കോൺഗ്രീറ്റ് വാട്ടർ ടാങ്കിൽ വീണു, അടിയേറ്റത് വാരിയെല്ലിന്, വലിയ ദുരന്തത്തിൽ നിന്നും തലനാരിഴക്ക് രക്ഷപ്പെട്ടു!
തന്റെ എല്ലാ സന്തോഷങ്ങളും സങ്കടങ്ങളും സോഷ്യൽമീഡിയ വഴി പ്രിയപ്പെട്ടവരുമായി പങ്കുവെയ്ക്കുന്നയാളാണ് നടൻ വിനോദ് കോവൂർ. കഴിഞ്ഞ ദിവസം തനിക്കുണ്ടായ അപകടത്തെ കുറിച്ച് നടൻ പങ്കുവെച്ച കുറിപ്പാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. വേസ്റ്റ് കളയാനായി ഫ്ലാറ്റിന്റെ താഴെ എത്തിയ വിനോദ് കോൺഗ്രീറ്റ് വാട്ടർ ടാങ്കിലേക്ക് വീഴുകയായിരുന്നു. വീഴ്ചയിൽ വാരിയെല്ലിന് പരിക്കേറ്റു. വിനോദിന്റെ കുറിപ്പ് ഇങ്ങനെ... വലിയ ഒരു ദുരന്തത്തിൽ നിന്നും ഇന്നലെ രാത്രി തലനാരിഴക്ക് രക്ഷപ്പെട്ടു.
മറിമായം ഷൂട്ട് കഴിഞ്ഞ് ഫ്ലാറ്റിൽ എത്തിയത് 10.30ന്. വേസ്റ്റ് കളയാനായി താഴത്തെ കാർ പാർക്കിങ് ഏരിയയിലേക്ക് പപ്പി സിയയുമായ് ഇറങ്ങിയതാ. വേസ്റ്റ് കളഞ്ഞ ബക്കറ്റ് പൈപ്പിൽ കഴുകാനായി നടന്നപ്പോഴാണ് ഒട്ടും പ്രതീക്ഷിക്കാതെ കോൺഗ്രീറ്റ് വാട്ടർ ടാങ്കിലേക്ക് വീഴുന്നത്. സാധാരണ ടാങ്കിന്റെ മുകളിലൂടെ നടക്കാറുള്ളതാണ്.

പക്ഷെ ഇന്നലെ ടാങ്കിന്റെ ഇരുമ്പിന്റെ അടപ്പ് ശരിയായി അടക്കാത്തത് കൊണ്ടാവാം മൂടി തുറന്നിരുന്നതിനാൽ ഞാൻ താഴോട്ട് വീണത്. വീഴ്ച്ചയിൽ ടാങ്കിന്റെ വായ വട്ടത്തിന്റെ അരികിൽ പിടിക്കാൻ സാധിച്ചത് കൊണ്ട് ഞാൻ ആഴമുള്ള ടാങ്കിലേക്ക് തൂങ്ങിക്കിടന്നു. വീഴ്ച്ചയിൽ എന്റെ ശരീരം എവിടെയോ നന്നായി അടിച്ചതിന്റെ വേദന നന്നായി അനുഭപ്പെട്ടു. ടാങ്കിൽ നിന്നും പൊങ്ങി രക്ഷപ്പെടാൻ രണ്ട് തവണ ശ്രമിച്ചുവെങ്കിലും പരാജയപ്പെട്ടു.
ഉറക്കെ ശബ്ദം ഉണ്ടാക്കിയെങ്കിലും ആരും കേട്ടില്ല. പപ്പി സിയ മോൾ ടാങ്കിന് ചുറ്റും പരിഭ്രാന്തിയോടെ ഓടി നടന്നു. പിന്നീട് നടത്തിയ ശ്രമത്തിൽ ഞാൻ പുറത്തേക്ക് എത്തി. എഴുന്നേറ്റ് നടക്കാൻ തുടങ്ങിയപ്പോൾ ഇടുപ്പിന്റെ മുകളിലായി വല്ലാത്ത വേദന അനുഭവപ്പെട്ടു. ശ്വാസം എടുക്കുമ്പോൾ വാരിയുടെ ഭാഗത്ത് നല്ല വേദന തോന്നി ഉറക്കെ ദേവൂനെ വിളിച്ചു.
അവൾ വന്നു സെക്യൂരിറ്റി വന്നു ഫ്ലാറ്റിലെ രാജേഷട്ടനും വന്നു ഉടനെ തൊട്ടടുത്തുള്ള നോർത്തിലെ സ്പെഷാലിറ്റി ഹോസ്പ്പിറ്റലിൽ എത്തിച്ചു. വേദന കൊണ്ട് എനിക്ക് ഒന്നും പറയാൻ സാധിച്ചില്ല. ഒരു ഇഞ്ചക്ഷൻ തന്നശേഷം എക്സറേ എടുത്തു. എവിടേയും പൊട്ടൽ ഇല്ലെന്ന് ഡോക്ടർ പറഞ്ഞു. അടിയേറ്റത് വാരിയെല്ലിനായിരുന്നു. വാരിയെല്ലിൽ നല്ല ചതവുണ്ട്.
അതുകൊണ്ടാണ് ഇത്രയും വേദനയെന്നും ഡോക്ടർ പറഞ്ഞു. മരുന്ന് തന്നു. റെസ്റ്റ് എടുക്കാൻ പറഞ്ഞു. 48 മണിക്കൂർ കഴിഞ്ഞിട്ടും വേദന നിൽക്കുന്നില്ലെങ്കിൽ സിടി സ്കാൻ ചെയ്യാനും പറഞ്ഞ് 2 മണിയോടെ ഹോസ്പിറ്റലിൽ നിന്നിറങ്ങി. അപ്പോഴേക്കും ആത്മമിത്രം അമലും അളിയൻ സന്ദീപും സഹായത്തിനെത്തി. തിരിച്ച് വീട്ടിൽ വന്നശേഷം അവർ ഞാൻ വീണ ടാങ്ക് പോയി കണ്ടു.

സത്യത്തിൽ ടാങ്കിൽ നിറയെ വെളളമുണ്ടായിരുന്നെങ്കിലും പിടിത്തം കിട്ടാതെ താഴെ വീണിരുന്നെങ്കിലും എനിക്ക് വലിയ അപായം സംഭവിക്കുമായിരുന്നു. ഹോസ്പ്പിറ്റലിൽ നിന്ന് ഡോക്ടറും പറഞ്ഞു നട്ടെല്ലിനോ തലയ്ക്കോ പരിക്ക് ഏൽക്കാതിരുന്നത് ഭാഗ്യമായെന്ന്. ഭാഗ്യം ആയുസ് നീട്ടി കിട്ടി. വാരിയെല്ലിന് പരിക്കേറ്റാൽ ശ്വാസകോശത്തെ അത് ബാധിക്കും.
അതുകൊണ്ടാണ് ദീർഘശ്വാസം എടുക്കുമ്പോൾ പോലും വേദന അനുഭവപ്പെടുന്നത്. ഇപ്പോൾ ഫ്ലാറ്റിൽ വേദനയോടെ വിശ്രമത്തിലാണ്. മറിമായം ഷൂട്ട് തുടങ്ങിയതേയുള്ളു .വീഴ്ച്ചയും പരിക്കും കാരണം ബാക്കി എപ്പിസോഡുകളുടെ ഭാഗമാക്കാൻ പറ്റില്ല എന്ന വിഷമം. 48 മണിക്കൂർ ആവാൻ കാത്തിരിക്കുന്നു. വേദനയും പ്രയാസങ്ങൾ മാറി കിട്ടുമായിരിക്കും. പ്രിയപ്പെട്ടവരുടെ പ്രാർത്ഥന ഉണ്ടാവണേ വിനോദ് കോവൂർ കുറിച്ചു.
താൻ വീണ വാട്ടർ ടാങ്കിന്റെ ചിത്രവും കുറിപ്പിനൊപ്പം നടൻ പങ്കുവെച്ചു. നിരവധി പേരാണ് നടന്റെ കുറിപ്പ് കണ്ട് ആശ്വസിപ്പിച്ച് എത്തിയത്. വേഗം സുഖമാകാൻ പ്രാർത്ഥിക്കുന്നു. ദൈവം കാത്തു, എത്രയും വേഗം സുഖം പ്രാപിച്ച് പൂർണ ആരോഗ്യവാനായി ഞങ്ങൾക്ക് മുന്നിൽ ചിരിയും ചിന്തകളും വിരിയിച്ച് നിറഞ്ഞ് നിൽക്കട്ടെ എന്നിങ്ങനെയായിരുന്നു കമന്റുകൾ.


Click it and Unblock the Notifications


