സ്വയംഭോഗത്തെ കുറിച്ച് അറിയാമോയെന്ന് ചോദിച്ചു, മകൻ ദേഷ്യപ്പെട്ടു, കുറേ ദിവസം മിണ്ടിയതേയില്ല; എംബി പദ്മകുമാർ
അഭിനയവും സംവിധാനവും എന്നതിൽ ഉപരി മനോഹരമായ എഴുത്തിലൂടെയും ആരാധകരെ നേടിയ ആളാണ് എംബി പദ്മകുമാർ. കുടുംബത്തിലെ വിശേഷങ്ങളെല്ലാം അദ്ദേഹം മിക്കപ്പോഴും പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ മകൻ സത്യനാരായണനുമായി പദ്മകുമാർ നടത്തിയ പോഡ്കാസ്റ്റിന്റെ വീഡിയോയാണ് ശ്രദ്ധ നേടുന്നത്. മകനോട് ചോദിക്കാൻ ഓരോ അച്ഛനും മടിക്കുകയും അച്ഛനോട് പറയാൻ ഓരോ മകനും ഭയപ്പെടുകയും ചെയ്യുന്ന വിഷയങ്ങളെ കുറിച്ചും ഇരുവരും പോഡ്കാസ്റ്റിൽ തുറന്ന് സംസാരിച്ചു.
സമൂഹം കല്പിച്ച അതിരുകൾ ലംഘിക്കുമ്പോഴാണ് യഥാർത്ഥ വിപ്ലവം തുടങ്ങുന്നതെന്നും ഇതൊരു വെറും പോഡ്‌കാസ്റ്റ് മാത്രമല്ല നമ്മുടെ മക്കളെ ഒളിച്ചുകളികളില്ലാതെ വളർത്തിയെടുക്കാനുള്ള ഒരു എളിയ ശ്രമമാണെന്നുമാണ് പോഡ്കാസ്റ്റ് വീഡിയോ പങ്കുവെച്ച് എംബി പദ്മകുമാർ കുറിച്ചത്.

മകൻ സത്യയോട് ഒരിക്കൽ നിനക്ക് സ്വയംഭോഗത്തെ കുറിച്ച് അറിയാമോയെന്ന് ഞാൻ ചോദിച്ചിരുന്നു. അന്ന് മോൻ വല്ലാതെ ദേഷ്യപ്പെടുകയും പിണങ്ങുകയും കുറേ ദിവസം മിണ്ടാതിരിക്കുകയുമൊക്കെ ചെയ്തു. എനിക്ക് അറിയാം മോൻ അന്ന് എന്നെ വല്ലാത്തൊരു വൃത്തികെട്ട അച്ഛനായി കരുതിക്കാണും. എന്റെ കൂട്ടുകാർക്കും അച്ഛന്മാരുണ്ട്. അവരൊന്നും ചോദിക്കാത്ത ചോദ്യം ഇയാളെന്തിനാണ് ചോദിക്കുന്നതെന്ന് തോന്നിയോ? എന്നാണ് പദ്മകുമാർ മകനോട് ചോദിച്ചത്.
അതിന് മനോഹരമായി സത്യനാരായണൻ മറുപടി നൽകുകയും ചെയ്തു. ആദ്യം ആ ചോദ്യം കേട്ടപ്പോൾ വെറുപ്പ് തോന്നിയെങ്കിലും പിന്നീട് അത് തനിക്ക് ഗുണമെ ചെയ്തിട്ടുള്ളുവെന്ന് സത്യനാരായണൻ പറയുന്നു. വെറുപ്പാണ് ആ ചോദ്യം കേട്ടപ്പോൾ തോന്നിയത്. വെറുപ്പും ദേഷ്യവും എല്ലാം തോന്നി.
ഇരുട്ട് പേടിയാണെന്ന് പറഞ്ഞതിന് പുറത്തിറക്കി നിർത്തി കതക് അടച്ചയാളാണ് അച്ഛൻ. പ്രേതത്തെ പേടിയാണെന്ന് പറഞ്ഞതിന് അന്ന് ഞങ്ങൾക്ക് ഒരു മാരുതി 800 കാറുണ്ടായിരുന്നു. അതിൽ എന്നെ കയറ്റിയിരുത്തി രാത്രി ഒരു മണിക്ക് ശമ്ശാനത്തിൽ കൊണ്ടുപോയി. സ്വയംഭോഗത്തെ കുറിച്ച് അല്ലെങ്കിൽ മാസ്റ്റർബേഷനെ കുറിച്ച് അച്ഛൻ എന്നോട് ചോദിച്ചപ്പോൾ വെറുപ്പും ദേഷ്യവുമാണ് തോന്നിയത്.
എന്റെ സുഹൃത്തുക്കളോട് അവരുടെ അച്ഛന്മാർ ഈ വിഷയത്തെ കുറിച്ച് ചോദിക്കുകയോ സംസാരിക്കുകയോ ചെയ്ത് കാണുമെന്ന് എനിക്ക് തോന്നുന്നില്ല. സൊസൈറ്റിയിലെ ഒരു ടാബു ടോപ്പിക്കാണ് മാസ്റ്റർബേഷൻ. ആരും ടച്ച് ചെയ്യാത്ത വിഷയവുമായിരുന്നു. അടുത്ത കാലം മുതലാണ് സെക്സ് എഡ്യുക്കേഷന്റെ ഭാഗമായി ഈ വിഷയത്തിൽ ആളുകൾ ക്ലാസുകൾ നൽകി തുടങ്ങിയത്.

അത് മാത്രമല്ല ഈ വിഷയത്തെ കുറിച്ച് മാതാപിതാക്കൾ തന്നെ കുട്ടികൾക്ക് പറഞ്ഞ് കൊടുക്കുന്നത് വിരളമാണ്. ഈ വിഷയങ്ങളൊന്നും പുറത്ത് പറയാൻ പാടില്ലാത്തതാണെന്ന ചിന്ത എനിക്ക് ഉണ്ടായിരുന്നു. പക്ഷെ അച്ഛനോട് സംസാരിച്ചശേഷം ആ ചെയിൻ ബ്രേക്കായി. മാത്രമല്ല ആ സംസാരം എനിക്ക് ഗുണം മാത്രമെ ചെയ്തിട്ടുള്ളു. അന്ന് ചോദ്യം കേട്ടപ്പോൾ ദേഷ്യവും വെറുപ്പും തോന്നിയെങ്കിലും ഇപ്പോൾ അതൊന്നുമില്ല.
അന്ന് അച്ഛൻ കാര്യങ്ങൾ പറഞ്ഞ് തന്നില്ലായിരുന്നുവെങ്കിൽ ഇപ്പോഴും ഈ വിഷയം സംസാരിക്കുമ്പോൾ എനിക്ക് നാണക്കേട് തോന്നുമായിരുന്നു. മാതാപിതാക്കൾ മക്കളോട് സുഹൃത്തുക്കളെപ്പോലെ ഇടപെടുന്നതും ഇത്തരം കാര്യങ്ങളെ കുറിച്ച് പറഞ്ഞ് കൊടുക്കുന്നതും നല്ലതാണ്. അച്ഛൻ ഞങ്ങൾക്ക് മുന്നിൽ എന്നും ഓപ്പണായിരുന്നു. ഫോണിന്റെ പാസ്വേർഡ് അടക്കം ഞങ്ങൾക്ക് പറഞ്ഞ് തരുമായിരുന്നു.
ഇന്ന് ഞാനും അതുപോലെ ഓപ്പണായിട്ടാണ് ജീവിക്കുന്നത്. ഒന്നിലും ഒളിവും മറയുമില്ലെന്ന് സത്യനാരായണൻ പറഞ്ഞു. അച്ഛന്റേയും മകന്റേയും തുറന്നുള്ള സംസാരവും സുഹൃത്തുക്കളെപ്പോലെയുള്ള പെരുമാറ്റവും മാതൃകാപരമാണെന്നാണ് പോഡ്കാസ്റ്റ് കണ്ടവർ കുറിച്ചത്. മക്കൾക്ക് സുഹൃത്തുക്കളായി മാറണം മാതാപിതാക്കൾ. അല്ലാത്തപക്ഷം അവർ മറ്റുള്ളവരുടെ ചതിക്കുഴികളിൽ പെടും എന്നാണ് പോഡ്കാസ്റ്റ് കണ്ടവർ കുറിച്ചത്.


Click it and Unblock the Notifications