രാശിയില്ലാത്ത നടൻ, അഭിനയിക്കുന്ന സീരിയൽ പാതിയിൽ മുടങ്ങും, അവസരങ്ങൾ കുറഞ്ഞു, രണ്ടരക്കൊല്ലം ടാക്സി ഓടിച്ചു; നവീൻ
മിനിസ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതനായ നടനാണ് നവീൻ അറക്കൽ. പരമ്പരകളിലൂടെ മാത്രമല്ല ഗെയിം ഷോകളിലൂടെയും പ്രേക്ഷകർക്ക് പ്രിയങ്കരനായ താരം ബിഗ് ബോസ് മലയാളം സീസൺ നാലിലെ മത്സരാർത്ഥിയുമായിരുന്നു. നായകനായും വില്ലനായും സഹനടനായുമെല്ലാം നിരവധി സീരിയലുകളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും ഒരു കാലത്ത് രാശിയില്ലാത്ത നടനെന്ന ടാഗ് തനിക്ക് ഉണ്ടായിരുന്നുവെന്ന് പറയുകയാണ് നവീൻ.
അഭിനയിക്കാൻ അവസരങ്ങൾ കിട്ടാതായതോടെ താൻ രണ്ടര കൊല്ലം ടാക്സി ഓടിച്ചുവെന്നും നടൻ പറയുന്നു. കൈരളി ടിവിയിലെ സെലിബ്രിറ്റി കിച്ചൺ മാജിക്ക് ഷോയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു താരം. സമയം സംഗമം എന്ന സീരിയലായിരുന്നു എന്റെ ആദ്യത്തെ പ്രോജക്ട്. അന്ന് എനിക്ക് കിട്ടിയ പ്രതിഫലം അഞ്ഞൂറ് രൂപയായിരുന്നു. പിന്നീട് ഞാൻ റിലൈൻസ് ഇൻഫോ കോമിലാണ് ഞാൻ ജോലി ചെയ്തത്.

അവിടെ ജോലി ചെയ്യുമ്പോഴും നേരത്തെ ഒരിക്കൽ അഭിനയിച്ചതുകൊണ്ട് അഭിനയിക്കാനുള്ള ആഗ്രഹം മനസിൽ നിരന്തരം ഉണ്ടായിരുന്നു. അങ്ങനെയാണ് മിന്നൽ കേസരി എന്ന പ്രോജക്ടിൽ എനിക്ക് നായകനായി അവസരം കിട്ടുന്നത്. രണ്ട് പേഴ്സണാലിറ്റിയുള്ള കഥാപാത്രമായിരുന്നു. പക്ഷെ എന്റെ സമയ ദോഷം കൊണ്ട് ആ സീരിയൽ അമ്പത് എപ്പിസോഡിൽ അങ്ങ് അവസാനിച്ചു. രണ്ടാമത് വീണ്ടും ഏഷ്യാനെറ്റിലെ ഒരു പ്രോജക്ടിലേക്ക് എന്നെ വിളിച്ചു.
ക്ലൈമാക്സ് സമയത്താണ് ആ പ്രോജക്ടിൽ ഞാൻ ഭാഗമാകുന്നത്. നവീനായിരിക്കും ഇനി ഇത് മുന്നോട്ട് കൊണ്ടുപോകാൻ പോകുന്നതെന്നൊക്കെ പറഞ്ഞാണ് അവർ എന്നെ വിളിച്ചത്. പക്ഷെ രണ്ടാമത്തെ ഷെഡ്യൂളിൽ അതും നിന്നു. അതോടെ രാശിയില്ലാത്ത നടൻ എന്ന പേര് വീണു. ആരും അഭിനയിക്കാൻ വിളിക്കാതെയായി.
എന്റെ ഭാര്യയ്ക്കും കുടുംബത്തിനും ഈ കഥ അറിയാം. ഞാൻ കല്യാണം കഴിച്ച സമയമാണ്. അന്നൊന്നും മീഡിയ ഫീൽഡിൽ നിന്നും യാതൊരു സപ്പോർട്ടും കിട്ടിയിരുന്നില്ല. ചിലർ എന്നെ വിളിച്ച് പറയും നിനക്ക് ആ മാനസപുത്രിയിൽ എങ്ങാനും പോയി അഭിനയിച്ചൂടേയെന്ന്. ഞാൻ പറയും അവർ എന്നെ വിളിച്ചിട്ടില്ല. പിന്നെ എങ്ങനെ പോയി അഭിനയിക്കുമെന്ന്... അപ്പോൾ അവർ പറയും... അതല്ല... ആ സീരിയൽ എത്രയോ എപ്പിസോഡായി.
നീ എങ്ങാനും ചെന്നാൽ അത് പെട്ടന്ന് തീരുവല്ലോ... ഇങ്ങനെയൊക്കെ കേട്ട് മാനസീകമായി ഭീകരാവസ്ഥയിലായിരുന്നു. അഭിനയിക്കാൻ അവസരങ്ങൾ കിട്ടുന്നില്ല. വീട്ടിൽ വെറുതെ ഇരിക്കുന്നതും ശരിയല്ല. ആളുകൾ എന്റെ കുടുംബാംഗങ്ങളോട് ഞാൻ എന്ത് ചെയ്യുന്നുവെന്ന് ചോദിക്കുമല്ലോ. അവർക്കും അതൊരു മോശമല്ലേയെന്ന് കരുതി ഒരു ടാറ്റാ ഇൻഡിക കാർ ടാക്സി എടുത്തു.

രണ്ടര കൊല്ലം പാക്കേജ് ടൂർസായിട്ട് ഓടി. ആളുകളെ എയർപോട്ടിൽ നിന്നും പിക്ക് ചെയ്ത് ഓരോ ടൂറിസ്റ്റ് ഡെസ്റ്റിനേഷനുകളിൽ കൊണ്ടുപോകും. കാറിൽ തന്നെയായിരുന്നു എന്റെ താമസവും. ചിലപ്പോഴൊക്കെ ടാക്സിയുമായി തിരുവനന്തപുരത്തെ ലൊക്കേഷനുകളിൽ ചെല്ലുമ്പോൾ നീ ടാക്സി ഓടുകയാണോയെന്ന് ആളുകൾ ചോദിക്കും. ആ ചോദ്യം എന്നെ വല്ലാതെ വിഷമിപ്പിച്ചിരുന്നു. അന്ന് കുടുംബം മാത്രമാണ് പിന്തുണച്ചത്.
പല പാസഞ്ചേഴ്സും എന്നെ കണ്ട് തിരിച്ചറിയും. പക്ഷെ അവർക്ക് കറക്ട് ഓർത്തെടുത്ത് പറയാനാവില്ല. സീരിയലിൽ അഭിനയിച്ചിട്ടുണ്ടെന്ന് ഞാനും പറയില്ല. എന്റെ ഭാര്യ ടീച്ചറാണ്. അവളോട് ആളുകൾ ഭർത്താവ് എന്ത് ചെയ്യുന്നുവെന്ന് ചോദിക്കുമ്പോൾ ടാസ്കി ഡ്രൈവറാണെന്ന് പറയുന്നത് കേൾക്കുമ്പോഴും എനിക്കാണ് വേദനിച്ചിരുന്നത്. ഈ വേദന വല്ലാതെ അലട്ടിയപ്പോൾ ടാക്സി ഓടിക്കുന്നത് നിർത്തി ഞാൻ എല്ലാവരോടും ചാൻസ് ചോദിക്കാൻ തുടങ്ങി.
ഇപ്പോഴും ഞാൻ ചാൻസ് ചോദിക്കാറുണ്ട്. അന്ന് എല്ലാവരോടും ചാൻസ് ചോദിച്ചശേഷം ബാലാമണി സീരിയലിലേക്ക് എനിക്ക് എൻട്രി കിട്ടി. അവിടെ തുടങ്ങിയതാണ് യാത്ര. ഇപ്പോഴും ഞാൻ സീരിയലുകൾ ചെയ്യുന്നു. അതിനിടയിൽ സിനിമയും ചെയ്തു. മുള്ളാണെങ്കിലും ചോര പൊടിഞ്ഞാലും മുറുകെ പിടിക്കാമെന്ന് കരുതിയാണ് ഞാൻ വീണ്ടും സീരിയലിൽ സജീവമായി തുടങ്ങിയതെന്നും നവീൻ പറയുന്നു.


Click it and Unblock the Notifications











