'ദിവസവും ചികിത്സയ്ക്ക് വേണ്ടത് 2 ലക്ഷം, ഇതുവരെ 40 ലക്ഷം ചിലവായി'; സുമനുസ്സുകളുടെ കനിവ് കാത്ത് അരുന്ധതി!
2014 മുതൽ തെന്നിന്ത്യൻ സിനിമയിൽ സജീവമായി നിൽക്കുന്ന നടിയാണ് അരുന്ധതി നായർ. മലയാളം, തമിഴ് സിനിമകളിലാണ് താരം ഏറെയും അഭിനയിച്ചിട്ടുള്ളത്. തമിഴിൽ നിരവധി സിനിമകൾ ചെയ്തശേഷമാണ് 2018ൽ പുറത്തിറങ്ങിയ ഒറ്റയ്ക്കൊരു കാമുകൻ എന്ന ചിത്രത്തിലൂടെ മലയാളത്തിൽ അരങ്ങേറ്റം നടത്തിയത്. അഭിനയരംഗത്തേക്ക് അരങ്ങേറാൻ അരുന്ധതിക്ക് വഴി തെളിച്ചത് തമിഴ് സിനിമകളാണ്. വിജയ് ആന്റണി ചിത്രം സൈത്താനിലെ നായികയായിരുന്നു താരം.
തമിഴ് സിനിമകളിൽ ചെറുതും വലുതുമായ വേഷങ്ങൾ അവതരിപ്പിച്ച് വരവെയാണ് മലയാളത്തിലേക്ക് അവസരം വന്നതും ഒറ്റയ്ക്കൊരു കാമുകനിൽ നായികയായതും. ഒറ്റയ്ക്കൊരു കാമുകനിൽ അഭിനയിച്ചശേഷം തമിഴ് സിനിമകളായ കന്നി രാസി, പിസ്ത, ആയിരം പോർകാസുകൾ തുടങ്ങിയ സിനിമകളിലും അരുന്ധതി അഭിനയിച്ചു.

സിനിമയ്ക്ക് പുറമെ പദ്മിനി, ഡോണ്ട് തിങ്ക് എന്നിങ്ങനെ രണ്ട് വെബ് സീരിസുകളിലും അരുന്ധതി അഭിനയിച്ചു. അഭിനയത്തിന് പുറമെ മോഡലിങിലും സജീവമായിരുന്നു നടി. കരിയർ ശോഭിച്ച് തുടങ്ങവെയാണ് ഇരുപത് ദിവസം മുമ്പ് അരുന്ധതിക്ക് ബൈക്ക് അപകടത്തിൽ ഗുരുതര പരിക്കേൽക്കുന്നത്. ചികിത്സയിൽ കഴിയുന്ന നടിയുടെ നില ഗുരുതരമാണ്.
നിലവിൽ അരുന്ധതി വെൻലേറ്ററിന്റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തുന്നത്. ദിവസങ്ങൾക്ക് മുമ്പ് കോവളം ബൈപ്പാസിൽ വെച്ചാണ് അരുന്ധതി അപകടത്തിൽ പെടുന്നത്. ഒരു യുട്യൂബ് ചാനലിനുവേണ്ടിയുള്ള ഷൂട്ടിങ്ങിനുശേഷം സഹോദരനൊപ്പം ബൈക്കിൽ മടങ്ങവേ രാത്രിയാണ് അപകടം നടന്നത്.
തലയ്ക്ക് സാരമായ പരിക്കേറ്റ താരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നാലെ ആരോഗ്യനില കൂടുതൽ വഷളായതിനെ തുടർന്നാണ് വെന്റിലേറ്ററിലേക്ക് മാറ്റിയത്. അരുന്ധതിയുടെ തലച്ചോറിൽ രക്തം കട്ടപിടിച്ചിട്ടുണ്ട്. വാരിയെല്ലുകൾക്കും ഗുരുതരമായ ക്ഷതം സഭവിച്ചിട്ടുണ്ട്. അരുന്ധതിയെ ഇടിച്ച വാഹനം നിർത്താതെ പോയെന്നും പരിക്കേറ്റ അരുന്ധതിയും സഹോദരനും ഒരു മണിക്കൂറോളം റോഡിൽ കിടന്നുവെന്നും റിപ്പോർട്ടുണ്ട്.
ഒരുമണിക്കൂറിന് ശേഷമാണു താരത്തെ ആരുടെയോ സഹായത്തോടെ ആശുപത്രിയിൽ എത്തിച്ചത്. വെന്റിലേറ്ററിൽ കഴിയുന്ന അരുന്ധതിയുടെ ചികിത്സയ്ക്ക് ലക്ഷങ്ങളാണ് ദിവസവും വേണ്ടത്. മലയാളം മിനി സ്‌ക്രീനിലെയും ബിഗ് സ്‌ക്രീനിലെയും താരങ്ങൾ അരുന്ധതിക്ക് സഹായം തേടി പോസ്റ്റുകളുമായി സോഷ്യൽ മീഡിയയിൽ എത്തിയിരുന്നു.

കുടുംബത്തിന് നടിയുടെ ആശുപത്രിച്ചെലവുകൾ താങ്ങാവുന്നതിനും അപ്പുറമാണ്. ഇപ്പോഴിതാ അരുന്ധതിയുടെ അവസ്ഥയും ചികിത്സയ്ക്ക് ആവശ്യമായ ഭീമമായ തുകയെ കുറിച്ചും വിശദീകരിച്ച് സഹായം അഭ്യർത്ഥിച്ച് നടിയുടെ കുടുംബം തന്നെ ഇപ്പോൾ രംഗത്ത് എത്തിയിരിക്കുകയാണ്. ഒരു ദിവസം രണ്ട് ലക്ഷം രൂപയോളമാണ് ചിലവ് വരുന്നതത്രെ.
ഇതിനോടകം നാൽപ്പത് ലക്ഷത്തോളം രൂപ ചിലവായി. അരുന്ധതിയുടെ അച്ഛൻ സെക്യൂരിറ്റി ജീവനക്കാരനാണ്. അതുകൊണ്ട് തന്നെ അരുന്ധതിയുടെ ചികിത്സയ്ക്ക് വേണ്ട പണം കണ്ടെത്താൻ കുടുംബത്തിന് കഴിയുന്നില്ല. എത്ര ദുരതമനുഭവിച്ചാലും മകളെ ജീവിതത്തിലേക്ക് കൊണ്ടുവരാനുള്ള പരിശ്രമത്തിലാണ് കുടുംബം. മകളുടെ ചികിത്സയ്ക്ക് സുമനസുകളുടെ സഹായം തേടുകയാണ് ഇപ്പോൾ കുടുംബം.
ഇപ്പോൾ തന്നെ നാൽപ്പത് ലക്ഷത്തോളം രൂപ ചിലവായി. അവൾക്ക് ഇൻഷുറൻസ് ഇല്ലാതെ വന്നതാണ് ഞങ്ങൾക്ക് പ്രശ്നമായത്. ഞങ്ങളുടെ അച്ഛൻ സെക്യൂരിറ്റി ജീവനക്കാരനാണ്. ഞങ്ങൾ താമസിക്കുന്നത് വാടകയ്ക്കാണ്. വീട്ടിലെ കാര്യങ്ങളും അപ്പോൾ അപ്പോഴുള്ള കാര്യങ്ങളും ചെയ്യാനുള്ള വരുമാനം മാത്രമെ ഞങ്ങൾക്ക് ഉണ്ടായിരുന്നുള്ളു. ഇനി എന്തെങ്കിലും വന്നാലും അത് ഫേസ് ചെയ്യാനുള്ള കണ്ടീഷനിലല്ല ഞങ്ങൾ എന്നാണ് അരുന്ധതിയുടെ സഹോദരി ആരതി ഏഷ്യാനെറ്റ് ന്യൂസിനോട് സംസാരിക്കവെ പറഞ്ഞത്.
അരുന്ധതിയുടെ എല്ലാ പ്രതീക്ഷയും സിനിമയിലും അഭിനയത്തിലുമായിരുന്നു. അതാണ് അപകടത്തോടെ ഇല്ലാതെയായത്. കുടുംബത്തിന്റെ പ്രതീക്ഷയും അരുന്ധതിയായിരുന്നു. തൊണ്ണൂറ് ദിവസമെങ്കിലും കഴിയാതെ അരുന്ധതിയുടെ ആരോഗ്യനിലയെ കുറിച്ച് പറയാനാകില്ലെന്നാണ് ഡോക്ടർമാർ പറയുന്നത്.


Click it and Unblock the Notifications