ഒരു ദിവസം കിട്ടിയ പ്രതിഫലം 45000, കടങ്ങൾ തീർത്ത് മനോഹരമായ വീട് വെച്ചു; ബിഗ് ബോസിനുശേഷം മഞ്ജു ലക്ഷപ്രഭു?
മഴവിൽ മനോരമയിൽ വർഷങ്ങൾക്ക് മുമ്പ് സംപ്രേഷണം ചെയ്തിരുന്ന റിയാലിറ്റി ഷോയായ വെറുതെ അല്ല ഭാര്യയിൽ കുടുംബസമേതം മത്സരിക്കാൻ എത്തിയതായിരുന്നു മഞ്ജു പത്രോസ്. നൃത്തവും അഭിനയവും തുടങ്ങി എല്ലാ കഴിവുകളും ഉള്ള നിഷ്കളങ്കയായ വീട്ടമ്മ എന്ന ടാഗാണ് മഞ്ജുവിന് വെറുതെ അല്ല ഭാര്യയിലൂടെ ലഭിച്ചത്. റിയാലിറ്റി ഷോ അവസാനിച്ചശേഷം തലവര മാറിയ മത്സരാർത്ഥികളിൽ ഒരാളും മഞ്ജുവായിരുന്നു. സിനിമയിൽ നിരവധി അവസരങ്ങൾ ലഭിച്ച് തുടങ്ങി.
2013 മുതൽ മഞ്ജു നിരവധി സിനിമകളിൽ അഭിനയിച്ചു. സിനിമയിൽ മാത്രമല്ല ടെലിവിഷൻ പരമ്പരകളിലും പ്രോഗ്രാമുകളിലും എല്ലാം സജീവമായി. പിന്നീട് 2020ൽ ബിഗ് ബോസ് മലയാളത്തിന്റെ സീസൺ രണ്ടിൽ മത്സരാർത്ഥിയായും താരം എത്തി.

ബിഗ് ബോസ് ഷോയിൽ വന്നശേഷമാണ് മഞ്ജുവിനെ മലയാളി പ്രേക്ഷകർ അടുത്ത് അറിഞ്ഞ് തുടങ്ങിയത്. മാത്രമല്ല ഗെയിം ഷോയിലെ പ്രകടനം ചെറിയ രീതിയിൽ മഞ്ജുവിന് പ്രേക്ഷകർക്കിടയിലുണ്ടായിരുന്ന ഇമേജിനെ നെഗറ്റീവായും ബാധിച്ചു. ഏറ്റവും കൂടുതൽ ഉയർന്ന പ്രതിഫലം ലഭിക്കുന്ന റിയാലിറ്റി ഷോ കൂടിയാണ് ബിഗ് ബോസ്. ഇപ്പോഴിതാ താൻ എത്ര രൂപയാണ് പ്രതിഫലം വാങ്ങിയിരുന്നതെന്ന് വെളിപ്പെടുത്തുകയാണ് മഞ്ജു പത്രോസ്.
ബിഗ് ബോസിൽ നിന്നും വന്നശേഷം ലക്ഷപ്രഭു ആയോയെന്ന മീഡിയയുടെ ചോദ്യത്തോട് പ്രതികരിക്കവെയാണ് തന്റെ പ്രതിഫലം നടി വെളിപ്പെടുത്തിയത്. ബിഗ് ബോസിൽ നിന്നും കിട്ടിയ തുക കൊണ്ടാണ് താൻ വീട് വാങ്ങിയതെന്നും താരം വ്യക്തമാക്കി. ഞാൻ എത്രയാണ് പ്രതിഫലം വാങ്ങിയിരുന്നതെന്ന് പറയണോ?. അതൊക്കെ ഭയങ്കര മോശമല്ലേ.
ദിവസം എനിക്ക് നാൽപ്പത്തി അയ്യായിരം രൂപയാണ് പ്രതിഫലമായി കിട്ടിയിരുന്നത്. അന്ന് ഡെയ്ലി പെയ്മെന്റായിരുന്നു. ലക്ഷപ്രഭു പോയിട്ട് ഒരു പ്രഭുവും ഞാൻ ആയില്ല. അവിടെ നിന്നും കിട്ടിയ പണം ഉപയോഗിച്ചാണ് ഞാൻ വീട് വെച്ചത്. അല്ലാതെ പ്രഭുവൊന്നും ആയില്ല. അമ്പത് ദിവസം ബിഗ് ബോസ് ഹൗസിൽ നിന്നു. അമ്പതാം ദിവസമാണ് പുറത്തായത്. ആ സമയത്ത് മഞ്ജു പത്രോസിന് ദിവസം ഒരു ലക്ഷം രൂപയാണ് പ്രതിഫലം എന്നൊക്കെ ഓൺലൈൻ മീഡിയകൾ ഇടുന്നത് കണ്ടിരുന്നു.
അത്തരത്തിൽ ഓൺലൈൻ മീഡിയ ഇടുന്ന ന്യൂസുകൾ എല്ലാമൊന്നും സത്യമല്ല. ഞാൻ ഇപ്പോൾ ഭയങ്കര ഹാപ്പിയാണ്. എന്നെ കണ്ടിട്ട് നിങ്ങൾക്കും അങ്ങനെ തന്നെയല്ലേ തോന്നുന്നത്? എന്നാണ് മഞ്ജു പറഞ്ഞത്. നാൽപ്പത്തിഅയ്യായിരം രൂപയാണ് മഞ്ജു ഒരു ദിവസം വാങ്ങിയതെങ്കിൽ അമ്പത് ദിവസം കൊണ്ട് 22 ലക്ഷത്തിന് മുകളിൽ നടി സമ്പാദിച്ച് കാണും.

ഒരു സമയം വരെ കഴുത്തൊപ്പം കടത്തിലായിരുന്നു മഞ്ജു പത്രോസിന്റെ ജീവിതം. പിന്നീട് മഞ്ജു തന്നെയാണ് കടമെല്ലാം വീട്ടി കുടുംബത്തെ രക്ഷിച്ചുകൊണ്ടുവന്നത്. കയ്യിൽ ഒട്ടും പണമില്ലാതെയായപ്പോൾ വൃക്ക വിൽക്കാൻ പോലും ശ്രമിച്ചിട്ടുള്ളതായി മഞ്ജു തന്നെ ഒരിക്കൽ വെളിപ്പെടുത്തിയിരുന്നു. പൈസയില്ലാതെ ജീവിക്കാൻ പറ്റില്ല. വിവാഹശേഷമുള്ള ജീവിതം നമ്മൾ വിചാരിക്കുന്നതുപോലെ അത്ര എളുപ്പമല്ല.
നമുക്ക് ബഹുമാനം വേണം, സ്‌നേഹം വേണം, എല്ലാം വേണം. പക്ഷെ ഏറ്റവും വേണ്ടത് പൈസയാണ്. പൈസയില്ലാതെ ജീവിക്കാൻ പറ്റില്ല. ഒരുപാട് ബുദ്ധിമുട്ടനുഭവിച്ചിട്ടുണ്ട്. കിഡ്നി വിൽക്കാൻ വരെ പോയ ഒരാളാണ് ഞാൻ. ജീവിക്കണ്ട എന്ന് വരെ തോന്നി. പക്ഷെ നമ്മുടെ മകൻ, അമ്മച്ചി, പപ്പ, ഇവരെയൊക്കെ ഓർത്ത് നമ്മൾ പിടിച്ചുനിൽക്കും. ലൈഫിലിങ്ങനെയൊക്കെ സംഭവിക്കാൻ പാടില്ലെന്നൊന്നുമില്ല.
ഇതിലൂടെയെല്ലാം ഒരാളുടെ ലൈഫ് പോകും. ആ സമയത്ത് നമുക്ക് മരിച്ച് കളയാൻ തോന്നും. ഒരു കൈ എവിടെ നിന്നെങ്കിലും കിട്ടിയില്ലെങ്കിൽ നമ്മൾ മരിച്ചുപോകും എന്ന സ്ഥിതിയാകും. പലവട്ടം മരണത്തെക്കുറിച്ച് ചിന്തിച്ചു. ഞാനൊരു പേടിത്തൊണ്ടിയായതുകൊണ്ട് ചെയ്യാത്തതായിരിക്കാം എന്നാണ് മുമ്പൊരു അഭിമുഖത്തിൽ മഞ്ജു പറഞ്ഞത്.


Click it and Unblock the Notifications











