'മാലാഖയായി ഒരാൾ സ്വർഗത്തിൽ മറ്റൊൾ അമ്മയ്ക്കൊപ്പം ഭൂമിയിൽ', പാച്ചുവിനൊപ്പം ഡിംപിളിന്റെ ക്രിസ്മസ്
ബാലതാരമായി മലയാളത്തിൽ തിളങ്ങിയ ഡിംപിൾ റോസ് ഇപ്പോൾ കുടുംബജീവിതം ആസ്വദിച്ച് ജീവിക്കുകയാണ്. ഇത്തവണത്തെ ക്രിസ്മസ് ഡിംപിളിനെ സംബന്ധിച്ച് ഒരുപാട് പ്രത്യേകതകൾ നിറഞ്ഞതാണ്. കൺമണി പിറന്നശേഷം ഡിംപിൾ ആഘോഷിക്കുന്ന ആദ്യത്തെ ക്രിസ്മസ് കൂടിയാണ് ഇത്. മകനൊപ്പം ക്രിസ്മസ് ആഘോഷിക്കുന്ന ത്രില്ലിലാണ് ഇപ്പോൾ ഡിംപിൾ. വേദനകൾ നിറഞ്ഞ ഒട്ടേറെ ദിവസങ്ങൾ പിന്നിട്ടിട്ടാണ് ഡിംപിൾ ഇപ്പോൾ മകനൊപ്പമുള്ള ജീവിതം ആസ്വദിച്ച് തുടങ്ങിയത്. ഗർഭിണിയായ ശേഷം പ്രസവവും വിശ്രമവുമെല്ലാമായി സോഷ്യൽമീഡിയയിൽ നിന്നും വിട്ടുനിന്ന ഡിംപിൾ അടുത്തിടെയാണ് വീണ്ടും സോഷ്യൽമീഡിയയിൽ സജീവമായത്.
മാസങ്ങളോളം താൻ സോഷ്യൽമീഡിയയിൽ നിന്നും വിട്ടുനിന്നത് പ്രസവത്തെ തുടർന്നുള്ള ബുദ്ധിമുട്ടുകൾ കൊണ്ടാണെന്ന് പിന്നീട് ഡിംപിൾ ആരാധകരോട് പറഞ്ഞിരുന്നു. ഡിംപിളിന് ഇരട്ടകുട്ടികളായിരുന്നു. എന്നാൽ പ്രസവത്തിലുണ്ടായ ബുദ്ധിമുട്ടുകൾ മൂലം ഒരാളുടെ ജീവൻ മാത്രം നിലനിർത്താനെ ഡോക്ടർമാർക്ക് സാധിച്ചുള്ളൂ. മരിച്ചുപോയ തന്റെ കുഞ്ഞിന്റെ മുഖം പോലും കാണാൻ തനിക്ക് ഭാഗ്യം ലഭിച്ചിട്ടില്ലെന്നും ഒരിക്കൽ ഡിംപിൾ പറഞ്ഞിരുന്നു.

ഇരട്ടക്കുട്ടികളെ ഗർഭം ധരിച്ചതിനാലാണ് പ്രസവത്തിന് മുമ്പും ശേഷവും ഡിംപിളിന് ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നത്. മാസം തികയാതെ പിറന്ന കുഞ്ഞുങ്ങൾ ആയിരുന്നതിനാൽ താരത്തിന്റെ രണ്ട് കുഞ്ഞുങ്ങളും ഏറെ നാൾ ചികിത്സയിലായിരുന്നു. അതിൽ കെസ്റ്റർ എന്ന കുഞ്ഞാണ് പിന്നീട് മരിച്ചത്. പാച്ചുവെന്ന് ഡിംപിൾ ഓമനിച്ച് വിളിക്കുന്ന കുഞ്ഞ് മാത്രമാണ് ജീവിതത്തിലേക്ക് തിരികെ എത്തിയത്. ആദ്യമൊന്നും കുഞ്ഞിന്റെ മരണം ഡിംപിളിനെ അറിയിച്ചിരുന്നില്ല. പ്രസവശേഷം ഡിംപിൾ വലിയ ഡിപ്രഷനിലേക്ക് പോയേക്കുമോ എന്ന് വീട്ടുകാർ ഭയന്നതിന്റെ പേരിലാണ് കുഞ്ഞിന്റെ മരണ വാർത്ത ആദ്യം ഡിംപിളിനെ അറിയിക്കാതിരുന്നത്.

രണ്ട് മക്കളേയും ഓമനിച്ച് ഇരുകൈയ്യിലുമിട്ട് വളർത്തുന്നതിനെ കുറിച്ച് ഏറെ സ്വപ്നങ്ങൾ താൻ നെയ്തിരുന്നുവെന്ന് പിന്നീട് വീഡിയോകളിൽ ഡിംപിൾ പറഞ്ഞിട്ടുണ്ട്. പാച്ചുവെന്നാണ് ഇപ്പോഴുള്ള മകനെ ഡിംപിൾ വിളിക്കുന്നത്. കുഞ്ഞിനെ ഇതുവരേയും ആരാധകരെ കാണിച്ചിട്ടില്ല ഡിംപിൾ. ക്രിസ്മസിനോട് അടുപ്പിച്ച് കുഞ്ഞിനെ പ്രേക്ഷകർക്ക് പരിചയപ്പെടുത്തുമെന്ന് ഡിംപിൾ നേരത്തെ പറഞ്ഞിരുന്നു. വിട്ടുപോയ കുഞ്ഞിനന്റെ ഓർമകളുമായി കഴിയുന്ന ഡിംപിൾ തിരികെ ജീവിതത്തിലേക്ക് വന്ന് തുടങ്ങുന്നതേ ഉള്ളൂ. ഇത്തവണത്തെ ക്രിസ്മസ് മകൻ പാച്ചുവിനൊപ്പം ആഘോഷമാക്കാൻ ക്രിസ്മസ് ട്രീയും പുൽക്കൂടും പലഹാരങ്ങളുമെല്ലാം ഡിംപിൾ തയ്യാറാക്കി കഴിഞ്ഞു. പാച്ചുവിനെ ക്രിസ്മസിനായി ഒരുക്കാനും പുൽക്കൂട് നിർമിക്കാനും നടത്തിയ ഒരുക്കങ്ങളുടെ വീഡിയോ ഡിംപിൾ പങ്കുവെച്ചിട്ടുണ്ട്. 'ക്രിസ്മസിന് പാച്ചുവിനെ കാണാൻ ഞങ്ങൾ കാത്തിരിക്കുകയാണ്' എന്നാണ് ഡിംപിളിനോട് ആരാധകർ കമന്റിലൂടെ പറയുന്നത്.
Recommended Video

യുട്യൂബ് വീഡിയോകളിലൂടെ സജീവമായ ഡിംപിൾ കുഞ്ഞിനെ നോക്കുന്നില്ലെന്ന തരത്തിൽ നിരവധി നെഗറ്റീവ് കമന്റുകൾ താരത്തിന് നേരെ വന്നിരുന്നു. വീഡിയോകൾ നിർത്തി കുഞ്ഞിനെ നോക്കൂ എന്നെല്ലാമാണ് അന്ന് ഡിംപിളിന് നേരെ ചിലർ കമന്റുകളുമായി എത്തിയത്. എന്നാൽ വിർശനങ്ങളിൽ തളരാതെ വീണ്ടും മനോഹരമായ വീഡിയോകളുമായി ഡിംപിൾ എത്തി. ക്രിസ്മസിന്റെ ഒരുക്കങ്ങൾ പൂർത്തിയായി എന്നും പാച്ചുവിനൊപ്പമുള്ള ആഘോഷത്തിന്റെ ത്രില്ലിലാണെന്നും ഡിംപിൾ പറയുന്നു. നിരവധി പേർ താരത്തിനും കുടുംബത്തിനും ആശംസകൾ നേർന്നു. സിനിമകളിലും സീരിയലുകളിലും സജീവമായിരുന്ന ഡിംപിൾ വിവാഹശേഷമാണ് സിനിമാ-സീരിയൽ ജീവിതം അവസാനിപ്പിച്ചത്. 2017ൽ ആണ് ഡിംപിൾ കൊച്ചി സ്വദേശിയായ ബിസിനസുകാരൻ ആൻസണിനെ വിവാഹം ചെയ്തത്. തെങ്കാശിപ്പട്ടണം, പുലിവാൽ കല്യാണം, സദാനന്ദന്റെ സമയം, ജോസേട്ടന്റെ ഹീറോ, കൺമഷി എന്നിവയാണ് ഡിംപിൾ അഭിനയിച്ച പ്രധാന സിനിമകൾ. നിലവിളക്ക്, സ്ത്രീ തുടങ്ങിയ സീരിയലുകളിലും ഡിംപിൾ അഭിനയിച്ചിട്ടുണ്ട്.


Click it and Unblock the Notifications











