരിയലുകളിൽ ജനപ്രിയമായ നിരവധി സീരിയലുകളുണ്ട്. അക്കൂട്ടത്തിൽ ഏറ്റവും കൂടുതൽ പ്രേക്ഷക പ്രീതി നേടിയിട്ടുള്ള സീരിയലാണ് കൂടെവിടെ.
പരമ്പരയിലെ നായിക നായകന്മാരായ സൂര്യയും ഋഷിയുമായി എത്തുന്നത് ബിപിൻ ജോസും അൻഷിത അഞ്ജിയുമാണ്. നിരവധി വേദികളിലും പരമ്പരകളിലും എത്തിയെങ്കിലും ഒരു പരമ്പരയിൽ സുപ്രധാന വേഷത്തിൽ ആദ്യമായാണ് അൻഷിത എത്തുന്നത്. പരമ്പരയ്ക്ക് ലഭിച്ച സ്വീകാര്യത പോലെ തന്നെ അൻഷിതയ്ക്കും വലിയ ആരാധക പിന്തുണയാണ് ലഭിക്കുന്നത്. സീത അടക്കമുള്ള സീരിയലുകളിലൂടെ പ്രേക്ഷകരുടെ പ്രിയ താരമായി മാറിയ ആളാണ് ബിപിൻ ജോസ്. 2021 ജനുവരി 4 നാണ് പരമ്പരയുടെ സംപ്രേഷണം ആരംഭിച്ചത്.

സൂര്യ കൈമൾ എന്ന പെൺക്കുട്ടിയുടെ ജീവിതവും പ്രതിസന്ധികൾ വരുമ്പോഴുള്ള അതിജീവനവും അവളുടെ പ്രണയവും എല്ലാമാണ് സീരിയലിന്റെ പ്രമേയം. അധ്യാപികയാകാൻ ആഗ്രഹിക്കുന്ന ബിരുദ വിദ്യാർത്ഥിനിയായ സൂര്യയെ വിവാഹം കഴിക്കാൻ അവളുടെ പിതാവ് നിർബന്ധിക്കുമ്പോൾ സൂര്യ സ്വപ്നങ്ങളെ പിന്തുടരാൻ അസാധാരണമായ ഒരു യാത്ര ആരംഭിക്കുന്നതിലൂടെയാണ് പരമ്പര തുടങ്ങിയത്. പിന്നീട് കോളജിൽ വെച്ചാണ് സൂര്യ ഋഷിയെ കണ്ടുമുട്ടുന്നതും ഇരുവരും പ്രണയത്തിലായതും. ഇന്ന് ടെലിവിഷനിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള ജോഡി കൂടിയാണ് സൂര്യയും ഋഷിയും. ഇരുവരേയും ആരാധകർ വിളിക്കുന്നത് ഋഷിയ' എന്നാണ്. ഇരുവരോടുമുള്ള സ്‌നേഹവും പരമ്പരയെ കുറിച്ചുള്ള അഭിപ്രായങ്ങളും സോഷ്യൽമീഡിയയിൽ നിറയാറുണ്ട്.

ശ്രീധന്യ, നിഷ മാത്യു, മാൻവി, കെച്ചുണ്ണി പ്രകാശ്, ചിലങ്ക എന്നിവരും സീരിയലിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. തുടക്കത്തിൽ നടൻ കൃഷ്ണ കുമാറും സീരിയലിൽ ഒരു പ്രധാന വേഷത്തിൽ എത്തിയിരുന്നു. ആദി എന്ന കഥാപാത്രത്തെയാണ് കൃഷ്ണകുമാർ അവതരിപ്പിച്ചിരുന്നത്. വർഷങ്ങൾക്ക് ശേഷം കൃഷ്ണ കുമാർ സീരിയൽ അഭിനയത്തിലേക്ക് തിരികെ എത്തിയതും കൂടെവിടെ സീരിയലിലൂടെയായിരുന്നു. എന്നാൽ കുറച്ച് എപ്പിസോഡുകൾ പിന്നിട്ടപ്പോഴേക്കും കൃഷ്ണ കുമാർ സീരിയലിൽ നിന്നും സ്വകാര്യജീവിതത്തിലെ തിരക്കുകൾ കാരണം പിന്മാറി. ആദി എന്ന കൃഷ്ണകുമാറിന്റെ കഥാപാത്രത്തിന് വലിയ പ്രാധാന്യം സീരിയലിൽ ഉണ്ടായിരുന്നു. എന്നാൽ അദ്ദേഹം സീരിയലിൽ നിന്നും പിന്മാറിയത് ആരാധകരേയും നിരാശയിലാക്കിയിരുന്നു. പലപ്പോഴും പുതിയ നടനെ കൊണ്ടുവന്ന് ആദി എന്ന കഥാപാത്രത്തെ കൊണ്ടുവരണമെന്ന് ആരാധകർ ആവശ്യപ്പെടാറുമുണ്ടായിരുന്നു.
Recommended Video

ഏറെ നാളത്തെ ആരാധകരുടെ അഭ്യർഥന മാനിച്ച് കൃഷ്ണ കുമാറിന് പകരം പുതിയ നടനെ ആദി സാറായി കൊണ്ട് വന്നിരിക്കുകയാണ് കൂടെവിടെ അണിയറപ്രവർത്തകർ. നടൻ അനിൽ മോഹനാണ് ഇപ്പോൾ ആദിയായി സീരിയലിൽ അഭിനയിക്കുന്നത്. നീലക്കുയിൽ അടക്കം നിരവധി സീരിയലുകളിൽ അഭിനയിച്ച് ശ്രദ്ധ നേടിയിട്ടുള്ള നടനാണ് അനിൽ മോഹൻ. ആദിയായി അനിൽ മോഹൻ എത്തിയപ്പോൾ മികച്ച പ്രതികരണമാണ് പ്രേക്ഷകരുടെ ഭാഗത്ത് നിന്നും ലഭിക്കുന്നത്. 'ആദി സാറായി അനിൽ മോഹൻ നന്നായി അഭിനയിക്കുന്നുണ്ട്, അനിൽ മോഹൻ ആദി സർ ആയി അദ്ദേഹത്തിന് പറ്റുന്നത് പോലെ നന്നായി ചെയ്യുന്നുണ്ട്. പഴയ ആദിയുമായി താരതമ്യപ്പെടുത്തി നെഗറ്റീവ് പറയരുത്, കൂടെവിടെ കാണാൻ വളരെ സന്തോഷം തോന്നുണ്ട്' തുടങ്ങിയ കമന്റുകളാണ് അനിൽ മോഹന്റെ അഭിനയത്തെ പ്രശംസിച്ച് ആരാധകർ സോഷ്യൽമീഡിയയിൽ കുറിച്ചത്.


Click it and Unblock the Notifications