'ബയോളജി ക്ലാസ് എടുക്കുന്നതുപോലെ തോന്നി'; യുകെയിലെ പള്ളിയിൽ നിന്നും തന്നെ ബാൻ ചെയ്തുവെന്ന് നടി ലിന്റു റോണി!
സിനിമാ-സീരിയൽ താരം, ടിക് ടോക്കർ, സോഷ്യൽമീഡിയ ഇൻഫ്ലൂവൻസർ, യുട്യൂബർ തുടങ്ങി വിവിധ ടാഗുകളിൽ കഴിഞ്ഞ കുറച്ച് വർഷങ്ങളായി ലിന്റു റോണി പ്രശസ്തയാണ്. കുടുംബപ്രേക്ഷകർക്ക് ലിന്റു സുപരിചിതയായത് ഏഷ്യാനെറ്റിലെ ഭാര്യ എന്ന സീരിയലിൽ അഭിനയിച്ചശേഷമാണ്. സീരിയലിൽ ഭർത്താവിന്റെ പൊയ്മുഖങ്ങൾ അറിയാത്ത പാവപ്പെട്ട മുസ്ലീം പെൺകുട്ടിയായ റഹാനയായാണ് ലിന്റു എത്തിയത്. യുകെ അടക്കമുള്ള രാജ്യങ്ങളിൽ ഷൂട്ട് ചെയ്തിട്ടുള്ള ഒട്ടുമിക്ക മലയാളം സിനിമകളിലും ലിന്റു അഭിനയിച്ചിട്ടുണ്ട്.
അതിൽ ഒന്ന് ആദം ജോണാണ്. വിവാഹിതയായതോടെ ലിന്റു ഭർത്താവിനൊപ്പം യുകെയിൽ സെറ്റിൽഡായി. ലണ്ടനിൽ സ്ഥിരതാമസക്കാരിയായ ലിന്റു തന്റെ വിശേഷങ്ങളെല്ലാം യുട്യൂബ് ചാനൽ വഴി ആരാധകരിലേക്ക് എത്തിക്കാറുണ്ട്. ലിന്റുവിന്റെ റീൽ വീഡിയോകൾക്കെല്ലാം ആരാധകർ ഏറെയാണ്.

ഇപ്പോഴിതാ ലിന്റു യുട്യൂബ് ചാനലിൽ പങ്കുവെച്ച പുതിയ വീഡിയോയാണ് ശ്രദ്ധിക്കപ്പെടുന്നത്. യുകെയിലെ ഒരു പള്ളിയിൽ നിന്നും തന്നെ ബാൻ ചെയ്തുവെന്നാണ് ലിന്റു പുതിയ വീഡിയോയിലൂടെ വെളിപ്പെടുത്തിയിരിക്കുന്നത്. ഞായാറാഴ്ച പ്രസംഗിച്ച ബ്രദറുടെ പ്രസംഗം ക്ലാസ് പോലെ നീണ്ടുപോയപ്പോൾ അതിനെതിരെ പ്രതികരിച്ചതാണ് ലിന്റുവിനെ പള്ളിയിൽ നിന്നും ബാൻ ചെയ്യുന്ന സ്ഥിതിയിലേക്ക് വരെ കാര്യങ്ങളെ എത്തിച്ചത്.
സംഭവത്തെ കുറിച്ച് ലിന്റു പറയുന്നത് ഇങ്ങനെ... എന്നെ ബാൻ ചെയ്തത് യുകെ ലസ്റ്ററിലുള്ള ഒരു ചർച്ചാണ്. ഞാൻ ഞായറാഴ്ച പള്ളിയിൽ പോകുന്നത് മുടക്കാറില്ല. അത് എന്നെ മമ്മി പഠിപ്പിച്ചൊരു ശീലമാണ്. എത്ര അവശതകളുണ്ടെങ്കിലും അത് ഞാൻ മുടക്കാറില്ല. അതിന്റെ അനുഗ്രഹം ഞങ്ങൾക്കുണ്ട് താനും. പല ചർച്ചുകളിലും ഗസ്റ്റായി ഞാൻ പോയിട്ടുണ്ട്.
സർവീസ് ചെയ്യാനും പോയിട്ടുണ്ട്. രണ്ടാഴ്ച മുമ്പ് ഒരു പുതിയ ചർച്ചിലായിരുന്നു ഞാൻ പോയത്. ഞാൻ പള്ളിയിൽ പോകുമ്പോൾ പാട്ടും പ്രസംഗവും വീഡിയോയായി എടുത്ത് പോസ്റ്റ് ചെയ്യാറുണ്ട്. അന്ന് അതിൽ പങ്കെടുക്കാൻ എത്തിയവരുടെ ഫേസ് അവോയിഡ് ചെയ്താണ് പോസ്റ്റ് ചെയ്യാറുള്ളത്. അങ്ങനെ രണ്ടാഴ്ച മുമ്പ് എന്നെ ഇപ്പോൾ ബാൻ ചെയ്ത പള്ളിയിൽ പോയപ്പോൾ ബ്രദർ പ്രസംഗിച്ചപ്പോൾ അദ്ദേഹം ബയോളജി ക്ലാസ് എടുക്കുന്നതുപോലെയാണ് എനിക്ക് തോന്നിയത്.
അതിനാൽ ഞാൻ എഴുന്നേറ്റ് നിന്ന് ക്ലാസെടുക്കുന്നത് കേൾക്കാനല്ല പ്രസംഗം കേൾക്കാനാണ് വന്നിരിക്കുന്നതെന്ന് പറഞ്ഞു. പിന്നീട് പുള്ളി നന്നായി പ്രസംഗിച്ചു. പുള്ളിയെ മാറ്റി നിർത്തി പറഞ്ഞാൽ മതിയായിരുന്നു പരസ്യമായി പറയേണ്ടിയിരുന്നില്ലെന്ന് പിന്നീട് എനിക്ക് തോന്നി. അതുകൊണ്ട് ഞാൻ നമ്പറെടുത്ത് അദ്ദേഹത്തെ വിളിച്ച് സോറി പറഞ്ഞു.

പിന്നീട് അടുത്തയാഴ്ചയായപ്പോൾ ആ ചർച്ച് എന്നെ ബാൻ ചെയ്തു. അത് അവർ പള്ളിയിൽ വിളിച്ച് പറഞ്ഞു. പരസ്യമായി അഭിപ്രായം പറഞ്ഞതുകൊണ്ടാണ് എന്നെ പള്ളി ബാൻ ചെയ്തതെങ്കിൽ അതിൽ എനിക്ക് കുഴപ്പമില്ല. തെറ്റ് ചെയ്തതിന് ബാൻ ചെയ്യുവാണെങ്കിൽ എത്രയോ പള്ളികൾ എത്രയോ പേരെ ബാൻ ചെയ്യേണ്ടി വരുമായിരുന്നു. ഞാൻ ചെയ്തത് തെറ്റാണെങ്കിൽ ആ വിഷയത്തിൽ ബ്രദറിനെ വിളിച്ച് ദൈവനാമത്തിൽ ഞാൻ സോറി പറഞ്ഞതാണ്.
പള്ളിയിൽ പോയാലെ ദൈവം പ്രാർത്ഥന കേൾക്കൂ എന്നൊന്നുമില്ലല്ലോ. ചർച്ചിൽ നിന്ന് എന്നെ ഒന്ന് വിളിച്ച് പോലും പറഞ്ഞില്ല. പാസ്റ്ററെങ്കിലും വിളിച്ച് പറയണമായിരുന്നു എന്നാണ് യുകെയിലെ ചർച്ചിൽ നിന്നും തന്നെ ബാൻ ചെയ്യാനുള്ള കാരണം വെളിപ്പെടുത്തി ലിന്റു പറഞ്ഞത്.


Click it and Unblock the Notifications