'എനിക്ക് മുമ്പ് 13 പേർ വന്നു, ഓഡീഷൻ ഞാൻ അങ്ങോട്ട് ആവശ്യപ്പെട്ടു, അച്ഛൻ വേഷം ചെയ്യാൻ പ്രായമായോയെന്ന് സംശയിച്ചു'
ഒരിടവേളയ്ക്കുശേഷം ഉപ്പും മുളകും എന്ന സിറ്റ്കോമിന് ജീവൻ ലഭിച്ചതും നഷ്ടപ്പെട്ട് പോയ പ്രേക്ഷകർ തിരികെ വരാൻ കാരണമായതും സിദ്ധു അളിയൻ എന്ന കഥാപാത്രത്തിന്റെ എൻട്രിയോടെയായിരുന്നു. മുടിയനും നിഷ സാരംഗും ബിജു സോപാനവുമെല്ലാം ഉപ്പും മുകളിൽ നിന്നും പിന്മാറിയശേഷം സിറ്റ്കോം കാണാനുള്ള താൽപര്യവും പ്രേക്ഷകരിൽ കുറഞ്ഞിരുന്നു. എന്നാൽ സിദ്ധു അളിയനായും ലച്ചുവിന്റെ ഭർത്താവായും സിദ്ധാർത്ഥ് പ്രഭു എത്തിയപ്പോൾ ഉപ്പും മുളകും ഉണർന്നു.
ഒപ്പം പ്രേക്ഷകരും. എല്ലാ എപ്പിസോഡ് പ്രമോകളും എപ്പിസോഡുകളും വൈറലാണ്. ടിആർപിയിലും വൻ കുതിപ്പാണ് ഉണ്ടായിരിക്കുന്നത്. തട്ടീം മുട്ടീയിൽ കണ്ണനായി ഹൃദയം കീഴടക്കിയ സിദ്ധാർത്ഥിന്റെ ഉപ്പും മുളകിലെ പ്രകടനം ഗംഭീരമാണെന്നാണ് ലഭിക്കുന്ന പ്രതികരണങ്ങൾ.

ഇപ്പോഴിതാ ഉപ്പും മുളകിന്റെ ഭാഗമായ കഥയും സെറ്റിലെ മറ്റ് വിശേഷങ്ങളും മൈൽസ്റ്റോൺ മേക്കേഴ്സിന് നൽകിയ പുതിയ അഭിമുഖത്തിൽ സിദ്ധാർത്ഥ് പങ്കുവെച്ചു. ഡേറ്റ് ചോദിച്ചാണ് ഫ്ലവേഴ്സിൽ നിന്നും കോൾ വന്നതെന്നും ഓഡീഷൻ താൻ അണിയറപ്രവർത്തകരോട് അങ്ങോട്ട് ആവശ്യപ്പെടുകയായിരുന്നുവെന്നും സിദ്ധാർത്ഥ് പറയുന്നു. സിദ്ധുവെന്ന കഥാപാത്രം ചെയ്യാമോയെന്ന് ചോദിച്ച് ഫ്ലവേഴ്സ് ചാനലിൽ നിന്നും ഒരു കോൾ വന്നു.
അവർ ഓപ്പൺ ഡേറ്റാണ് എന്നോട് ചോദിച്ചത്. ഇത്ര ദിവസം അവൈലബിളാണോ..? ചെയ്യാൻ താൽപര്യമുണ്ടോയെന്നാണ് ചോദിച്ചത്. എനിക്ക് അവിടെ വർക്ക് ചെയ്യാൻ പറ്റുമോ ഇല്ലയോയെന്ന് അറിയണമല്ലോ. അതുകൊണ്ട് അവരോട് ഞാൻ അങ്ങോട്ട് ഒരു ഓഡീഷൻ ആവശ്യപ്പെട്ടു. അവർക്ക് ആവശ്യമില്ലായിരുന്നു. ഞാൻ അങ്ങോട്ട് ചോദിച്ച് മേടിച്ചതാണ്. അങ്ങനെ ഒരു ഓഡീഷൻ നടന്നു.
അതിൽ ഞാൻ സാറ്റിസ്ഫൈഡായി. ചെയ്യാൻ എനിക്ക് പറ്റുമെന്ന് തോന്നി. എനിക്ക് മുമ്പ് പതിമൂന്ന് പേരെ ഇവർ ഓഡീഷൻ ചെയ്തിരുന്നു. സിദ്ധു എന്ന കഥാപാത്രമാകാൻ വേണ്ടി. അവരെല്ലാം പുതുമുഖങ്ങളായിരുന്നുവെന്ന് തോന്നുന്നു. പതിനാലാമനായി വന്നവനാണ് ഞാൻ. അത് കറക്ടായി എന്ന് ഞാൻ വിശ്വസിക്കുന്നു. ബാക്കി പ്രേക്ഷകരാണ് പറയേണ്ടത്. ഞാൻ കൂടുതലും സിങ് സൗണ്ട് പ്രോഗ്രാം ചെയ്യാൻ ഇഷ്ടപ്പെടുന്നയാളാണ്. ഡബ്ബ് ചെയ്യുമ്പോൾ ലൈഫ് നഷ്ടപ്പെടുന്നത് പോലെയാണ്.
ഫ്ലവേഴ്സ് ഉപ്പും മുളകും ക്രൂ ബ്രില്യന്റാണ്. അതുകൊണ്ടാണ് ആ ക്രൂവിന്റെ ഭാഗമായത്. നന്ദൂട്ടി എന്റെ മകളായാണ് അഭിനയിക്കുന്നത്. കുറുമ്പാണ് സെറ്റിലും. ഭയങ്കര ക്യൂട്ടാണ്. എടുക്ക് കെട്ടിപിടിക്കാൻ തോന്നും. അച്ഛൻ എന്ന ക്യാരക്ടറിലേക്ക് എത്താനുള്ള പ്രായം എനിക്ക് ആയോയെന്ന് ആദ്യം സംശയമുണ്ടായിരുന്നു.

എനിക്ക് 26 വയസ് മാത്രമെയുള്ളു. തട്ടീം മുട്ടീയിൽ ഭാഗമാകുന്നത് പന്ത്രണ്ട് വയസിലാണ്. 22 വയസ് വരെ അതിന്റെ ഭാഗമായിരുന്നു. പിന്നീട് 25 വയസ് വരെ സുസുവിൽ അഭിനയിച്ചു. അപ്പോഴേക്കും കിഡ് എന്ന രീതിയിൽ നിന്നും മാറി മാൻ എന്ന രീതിയിൽ ആളുകൾ കണ്ട് തുടങ്ങി. ഉപ്പും മുകളിൽ എത്തിയതോടെ ഭാര്യയും കുഞ്ഞുമായി. ഡയലോഗ് എങ്ങനെ പറയണമെന്ന് യാതൊരു ഐഡിയയും തട്ടീം മുട്ടീയിൽ ഭാഗമായപ്പോൾ എനിക്കും ചേച്ചിക്കും ഇല്ലായിരുന്നു.
ലളിതാമ്മയടക്കം ചേർന്ന് ഞങ്ങളെ ട്രെയിൻ ചെയ്യിച്ച് എടുത്തതാണ്. ലളിതാമ്മ വഴക്ക് വരെ പറഞ്ഞിട്ടുണ്ട്. ലളിതാമ്മയുടെ കൂടെ വർക്ക് ചെയ്യാൻ പറ്റിയത് തന്നെ ഭാഗ്യം. അമ്മ വന്നാൽ തന്നെ സെറ്റിൽ ഒരു ഓറയുണ്ട്. വീട്ടിൽ നമ്മളോട് അമ്മ സംസാരിക്കുന്നത് പോലെയാണ് ലളിതാമ്മ സംസാരിക്കുക.
എനിക്ക് മൂന്ന് അമ്മയുണ്ട് എന്റെ സ്വന്തം അമ്മയാണ് ഒന്ന്. മറ്റൊന്ന് മഞ്ജു ചേച്ചിയാണ്. എനിക്ക് എന്ത് കാര്യങ്ങളും ഷെയർ ചെയ്യാൻ പറ്റിയ ആളാണ് മല്ലികാമ്മ. മഞ്ജു ചേച്ചിയെ മമ്മി എന്ന് തന്നെയാണ് വിളിക്കുന്നതെന്നും സിദ്ധാർത്ഥ് പറയുന്നു.


Click it and Unblock the Notifications











