ഇരുപത് വയസില്‍ വീട്ടുകാരെ എതിര്‍ത്താണ് വിവാഹിതയായത്; ഒടുവില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചതായി അപ്‌സര
വിവാഹ ജീവിതം തകര്‍ന്നെന്ന് വീട്ടില്‍ പറയാന്‍ പറ്റില്ല. അപ്പോള്‍ ആത്മഹത്യ അല്ലാതെ എനിക്ക് മുന്നില്‍ മറ്റൊരു മാര്‍ഗ്ഗവും ഉണ്ടായിരുന്നില്ല
വില്ലത്തി വേഷങ്ങളിലൂടെ ശ്രദ്ധേയായ നടിയാണ് അപ്‌സര രത്‌നാകരന്‍. സാന്ത്വനം സീരിയലിലെ ജയന്തി എന്നൊരു കഥാപാത്രം മതി അപ്‌സരയെ തിരിച്ചറിയാന്‍. അത്രയധികം ജനപ്രീതി നേടാന്‍ നടിയ്ക്ക് സാധിച്ചിരുന്നു. കഴിഞ്ഞ വര്‍ഷമാണ് നടി രണ്ടാമതും വിവാഹിതയാവുന്നത്. ഭര്‍ത്താവ് ആല്‍ബിയുടെ കൂടെ സന്തുഷ്ടയായി ജീവിക്കുകയാണ് നടി.
ഇതിനിടെ പല അഭിമുഖങ്ങളിലൂടെയും ആദ്യ വിവാഹ ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങളെ പറ്റി അപ്‌സര പറഞ്ഞിരുന്നു. തന്റെ ജീവിതത്തില്‍ ഏറ്റവുമധികം വേദനയുണ്ടാക്കിയ സംഭവം വിവാഹം തകര്‍ന്നതിന് ശേഷം നിലനില്‍പ്പ് ഇല്ലാതായതാണെന്നാണ് നടി പറയുന്നത്. വനിതാ ദിനത്തോട് അനുബന്ധിച്ച് ഏഷ്യാനെറ്റിലെ വണ്ടര്‍ വുമണ്‍ എന്ന പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അപ്‌സര.
ആത്മഹത്യ ചെയ്യുന്ന തലത്തിലേക്ക് വരെ തന്റെ ജീവിതം എത്തിയെന്നും അങ്ങനെയുള്ള തീരുമാനം ആരും എടുക്കരുതെന്നുമാണ് അപ്‌സര പറയുന്നത്. മാത്രമല്ല ഇരുപതാമത്തെ വയസില്‍ വീട്ടുകാരെ വെറുപ്പിച്ച് നടത്തിയ വിവാഹത്തെ കുറിച്ചും പരിപാടിയില്‍ വച്ച് നടി തുറന്ന് സംസാരിച്ചിരുന്നു.

'ഒരു സ്ത്രീയായി ജനിച്ചതില്‍ വളരെ അധികം അഭിമാനിക്കുന്ന ആളാണ് ഞാന്‍. മൂന്ന് സ്ത്രീകള്‍ക്ക് ഇടയില്‍ നിന്ന് വളര്‍ന്ന ആളാണ് ഞാന്‍. എന്റെ അച്ഛന്‍ പൊലീസ് ഉദ്യോഗസ്ഥനായിരുന്നു. ഞാന്‍ ഏഴാം ക്ലാസില്‍ പഠിക്കുമ്പോഴാണ് അച്ഛന്‍ മരിച്ചത്. അതിന് ശേഷം അച്ഛനും അമ്മയും എല്ലാം അമ്മ തന്നെയാണ്. ഒരുപാട് കഷ്ടപ്പെട്ടിട്ടാണ് അമ്മ എന്നെ വളര്‍ത്തിയത്.
അമ്മ കെപിഎസിയിലെ ആര്‍ട്ടിസ്റ്റായിരുന്നു. പ്രശസ്തമായ ഒത്തിരി നാടകങ്ങള്‍ ചെയ്തിട്ടണ്ട്. അമ്മയുടെയും അച്ഛന്റെയും പ്രണയ വിവാഹം ആയിരുന്നു. അച്ഛന് അമ്മ അഭിനയിക്കുന്നത് ഇഷ്ടമായിരുന്നില്ല. അതുകൊണ്ട് വിവാഹത്തിന് ശേഷം അമ്മ അഭിനയിക്കുകയൊന്നും ചെയ്തിരുന്നില്ലെന്നും', അപ്‌സര പറയുന്നു.
'ഇനി എന്റെ ജീവിതത്തില്‍ ഞാന്‍ ഏറ്റവും വേദനിച്ചൊരു അനുഭവമുണ്ട്. അതിനെ പറ്റി ഇതുവരെ ഞാന്‍ പുറത്ത് പറഞ്ഞിട്ടില്ല, പക്ഷെ അത് കേട്ട് ഒരാളുടെ ജീവിതം എങ്കിലും മാറണമെന്ന ആഗ്രഹം കൊണ്ട് ഞാനിപ്പോള്‍ പറയുകയാണ്. എന്റെ വിവാഹം നേരത്തെ കഴിഞ്ഞതാണ്, അതും പ്രണയ വിവാഹമായിരുന്നു. പക്ഷെ എനിക്ക് അദ്ദേഹത്തോട് ഒട്ടും യോജിച്ച് പോകാന്‍ കഴിയാത്ത സാഹചര്യം വന്നപ്പോള്‍ പിരിയേണ്ടി വന്നു.

അതിന് ശേഷം നാലഞ്ച് വര്‍ഷത്തിനുള്ളില്‍ ഞാന്‍ രണ്ടാമതും വിവാഹം കഴിച്ചു. ഞങ്ങള്‍ രണ്ട് പേരും വളരെ സന്തോഷത്തോടെ ഒരുമിച്ച് എടുത്ത തീരുമാനം ആയിരുന്നു അത്. പക്ഷേ പലരും വളരെ നെഗറ്റീവായിട്ടാണ് അതിനെ പറ്റി പറഞ്ഞിട്ടുള്ളത്. അടുത്തിടെയായി പെണ്‍കുട്ടികള്‍ ഭര്‍ത്താവിന്റെ വീട്ടില്‍ മരിച്ചു എന്ന തരത്തില്‍ ഒത്തിരി വാര്‍ത്തകള്‍ നമ്മള്‍ കേട്ടിട്ടുണ്ട്.
കല്യാണത്തിന് ശേഷം നമ്മുക്കുണ്ടാവുന്ന പ്രതിസന്ധിയില്‍ വീട്ടുകാരും ബന്ധുക്കളും കൂടെ നില്‍ക്കുമെന്നുണ്ടെങ്കില്‍ ഒരു പെണ്‍കുട്ടികളും ആത്മഹത്യ ചെയ്യില്ല. എനിക്ക് ഇരുപത് വയസുള്ളപ്പോള്‍ ഞാനായി എടുത്ത തീരുമാനമായിരുന്നു ആ വിവാഹം. വീട്ടുകാര്‍ക്കെല്ലാം എതിര്‍പ്പായിരുന്നു. എന്നെ സംബന്ധിച്ച് വീട്ടുകാരെയും ബന്ധുക്കളെയും എല്ലാം വെറുപ്പിച്ച് വിവാഹം ചെയ്ത ആളാണ് ഞാന്‍.
സത്യം പറഞ്ഞാല്‍ ഞാന്‍ തന്നെയാണ് എന്റെ വിവാഹം നടത്തിയത്. വീട്ടില്‍ നിന്നും ആരും വിവാഹത്തിന് വന്നിരുന്നില്ല. വിവാഹം തകര്‍ന്ന അവസ്ഥയില്‍ എത്തിയപ്പോള്‍ എനിക്കെന്റെ വീട്ടിലേക്ക് പോകാന്‍ കഴിയാത്ത അവസ്ഥയായി. ആരും എന്നെ സ്വീകരിക്കില്ല. പ്രണയത്തെ കുറിച്ച് ഞാന്‍ വീട്ടില്‍ പറഞ്ഞപ്പോള്‍ തന്നെ എന്റെ അമ്മ ആശുപത്രിയില്‍ ആയി.

അങ്ങനെയൊരു അവസ്ഥയില്‍ വിവാഹ ജീവിതം തകര്‍ന്നെന്ന് വീട്ടില്‍ പറയാന്‍ പറ്റില്ല. അപ്പോള്‍ ആത്മഹത്യ അല്ലാതെ എനിക്ക് മുന്നില്‍ മറ്റൊരു മാര്‍ഗ്ഗവും ഉണ്ടായിരുന്നില്ല. അതിന് ശ്രമിക്കുകയും ചെയ്തു. എത്ര ബുദ്ധിമുട്ടിയാലും അങ്ങനൊരു കാര്യം ഞാന്‍ ചെയ്യില്ല. ആരുമങ്ങനെ ചെയ്യരുത്. എല്ലാ പെണ്‍കുട്ടികളോടും എനിക്ക് പറയാനുള്ളത് അതാണ്.
ഇനി മാതാപിതാക്കളോട് പറയാനുള്ളത് എന്റെ മകള്‍ മരിച്ച് പോയി എന്ന് പറയുന്നതിലും എത്രയോ ഭേദമാണ് അവള്‍ വിവാഹമോചിതയാണെന്ന് പറയുന്നത്. അതിലൊരു നാണക്കേടും വിചാരിക്കേണ്ടതില്ലെന്ന് പറയാന്‍ ഞാന്‍ ആഗ്രഹിക്കുകയാണെന്നും', അപ്‌സര കൂട്ടിച്ചേര്‍ത്തു. ഇങ്ങനൊരു ഡിപ്രഷനില്‍ നിന്നും മറികടന്ന അപ്‌സര അഭിനന്ദനം അര്‍ഹിക്കുന്നുവെന്നാണ് സഹതാരങ്ങളും പറയുന്നത്.


Click it and Unblock the Notifications











