എന്നെ ആരോ വെടി വെച്ചതാണെന്ന് തോന്നി; ചാനല്‍ പരിപാടിയിലെ ഡാന്‍സിനിടെ മാസ് ഡയലോഗുമായി ദിലീപ്
സിനിമാ വിശേഷങ്ങളെക്കാളും താരങ്ങളുടെ കുടുംബവിശേഷം അറിയാനാണ് എല്ലാവര്‍ക്കും കൗതുകം. താരങ്ങളുടെ തുറന്ന് പറച്ചിലുകള്‍ വളരെ പെട്ടെന്ന് വൈറലാവുന്നതും അങ്ങനെയാണ്. ഇപ്പോഴിതാ സിനിമാ-ടെലിവിഷന്‍ താരങ്ങളുടെ കുടുംബജീവിതത്തെ ആസ്പദമാക്കി ഒരു റിയാലിറ്റി ഷോ എത്തുകയാണ്.
മലയാള ടെലിവിഷന്‍ ചരിത്രത്തില്‍ വേറിട്ട നിരവധി റിയാലിറ്റി ഷോ യാണുള്ളത്. ഏറ്റവും പുതിയതായി താരദമ്പതിമാരുടെ പ്രണയത്തെ ആസ്പദമാക്കി പുതിയൊരു പരിപാടി എത്തുകയാണ്. സീ കേരളം ചാനലില്‍ സംപ്രേക്ഷണത്തിനൊരുങ്ങിയ പരിപാടിയുടെ പ്രൊമോ വന്നത് മുതല്‍ ആരാധകരും ആവേശത്തിലായിരുന്നു.

പാഷാണം ഷാജിയും മുതല്‍ നടി യമുന റാണിയും ഭര്‍ത്താവും വരെ നിരവധി താരങ്ങളാണ് കുടുംബസമേതം പരിപാടിയില്‍ പങ്കെടുക്കുന്നത്. 'ഞാനും എൻ്റാളും' എന്ന് പേരിട്ടിരിക്കുന്ന ഷോ യുടെ ഉദ്ഘാടനത്തില്‍ നടന്‍ ദിലീപും പങ്കെടുത്തിരിക്കുകയാണ്. മാസ് എന്‍ട്രിയോടെ ദിലീപ് വേദിയിലേക്ക് എത്തുന്ന വീഡിയോ പുറത്ത് വന്നിരിക്കുകയാണ്. 'ഹൃദയമുള്ള ആള്‍ക്കാര്‍ക്ക് ഫീല്‍ ചെയ്യുന്ന നെഞ്ചിലേറ്റുന്ന ഒരു ജനപ്രിയ പരിപാടിയായിരിക്കും' ഇതെന്നാണ് ദിലീപ് പറയുന്നത്.

സംവിധായകന്‍ ജോണി ആന്റണിയാണ് ഈ പരിപാടിയുടെ വിധികര്‍ത്താവായി എത്തുന്നത്. ആദ്യമായിട്ടാണ് ജോണി ആന്റണി ഒരു ടെലിവിഷന്‍ പരിപാടിയില്‍ വിധികര്‍ത്താവിന്റെ റോളിലേക്ക് എത്തുന്നത്. ഒപ്പം നടി നിത്യ ദാസും പരിപാടിയിലേക്ക് വിധികര്‍ത്താവായി എത്തുന്നുണ്ടെന്നുള്ള പ്രത്യേകതയുമുണ്ട്. വര്‍ഷങ്ങള്‍ക്ക് ശേഷം പറക്കും തളികയിലെ നായകനും നായികയും ഒരുമിച്ച് വേദിയിലേക്ക് എത്തുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്.

ഇതോടെ പറക്കും തളികയ്ക്ക് രണ്ടാം ഭാഗമുണ്ടാവുമോ എന്ന ചോദ്യവും ഉയര്‍ന്ന് വന്നിരിക്കുകയാണ്. ദിലീപും നിത്യ ദാസും ഒരുമിച്ച് വേദിയില്‍ നൃത്തം അവതരിപ്പിച്ചിരുന്നു. ഡാന്‍സിനൊടുവില്‍ പടക്കം പൊട്ടിയത് പോലെ കേട്ടതോടെ ദിലീപ് ഞെട്ടിയിരുന്നു. 'എന്റെ ഡാന്‍സ് കണ്ട് ആരോ വെടി വെച്ചതാണെന്ന് വിചാരിച്ചെന്ന്' ദിലീപ് പറയുന്നു.
വളരെ നര്‍മ്മ മുഹൂര്‍ത്തങ്ങള്‍ കോര്‍ത്തിണങ്ങിയ പരിപാടിയ്ക്ക് വലിയ സ്വീകരണം ലഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകളില്‍ നിന്നും വ്യക്തമാവുന്നത്. ഒക്ടോബര്‍ എട്ട് മുതല്‍ സംപ്രേക്ഷണം ആരംഭിക്കുന്ന റിയാലിറ്റി ഗെയിം ഷോ എല്ലാ ശനി, ഞായര്‍ ദിവസങ്ങളിലുമാണ് പ്രേക്ഷകരിലേക്ക് എത്തുന്നത്.

ഇതിനൊപ്പം മിസിസ് ഹിറ്റ്‌ലര്‍ ടീമായ അരുണ്‍ രാഘവും മേഘ്‌ന വിന്‍സെന്റും, നീയും ഞാനും സീരിയലിലെ ഷിജുവും സുസ്തമിതയും അടക്കം സീ കേരളത്തിലെ പരമ്പരകളില്‍ അഭിനയിക്കുന്ന താരജോഡികളും എത്തുന്നുണ്ട്.
മത്സരാര്‍ഥികളായി എത്തുന്ന സെലിബ്രിറ്റി ദമ്പതിമാര്‍ അവരുടെ പ്രണയത്തെയും വിവാഹത്തെ കുറിച്ചുമൊക്കെ പറയുന്നതാണ് ഈ പരിപാടി കൊണ്ട് ഉദ്ദേശിക്കുന്നതെന്നാണ് മനസിലാവുന്നത്. എന്തായാലും മലയാളത്തില്‍ മുന്‍പൊന്നും കാണാത്ത വിധത്തിലുള്ള റിയാലിറ്റി ഷോ ആവാനുള്ള സാധ്യതകളാണ് പ്രൊമോ വീഡിയോയില്‍ നിന്നും വ്യക്തമാവുന്നത്.


Click it and Unblock the Notifications