ശബ്ദം നഷ്ടപ്പെട്ടു, ഇടത് കയ്യുടെ സ്വാധീനം കുറഞ്ഞു, മരണം എപ്പോൾ വേണമെങ്കിലും സംഭവിക്കാം; ജുവൽ മേരി പറയുന്നു!
നടിയും അവതാരകയുമായ ജുവൽ മേരിക്ക് 2023ലാണ് തൈറോയ്ഡ് കാൻസർ സ്ഥിരീകരിച്ചത്. തുടർന്ന് ശസ്ത്രക്രിയയ്ക്കും ചികിത്സകൾക്കും വിധേയയായ താരം കാൻസറിനെ പൂർണ്ണമായും തോൽപ്പിച്ച് ജീവിതത്തിലേക്ക് മടങ്ങിവന്നു. രോഗാവസ്ഥയെക്കുറിച്ചും അതിജീവനത്തെക്കുറിച്ചും അടുത്തിടെ അവർ പരസ്യമായി തുറന്ന് പറഞ്ഞിരുന്നു. ഇപ്പോഴിതാ രോഗത്തോട് പോരാടുന്ന സമയത്ത് അധികമാരോടും തന്റെ കാര്യങ്ങൾ പങ്കുവെയ്ക്കാതിരുന്നതിന് പിന്നിലെ കാരണം കേരള കാൻ പരിപാടിയിൽ സംസാരിക്കവെ ജുവൽ മേരി പങ്കുവെച്ചു.
മരണം എന്നത് നിസാരമാണെന്ന തോന്നൽ വന്ന് കഴിഞ്ഞപ്പോൾ ജീവിതം കുറച്ചുകൂടി ഈസിയായി മാറുകയായിരുന്നുവെന്ന് ജുവൽ മേരി പറയുന്നു. നമ്മുടെ എക്സ്പീരിയൻസുകൾ നമ്മൾ തുറന്ന് പറയുക എന്നത് വളരെ പ്രധാനപ്പെട്ടതാണ്.

എന്നാൽ മാത്രമെ മറ്റ് മനുഷ്യർക്ക് ഉദാഹരണങ്ങൾ കണ്ടെത്താനും റിലേറ്റ് ചെയ്യാനും പറ്റൂ. ജുവൽ മേരിക്ക് അത് സംഭവിച്ചിട്ടും കുഴപ്പമില്ലാതെ ജീവിച്ചിരിക്കുന്നുണ്ട് എന്നത് ഒരുപാട് മനുഷ്യർക്ക് ഒരു പ്രതീക്ഷയുണ്ടാക്കിയിട്ടുണ്ട്. ഉത്തരവാദിത്വമെന്ന് ഞാൻ പറയില്ല. എനിക്ക് ചെയ്യാൻ പറ്റിയ ഏറ്റവും ചെറിയൊരു കാര്യമാണ്. അത്രയേയുള്ളു. കാൻസറാണെന്ന് തിരിച്ചറിഞ്ഞപ്പോൾ ഞാൻ മരവിച്ച് പോയിരുന്നു. രണ്ട്, മൂന്ന് ദിവസത്തേക്ക് മരവിച്ച് പോയി.
ഇതൊന്നും എല്ലാവർക്കും ചിന്തിച്ച് എടുക്കാൻ പറ്റുന്നതൊന്നുമല്ല. ആ സമയത്ത് എനിക്ക് അങ്ങനൊരു ചിന്ത വന്നു. ഇന്ന് ഞാൻ മരിച്ചിട്ടില്ലെന്നത്. ഏതോ ഒരു ദിവസമെ മരിക്കുകയുള്ളുവെന്നത്. ആ ദിവസം വരുന്നത് വരെ മരിച്ച് ജീവിക്കേണ്ടതില്ല നന്നായിട്ട് ജീവിക്കുക എന്നതായിരുന്നു എനിക്ക് വന്ന ആ ചിന്ത.
അതിനുശേഷം കാര്യങ്ങൾ കുറച്ച് ഈസിയായിരുന്നു. ഒരു ദിവസത്തെ കാര്യം മാത്രം നോക്കുക. അന്ന് ആശുപത്രിയിൽ പോകേണ്ട ദിവസമാണോ?, ഏതൊക്കെ ടെസ്റ്റുകൾ ചെയ്യണം, അന്ന് പ്രൊസീജിയറുണ്ടോ? തുടങ്ങി ആ ദിവസത്തെ കാര്യങ്ങൾ മാത്രം അന്വേഷിച്ചാൽ മതി. ബാക്കി നാളെ എന്താകും എന്നത് ചിന്തിക്കേണ്ട. നാളെ എന്തെങ്കിലുമാകട്ടെ.
വെറുതെ കസേരയിൽ നിന്ന് എഴുന്നേൽക്കുമ്പോകൾ വീണ് മരിച്ച് പോകുന്നുണ്ട് മനുഷ്യർ. മരണം എപ്പോൾ വേണമെങ്കിലും സംഭവിക്കാം. മരണം എന്നത് നിസാരമാണെന്ന തോന്നൽ എനിക്ക് വന്ന് കഴിഞ്ഞപ്പോൾ ജീവിതം കുറച്ചുകൂടി ഈസിയായി മാറി എന്നതാണ് സത്യം. അതാണ് സംഭവിച്ചത്. പിന്നെ കാൻസറിന്റെ ജേർണി എനിക്ക് ഒരുപാട് നീണ്ടതായിരുന്നില്ല. കീമയൊന്നും എടുക്കേണ്ടി വന്നില്ല.

തൈറോയ്ഡ് കാൻസറിന് ഭയങ്കര റെയറാണ് അത്. അങ്ങനൊരു സ്റ്റേജിലേക്ക് പോയാൽ മാത്രമെ അതൊക്കെ ചെയ്യേണ്ടി വരികയുള്ളു. എനിക്ക് അത്ര സിവിയർ ആയിരുന്നില്ല കാൻസർ. എന്നിരുന്നാലും ട്രീറ്റ്മെന്റും വലിയ സർജറിയും അതിനുശേഷമുള്ള റിക്കവറി പിരീഡും എല്ലാമുണ്ടായിരുന്നു. ശബ്ദം നഷ്ടപ്പെട്ടിരുന്നു. ഇടത് കൈയ്ക്ക് സ്വാധീനം കുറഞ്ഞിരുന്നു.
ഒരു വർഷത്തോളം എടുത്തു പഴയ ഫോമിലേക്ക് ഞാൻ തിരിച്ച് വരാൻ. ഇതൊന്നും പോരാഞ്ഞ് ഒരു ഇമോഷണൽ സ്ട്രഗിൾ കൂടിയുണ്ട്. ആ പാർട്ട് പുറത്ത് നിന്ന് നോക്കുന്നവർക്ക് മനസിലാവുകയേയില്ല. ആ സ്ട്രഗിളിലൂടെ കടന്ന് പോകുമ്പോൾ ഞാൻ വെളിയിൽ വന്ന് പറഞ്ഞില്ല. അങ്ങനെ ചെയ്താൽ പലരുടേയും ഡെഫനിഷൻസ് വരും, ഭയങ്ങൾ വരും. അതുകൊണ്ട് എന്റെ സർക്കിൾ വളരെ ചെറുതാക്കി. ആ റിക്കവറി ടൈം വളരെ ബോധപൂർവം കൈകാര്യം ചെയ്തു.
അതുകൊണ്ട് പിന്നീട് നല്ല ബോധ്യത്തിൽ വന്ന് സംസാരിക്കാൻ പറ്റി എന്നുമാണ് ജുവൽ മേരി പറഞ്ഞത്. വ്യക്തിജീവിതത്തിൽ നേരിട്ട വിവാഹമോചനത്തിന്റെ കടുത്ത മാനസിക സമ്മർദ്ദങ്ങൾക്കിടയിലാണ് ഈ രോഗത്തെയും ജുവൽ മേരി അതിജീവിച്ചത്. മ്യൂചൽ ഡിവോഴ്സ് ലഭിക്കാനായി മൂന്ന് വർഷത്തോളം ജുവൽ പോരാടിയിരുന്നു.


Click it and Unblock the Notifications


