അറേഞ്ച്‍ഡ് മാര്യേജ് ആണ്, ഓടി നടന്ന് കല്യാണം നടത്തി; ഭർത്താവിൽ ഇഷ്ടപ്പെട്ട കാര്യം; അഷിക പറയുന്നു
സോഷ്യൽ മീഡിയയിൽ എപ്പോഴും ശ്രദ്ധ നേടുന്നയാളാണ് നടിയും മോഡലുമായ അഷിക അശോകൻ. അടുത്തിടെയായിരുന്നു അഷികയുടെ വിവാഹം. സോഷ്യൽ മീഡിയയിൽ വിവാഹ ചിത്രങ്ങൾ വെെറലായി. കുടുംബ സഹൃത്തായ പ്രണവ് ആണ് അഷികയുടെ ഭർത്താവ്. വളാഞ്ചേരി സ്വദേശിയായ പ്രണവ് ആർക്കിടെക്ട് ആണ്. തന്റെ ജീവിതത്തെക്കുറിച്ച് തുറന്ന് സംസാരിക്കുന്നയാളാണ് അഷിക. വിവാഹത്തെക്കുറിച്ച് പുതിയ അഭിമുഖത്തിൽ അഷിക സംസാരിക്കുന്നുണ്ട്. നടിയുടെ വാക്കുകൾ ശ്രദ്ധ നേടുകയാണ്. വിവാഹം പെട്ടെന്ന് നടത്താമെന്ന് ഒരു സാഹചര്യത്തിൽ തീരുമാനിക്കുകയായിരുന്നെന്ന് അഷിക പറയുന്നു. മെെൽസ്റ്റോൺ മേക്കേർസിനോടാണ് പ്രതികരണം.
വിവാഹം കുറച്ച് കൂടി കഴിഞ്ഞിട്ട് മതി എന്ന ഫാമിലി ഡിസ്കഷൻ നടക്കുന്നുണ്ടായിരുന്നു. പിന്നെ പ്രത്യേക സാഹചര്യത്തിൽ അത് പെട്ടെന്ന് വേണം എന്നായി. എന്തായാലും കല്യാണം കഴിക്കണം, എന്നാൽ ഇപ്പോൾ കഴിക്കാം എന്ന തീരുമാനത്തിലെത്തുകയായിരുന്നെന്ന് അഷിക പറയുന്നു. അറേഞ്ച്‍ഡ് മാര്യേജ് ആണ്. ഞങ്ങൾക്ക് കുറേക്കാലമായി അറിയാം. ഫാമിലി ഫ്രണ്ട്സ് ആണ്. ഇങ്ങനെയാെരു ചിന്ത പോയില്ലെന്നേയുള്ളൂ.

തന്റെ വീട് പുതുക്കി പണിയാൻ ആർക്കിടെക്ടായി വന്നപ്പോഴാണ് കുറേക്കാലത്തിന് ശേഷം കാണുന്നത്. ഫാമിലിയിൽ തന്നെ ആർക്കിടെക്ട് ഉള്ളപ്പോൾ പുറത്ത് നിന്നൊരാളെ വിളിക്കേണ്ട ആവശ്യം ഇല്ലല്ലോ. വിളിച്ചപ്പോൾ ഓക്കെ, വന്ന് നോക്കാം എന്ന് പറഞ്ഞു. നീ വീട്ടിലുണ്ടാകുമോ എന്ന് ചോദിച്ചു. വീട്ടിലുണ്ടെന്ന് ഞാനും. അങ്ങനെയാണ് കാണുന്നത്.
എന്റെ വീട്ടിൽ ഞാൻ കല്യാണം കഴിക്കണമെന്ന് നിർബന്ധമായിരുന്നു. എന്നെ സുരക്ഷിതമായ കെെകളിലാക്കണമെന്ന് അമ്മയ്ക്കുണ്ടായിരുന്നു. പ്രായം കൂടി വരുന്നു എന്നത് വലിയൊരു ഘടകമാണ്. കല്യാണാലോചനകൾ നോക്കുന്നുണ്ടായിരുന്നു. ഏട്ടന്റെ വീട്ടിലും കല്യാണം നോക്കുന്നുണ്ടായിരുന്നു. പ്ലാൻ ചെയ്തതല്ല. അങ്ങനെ നടന്നു. ഇപ്പോഴും രണ്ട് പേർക്കും ഇത് പൂർണമായും വിശ്വസിക്കാനായിട്ടില്ലെന്നും അഷിക പറയുന്നു.

വിവാഹ സമയത്ത് തനിക്ക് ടെൻഷൻ തോന്നിയതിനെക്കുറിച്ചും അഷിക സംസാരിച്ചു. കല്യാണം മൊത്തത്തിൽ ഓടി നടന്ന് നടത്തേണ്ടി വന്നു. ഏട്ടൻ ഏട്ടന്റെ ഭാഗത്ത് നിന്നും കുറേ സപ്പോർട്ട് ചെയ്തു. എന്നാലും ഞങ്ങളുടെ സെെഡിൽ നിന്ന് ചെയ്യേണ്ട കാര്യമുണ്ട്. എന്റെ വീട്ടിൽ അമ്മാവൻമാരൊക്കെ പ്രായമുള്ളവരാണ്. അമ്മയ്ക്ക് സഹോദരങ്ങളില്ല. ഓടി നടക്കാൻ ഞാനും അമ്മയും മാത്രമേ ഉണ്ടായിരുന്നുള്ളൂ. മേക്കപ്പ് ആർട്ടിസ്റ്റിന്റെയും ഫ്രണ്ട്സിന്റെയും റൂം അറേഞ്ച് ചെയ്യാൻ തലേദിവസം രാത്രി 10.30 വരെ ഞാൻ പുറത്തായിരുന്നെന്നും അഷിക വ്യക്തമാക്കി.
ഞാൻ ഒരുപാട് ഇമോഷണൽ ട്രോമയിലൂടെ കടന്ന് പോയ ആളാണ്. ഇന്റർവ്യൂകളിൽ തന്നെ കുറേ പറഞ്ഞിട്ടുണ്ട്. എല്ലാ പെൺകുട്ടികൾക്കും കെയറിംഗ് പാർട്ണർ എന്ന് പറയുന്നത് സ്വപ്നമാണ്. ഈ സമയത്ത് നമുക്ക് ആരെയും വിശ്വസിക്കാൻ പറ്റില്ല. എപ്പോഴാണ് നമ്മളെ ഒഴിവാക്കുക എന്നറിയില്ല. ഏട്ടൻ എനിക്ക് വേണ്ടി പ്രത്യേകിച്ചൊന്നും ചെയ്തിട്ടല്ല. അദ്ദേഹം അവിടെയുണ്ട്. എനിക്ക് സമാധാനമുണ്ട്. എനിക്കെന്ത് കാര്യമുണ്ടെങ്കിലും ആദ്യം പറയുന്നത് ഏട്ടനോടാണ്.
എന്റെ ഓരോ സ്റ്റെപ്പിലും പോസിറ്റീവ് ഇൻപുട്ടാണ് തരുന്നത്. അമ്മ ഇപ്പോൾ ഭയങ്കര സന്തോഷത്തിലാണ്. അമ്മയുടെ സ്വപ്നമായിരുന്നു എന്റെ വിവാഹം. എന്നെ വിവാഹത്തിന് നിർബന്ധിച്ചിട്ടില്ലെങ്കിലും അമ്മയ്ക്ക് തന്റെ കാര്യത്തിലുള്ള ആശങ്ക തനിക്കറിയാമായിരുന്നെന്ന് അഷിക പറയുന്നു. തന്റെ വിഷമങ്ങളെല്ലാം തുറന്ന് പറയാൻ പറ്റുന്നയാളാണ് ഭർത്താവെന്നും അഷിക പറയുന്നു.


Click it and Unblock the Notifications