ആരും ഇറക്കിവിടുമെന്ന ഭയം വേണ്ട, വാടക വീടുകളെ ആശ്രയിക്കേണ്ട, വർഷങ്ങളായുള്ള ആഗ്രഹം; ഇനി അമൃതയുടെ വിവാഹം?
കുടുംബവിളക്കിലെ ശീതളായി വന്ന് പ്രേക്ഷക ശ്രദ്ധ നേടിയ താരമാണ് അമൃത നായർ. ഏഷ്യാനെറ്റിലെ ഗീതാഗോവിന്ദം എന്ന സീരിയലിലൂടെയും പ്രേക്ഷകർക്ക് പ്രിയങ്കരിയാണ് താരം. ടോം ആന്റ് ജെസി എന്ന വെബ് സീരിസിലാണ് അമൃത ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ ഒരു വർഷമായി ഒരു വലിയ ആഗ്രഹത്തിന് പിന്നാലെയായിരുന്നു അമൃത. സ്വന്തമായി ഒരു വീട് പണിയുക എന്നതായിരുന്നു അത്.
കഴിഞ്ഞ ജനുവരിയിലായിരുന്നു വീടിന് തറക്കല്ലിട്ടത്. ഇപ്പോഴിതാ ഒരു വർഷം പൂർത്തിയാകുമ്പോൾ വീട് പണി പൂർത്തിയാക്കി ഗൃഹപ്രവേശന ചടങ്ങ് നടത്തിയിരിക്കുകയാണ് അമൃത. ആഢംബരം ഏതുമില്ലാതെ കുറഞ്ഞ ബജറ്റിൽ മൂന്ന് ബെഡ്റൂം മാത്രമുള്ള ചെറിയൊരു വീടാണ് അമൃത സ്വന്തം നാടായ പത്തനാപുരത്ത് പണി കഴിപ്പിച്ചിരിക്കുന്നത്.

എന്റെ നാട് പത്തനാപുരമാണ്. നാട്ടിൻ പുറത്തിന് അനുസരിച്ച് വളരെ കുറഞ്ഞ സ്ക്വയർഫീറ്റിലാണ് വീട് വെച്ചിരിക്കുന്നത്. വളരെ കുറച്ച് ആളുകളെ മാത്രം ക്ഷണിച്ചുള്ള ചെറിയൊരു പരിപാടിയാണ് പാലുകാച്ചൽ. അർജുൻ സോമശേഖരൻ ചേട്ടനൊക്കെ വന്നിരുന്നു. ടോം ആന്റ് ജെസിയിൽ ഞങ്ങൾ പെയറായി അഭിനയിക്കുന്നുണ്ട്. ഫ്രണ്ട്സ് കുറച്ചുപേർ വൈകീട്ട് വരും.
അനിയൻ ഇല്ലാത്തതുകൊണ്ട് എല്ലാത്തിനും ഞാൻ തന്നെയാണ് ഓടി നടന്ന് ശരിയാക്കിയത്. വലിയൊരു ആഗ്രഹമായിരുന്നു സ്വന്തമായി ഒരു വീട് വേണമെന്നത്. മുമ്പ് ഈ വീടിരുന്ന സ്ഥലത്ത് ഞങ്ങളുടെ പഴയൊരു കുട്ടി വീടുണ്ടായിരുന്നു. ഇവിടെ തന്നെയാണ് ഞാൻ ജനിച്ച് വളർന്നതും. ചെറിയ പ്രായം മുതൽ ഒരു വീട് ആഗ്രഹിച്ചിരുന്നു. പക്ഷെ ഒരു വീട് വെക്കാനുള്ള സമയം ഇപ്പോഴാണ് കിട്ടിയത്. ഏകദേശം സെറ്റിൽഡായി.
നമ്മുടെ എല്ലാവരുടേയും ആഗ്രഹം ഒരു വീട് വെച്ച് താമസിക്കുക എന്നതാണല്ലോ. ഒരു വീട് നമുക്ക് അത്യാവശ്യമാണ്. കാർ നമുക്ക് അത്യാവശ്യമാണെന്ന് ഞാൻ പറയില്ല. സ്വന്തം നാട്ടിൽ തന്നെ വീട് വെക്കണമെന്ന് ആഗ്രഹമായിരുന്നു. അങ്ങനെയാണ് ഈ വീട് പണിതത്. എറണാകുളത്തൊന്നും സെറ്റിൽഡാകാൻ എനിക്ക് ആഗ്രഹമില്ല. തിരുവനന്തപുരത്താണ് ഞാൻ കൂടുതൽ നിൽക്കുന്നത്.
തിരുവനന്തപുരത്ത് സ്വന്തമായി ഒരു വീട് വേണമെന്ന് ആഗ്രഹമുണ്ടായിരുന്നു. പക്ഷെ അമ്മയുടെ സ്ഥലം ഇവിടെയാണുള്ളത്. അതുകൊണ്ട് ഇവിടെ തന്നെ വീട് വെച്ചു. ഞങ്ങളുടെ പ്ലാനിൽ വെച്ച വീടാണ്. ഞങ്ങളുടെ സ്ഥലത്തിന് വീതിയില്ല നീളമായിരുന്നു കൂടുതൽ. ആ നീളത്തിനും വീതിക്കും ഉള്ളിൽ നിന്ന് വീട് പണിയണമായിരുന്നു. അതിന്റേതായ പ്രശ്നങ്ങളും ആദ്യം ഒരുപാട് ഉണ്ടായിരുന്നു.

മനസിൽ ഉണ്ടായിരുന്നത് അൽപം കൂടി സ്പേസ് ഉള്ള വീടായിരുന്നു. എന്നാൽ ഞങ്ങളുടെ സ്ഥലത്ത് അത് സാധ്യമാകില്ല. അങ്ങനെ പ്ലാൻ മാറ്റി മാറ്റി ഞങ്ങളുടെ സ്വപ്നം പോലൊരു വീട് പണിതു. മൂന്ന് ബെഡ്റൂം, ചെറിയൊരു ഹാൾ, കിച്ചൺ, വർക്ക് ഏരിയ അടങ്ങിയതാണ് വീട്. ഇനിയും പൂർത്തിയാക്കാത്ത ചില പണികൾ കൂടിയുണ്ട്. തിരുവനന്തപുരത്ത് എപ്പോഴെങ്കിലും ഒരു വീട് സ്വന്തമാക്കണമെന്നുണ്ട്.
ഒരുപാടൊന്നും നമ്മൾ ആഗ്രഹിക്കാൻ പാടില്ലല്ലോ. എന്റെ അനിയൻ ചടങ്ങിന് വന്നിട്ടില്ല. അവൻ ജർമ്മനിയിലാണ്. അവന് കഴിയുമെങ്കിൽ തിരുവനന്തപുരത്ത് വീട് വെക്കട്ടെ. വീടാണ് ആദ്യം എല്ലാവർക്കും വേണ്ടത്. ആരും നമ്മളെ ഇറക്കി വിടരുത്. പുറത്ത് കിടക്കുന്ന അവസ്ഥയുണ്ടാകരുത്. ചെറുതാണെങ്കിലും ഒരു വീട് എന്നത് എല്ലാവരുടേയും സ്വപ്നമാണെന്നും അമൃത പറയുന്നു.
വീട് പണി പൂർത്തിയായതിനാൽ വൈകാതെ വിവാഹം ഉണ്ടാകുമോയെന്ന് ചോദിച്ചപ്പോൾ മറുപടി ഇങ്ങനെയായിരുന്നു... കല്യാണം ഉടനെ ഉണ്ടാവില്ല. അതിനെ കുറിച്ച് ഞാൻ ചിന്തിക്കുന്നതേയില്ല. എല്ലാത്തിനും ഒരു സമയമുണ്ടല്ലോ. വീടുവെച്ചത് പോലെ അതും എന്നെങ്കിലും നടക്കുമായിരിക്കും അമൃത പറഞ്ഞു.


Click it and Unblock the Notifications











