ഇനി ബാധ്യതകളൊന്നുമില്ല, കുടുംബമായി സെറ്റിലാകാൻ സമയമായി, വിവാഹം ഈ വർഷം, അതിനുള്ള പ്രായവുമാണ്; അമൃത
ചോർന്നൊലിക്കുന്ന വീട്ടിൽ നിന്നും സ്വന്തമായി അധ്വാനിച്ച് കെട്ടിപ്പൊക്കിയ വീട്ടിൽ അന്തിയുറങ്ങാൻ സാധിക്കുന്ന സന്തോഷത്തിലാണ് ഇപ്പോൾ അമൃത നായർ. അടുത്തിടെയായിരുന്നു താരത്തിന്റെ വീടിന്റെ പാലുകാച്ചൽ. അച്ഛനുപേക്ഷിച്ച് പോയശേഷം അമ്മയ്ക്കും അനിയനും താങ്ങും തണലും അമൃതയാണ്. വാടക വീടുകളിലായിരുന്നു അമൃതയും കുടുംബവും താമസിച്ചിരുന്നത്. 25 വർഷത്തോളമായി സ്വന്തമായി വീടെന്ന ആഗ്രഹം താരം മനസിൽ കൊണ്ട് നടക്കുന്നുണ്ട്.
ഇപ്പോഴിതാ വെറൈറ്റി മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ 'ആഗ്രഹം' എന്ന വീട് പൂർത്തിയാക്കിയതിന് പിന്നിലെ കഷ്ടപാടുകളെ കുറിച്ച് മനസ് തുറക്കുകയാണ് അമൃത. പത്ത്, ഇരുപത്തിനാല് വർഷത്തെ ആഗ്രഹമായിരുന്നു സ്വന്തമായൊരു വീട്. വീടിന്റെ ഡിസൈൻ അടക്കം എല്ലാം എന്റെ ഐഡിയയാണ്.

തിരുവനന്തപുരത്ത് ഞങ്ങൾ താമസിക്കാൻ തുടങ്ങിയിട്ട് ഇരുപത്തിയൊന്ന് വർഷമായി. ഇന്റീരിയർ ഉൾപ്പടെ 35 ലക്ഷം രൂപയാണ് വീടിന് വേണ്ടി ചിലവായത്. വീടിന്റെ എല്ലാ കാര്യവും പ്ലാൻ ചെയ്തതും കോർഡിനേറ്റ് ചെയ്തതും ഞാനാണ്. ത്രീഡിയിൽ എങ്ങനെയായിരുന്നുവോ അതുപോലെ തന്നെയാണ് വീട് ചെയ്തിരിക്കുന്നത്. 1300 സ്ക്വയർഫീറ്റിലാണ് വീട്. ഞങ്ങളുടെ സ്ഥലത്തിന് നീളമില്ല വീതിയാണുള്ളത്.
അതുകൊണ്ട് തന്നെ ആ പരിമിതിക്കുള്ളിൽ നിന്നാണ് വീട് പണിതത്. അതിനാൽ ഡൈനിങ് ഏരിയ വീടിന് ഇല്ല. ഓപ്പൺ കിച്ചണിനൊപ്പമാണ് ഡൈനിങ് ഏരിയ കൊടുത്തിരിക്കുന്നത്. കന്നിമൂല അടക്കം എല്ലാം നോക്കി നോക്കിയാണ് ഓരോന്നും അറേഞ്ച് ചെയ്തിരിക്കുന്നത്. ദിവസവും ഗസ്റ്റൊന്നുമില്ലാത്തതുകൊണ്ടാണ് ചെറിയ ഡൈനിങ് ടേബിൾ വാങ്ങി വീട്ടിൽ സെറ്റ് ചെയ്തത്.
ബെഡ്റൂമുകൾ എല്ലാത്തിലും അറ്റാച്ച്ഡ് ബാത്ത് റൂം കൊടുത്തിട്ടുണ്ട്. വളരെ അത്യാവശ്യമാണ് റൂമിനൊപ്പം ബാത്ത്റൂം. ജനലുകൾ എല്ലാം സ്റ്റീലിലാണ് ചെയ്തിരിക്കുന്നത്. റൂമിൽ ഒരുപാട് ലൈറ്റുകൾ വേണമെന്ന നിർബന്ധം അമ്മയ്ക്കുണ്ടായിരുന്നു. ആ സജഷൻ മാത്രമെ അമ്മ പറഞ്ഞിട്ടുള്ളു. മൂന്ന് ബെഡ്റൂമുകളിൽ ഏറ്റവും വലുത് എന്റേതാണ്. ഇത്രയും നാൾ ഞങ്ങൾ വാടക വീടുകളിൽ മാറി മാറിയാണ് താമസിച്ചിരുന്നത്.
അതുകൊണ്ട് തന്നെ മിക്കയിടത്തും നല്ല കർട്ടനോ വെളിച്ചമോ സൗകര്യങ്ങളോ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ സ്വന്തമായി ഒരു വീട് ചെയ്യുമ്പോൾ അത്യാവശ്യം വലിപ്പം റൂമിന് വേണമെന്ന ആഗ്രഹം എനിക്ക് ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ എന്റെ മുറിയിൽ ഞാൻ ചില ജിപ്സം വർക്കുകളൊക്കെ ചെയ്തിട്ടുണ്ട്. വാർഡ്രോബും ചെയ്തിട്ടുണ്ട്.

വീട്ടിലേക്കുള്ള ഒരുപാട് സാധനങ്ങൾ ഓൺലൈനിൽ നിന്നും വാങ്ങിയതാണ്. എന്റെ മുറിയോട് ചേർന്നാണ് ബാൽക്കണിയുള്ളത്. ഇപ്പോൾ എനിക്ക് ഒരു വീട് എങ്ങനെ വെക്കണമെന്നതിനെ കുറിച്ച് വ്യക്തമായ ധാരണയുണ്ട്. എവിടെയൊക്കെ ചുരുക്കണം, ബജറ്റ് ഫ്രണ്ട്ലിയായി എങ്ങനെ പർച്ചേസ് ചെയ്യണം എന്നെല്ലാം വ്യക്തമായി അറിയാം. ഡോർ അടക്കം വീടിന് വേണ്ട നല്ല സാധനങ്ങൾ എവിടെ കിട്ടുമെന്നും നന്നായി അറിയാം.
ഞാൻ ഏറ്റവും കൂടുതൽ സമയം സ്പെന്റ് ചെയ്യുന്നത് എന്റെ മുറിയിലാണ്. ടൈൽ എല്ലാം വൈറ്റാണ്. വീട് ബ്രൈറ്റാകാൻ വേണ്ടിയാണ് അങ്ങനെ ചെയ്തതെന്നും അമൃത പറയുന്നു. സ്വന്തമായി വീടും ആയതിനാൽ വിവാഹം ഉടനെ ഉണ്ടാകുമോയെന്ന് ചോദിച്ചപ്പോൾ മറുപടി ഇങ്ങനെയായിരുന്നു... വിവാഹം ഈ വർഷം കഴിക്കണമെന്നാെരു പ്ലാനുണ്ട്. ഇനിയിപ്പോൾ എനിക്ക് വേറെ കാര്യങ്ങൾ ഒന്നുമില്ല. ബാധ്യതകളുമില്ല. ഇരുപത്തിയൊമ്പത് വയസായി.
കുടുംബമായി സെറ്റിലാകാൻ സമയമായി. അതിനുള്ള കാര്യങ്ങൾ ചെയ്ത് തുടങ്ങി. കണ്ടുവെച്ചിട്ടുണ്ടോയെന്ന് അവതാരിക ചോദിച്ചപ്പോൾ ഉണ്ടെന്ന് സൂചന നൽകുമ്പോലെ അമൃത ചിരിച്ചു. സീരിയൽ അഭിനയം മാത്രമല്ല മോഡലിങ്, ആങ്കറിങ് എല്ലാമായും അമൃത സജീവമാണ്.


Click it and Unblock the Notifications











