'സ്കിറ്റ് കളിക്കാൻ പോയപ്പോൾ ചോദിച്ച് കിട്ടിയ അവസരമാണ്, കെജിഎഫിനെ കുറിച്ച് അറിയില്ലായിരുന്നു'; സാജു നവോദയ!
ബിഗ് ബോസ് താരം എന്നതിലുപരി മികച്ച കോമഡി താരം കൂടിയാണ് പാഷാണം ഷാജി. മിമിക്രിയിലൂടെ സിനിമാരംഗത്ത് എത്തിയതാണ് പാഷാണം ഷാജിയെന്ന് അറിയപ്പെടുന്ന സാജു നവോദയ. വേദികളിലും സിനിമകളിലും പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കുന്ന താരം കൂടിയാണ് സാജു നവോദയ.
ബിഗ് ബോസിൽ എത്തിയ താരത്തിൽ നിന്നും മുഴുനീളൻ കോമഡിയാണ് പ്രേക്ഷകർ പ്രതീക്ഷിച്ചതും. എന്നാൽ പ്രേക്ഷകരുടെ കണക്കുകൂട്ടലുകളിൽ നിന്നും വ്യത്യസ്തമായ ഒരു ഗെയിം പ്ലാനായിരുന്നു ഷാജി നടത്തിയത്. എഴുപത്തിയഞ്ച് ദിനങ്ങളിൽ ഒന്നിലധികം തവണ വീടിനെ നയിക്കാൻ ഉള്ള ക്യാപ്റ്റൻസിയിൽ എത്തിയിരുന്നു സാജു നവോദയ.
കൊവിഡ് കാരണം പക്ഷെ സാജു അടക്കമുള്ള താരങ്ങൾ പങ്കെടുത്ത ബിഗ് ബോസ് സീസൺ 2 പാതി വഴിയിൽ അവസാനിപ്പിച്ചിരുന്നു. ആ സീസണിന് വിജയി ഉണ്ടായിരുന്നില്ല. ചാനലുകളിൽ പുറത്തെടുത്ത നാട്ടിൻപുറത്തിന്റെ ചിരിയുടെ തരംഗമാണ് സാജുവിനെ പ്രേക്ഷകർക്ക് പ്രിയങ്കരനാക്കിയത്.
ഇപ്പോൾ പാഷാണം ഷാജിയില്ലാത്ത സിനിമകൾ ചുരുക്കമാണ്. കുറഞ്ഞ കാലയളവിൽ നിരവധി നല്ല സിനിമകളുടെ ഭാഗമാകാനും ശ്രദ്ധിക്കപ്പെടുന്ന കഥാപാത്രങ്ങൾ ചെയ്യാനും പാഷാണം ഷാജിക്ക് സാധിച്ചിരുന്നു.

അമർ അക്ബർ അന്തോണി, വെള്ളിമൂങ്ങ അടക്കമുള്ള സിനിമകളിലെ താരത്തിന്റെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സാജുവും ഭാര്യയും ഇപ്പോൾ തെരുവിൽ ഉപേക്ഷിക്കപ്പെട്ട നായകളെ എടുത്ത് വളർത്തുന്നുമുണ്ട്. നാൽപത്തിയെട്ടുകാരനായ സാജു നവോദയ മന്നാർ മത്തായി സ്പീക്കിങ് 2വിലാണ് സിനിമയിൽ അഭിനയിച്ച് തുടങ്ങിയത്.
വേലുകാക്ക ഒപ്പ് ആണ് ഏറ്റവും അവസാനം സാജു അഭിനയിച്ച് തിയേറ്ററുകളിൽ എത്തിയ സിനിമ. പുതിയതായി റിലീസിന് തയ്യാറെടുക്കുന്ന സാജു നവോദയ സിനിമ പോത്തും തലയാണ്. അനിൽ കാരക്കുളമാണ് സിനിമ എഴുതി സംവിധാനം ചെയ്യുന്നത്.
സിനിമയുമായി ബന്ധപ്പെട്ട വിശേഷങ്ങളും ജീവിതത്തിലെ വിശേഷങ്ങളും ഫിലിമി ബീറ്റ് മലയാളത്തിന് നൽകിയ അഭിമുഖത്തിൽ പങ്കുവെച്ചിരിക്കുകയാണ് പാഷാണം ഷാജിയെന്ന് അറിയപ്പെടുന്ന സാജു നവോദയ ഇപ്പോൾ.

'റിയലിസ്റ്റിക്കായി എടുത്തിരിക്കുന്ന സിനിമയാണ് പോത്തും തല. അത് ഒരു റിയൽ ക്യാരക്ടറിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ചെയ്ത സിനിമയാണ്. പണ്ട് ഞാൻ അമേച്വർ നാടകങ്ങൾ ചെയ്തിട്ടുണ്ട് ആ പരിചയം വെച്ചാണ് പോത്തും തലയിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കാമെന്ന് കരുതിയത്.'
'ഇനി ഇതുപോലൊരു അവസരം എനിക്ക് കിട്ടില്ല. ഞാൻ വളർത്തുന്ന നായകളെല്ലാം തെരുവിൽ നിന്ന് കിട്ടിയതാണ്. വളർത്തി നന്നാക്കി കഴിയുമ്പോൾ ആരെങ്കിലും ചോദിച്ചാൽ വളർത്താൻ കൊടുക്കും. നായകളെ ഇഷ്ടമല്ലാത്തവർ വീട്ടിലേക്ക് വരേണ്ടെന്ന രീതിയാണ് എനിക്കും ഭാര്യയ്ക്കും.'

'മമ്മൂക്കയുടെ കൂടയോ മോഹൻലാലിന്റെ കൂടയോ അഭിനയിച്ചാലും എല്ലാവരും പാഷണം ഷാജിയെ കുറിച്ച് മാത്രമെ ആദ്യം ചോദിക്കു. ബിഗ് ബോസിന്റെ ഒറ്റ സീസൺ പോലും ഞാൻ കണ്ടിട്ടില്ല. ഞാൻ പങ്കെടുത്ത സീസണും കണ്ടിട്ടില്ല.'
'എവിടെയെങ്കിലും ചെറിയ ക്ലിപ്പ് കണ്ടാൽ അത് നോക്കിയിരുന്നു അത്രമാത്രം. ബിഗ് ബോസ് സീസൺ 1ന്റെ ഗ്രാന്റ് ഫിനാലെയിൽ സ്കിറ്റ് അവതരിപ്പിക്കാൻ പോയപ്പോൾ ഞാൻ അവിടുത്തെ ആൾക്കാരോട് പറഞ്ഞിരുന്നു ഇനി സീസൺ വരുന്നുണ്ടെങ്കിൽ എന്നെ വിളിക്കൂ ഞാൻ വരാമെന്ന്. അങ്ങനെ അവർ വിളിച്ച് ഞാൻ പോയി പങ്കെടുത്തതാണ്. അല്ലാതെ വേറൊന്നും ബിഗ് ബോസിനെ കുറിച്ച് അറിയില്ല.'

'ഞാൻ സിനിമകൾ കാണുന്നതിലും കട്ട തോൽവിയാണ്. അതുകൊണ്ട് തന്നെ അടുത്തിടെ അഭിമുഖത്തിൽ ഒരു പെൺകുട്ടി എന്നോട് കെജിഎഫ് സിനിമയെ കുറിച്ച് ചോദിച്ചപ്പോൾ എനിക്ക് മറുപടി പറായൻ അറിയില്ലായിരുന്നു.'
'അതിന് എല്ലാവരും എന്നെ പൊങ്കാലയിട്ടു. റീൽസ് ഇടാൻ ഞാൻ പഠിച്ചത് ട്യൂഷന് പോയിട്ടാണ് എന്നിട്ടും പഠിച്ചില്ലെന്നതാണ് സത്യം. ഒരുവട്ടം വീഡിയോ ഇട്ടപ്പോൾ മാറിയും പോയി' സാജു നവോദയ പറഞ്ഞു.


Click it and Unblock the Notifications