മുടങ്ങിയ വിവാഹം, അന്നത്തെ സങ്കടം ഇന്ന് കാർത്തിക്കിന് അനുഗ്രഹം, ലക്ഷങ്ങളുടെ സമ്മാനവുമായി പ്രിയപ്പെട്ടവർ!
ഡെയർ ടു ഡ്രീം എന്ന് അലറി വിളിച്ചുകൊണ്ട് സ്വപ്നങ്ങൾക്ക് പിന്നാലെ സഞ്ചരിക്കാൻ യുവതലമുറയ്ക്ക് ആത്മവിശ്വാസം പകർന്ന യുട്യൂബറും സോഷ്യൽമീഡിയ ഇൻഫ്ലൂവൻസറും അവതാരകനുമെല്ലാമാണ് കാർത്തിക് സൂര്യ. വ്ലോഗർ എന്ന് കേൾക്കുമ്പോൾ തന്നെ കാർത്തിക് സൂര്യയുടെ മുഖമാണ് മലയാളികളുടെ മനസിലേക്ക് ആദ്യം വരിക. വ്ലോഗിങ് തരംഗമാകും മുമ്പ് തന്നെ കാർത്തിക് തന്റെ യുട്യൂബ് ചാനലുമായി സജീവമായിരുന്നു.
ഇന്ന് കേരളത്തിൽ അറിയപ്പെടുന്ന ഒട്ടുമിക്ക യുട്യൂബേഴ്സും കാർത്തികിന്റെ വ്ലോഗിങ് കണ്ട് പ്രചോദിതരായി ഈ രംഗത്തേക്ക് എത്തിയവരാണ്. യുട്യൂബറായി ശ്രദ്ധനേടിയ ശേഷമാണ് മിനി സ്ക്രീൻ അവതാരകനാകാനുള്ള അവസരവും കാർത്തികിന് ലഭിച്ചത്. വ്ലോഗിങ് മാത്രമല്ല പോഡ്കാസ്റ്റ് ഷോകളും കാർത്തികിനുണ്ട്.

ടൊവിനോ തോമസ് അടക്കം മലയാളത്തിലെ ഭൂരിഭാഗം സൂപ്പർ താരങ്ങളും കാർത്തികിന്റെ പോഡ്കാസ്റ്റിൽ അതിഥികളായി എത്തിയിട്ടുമുണ്ട്. ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷത്തിലേക്ക് കടക്കാൻ പോകുന്നതിന്റെ സന്തോഷത്തിലും ത്രില്ലിലുമാണ് കാർത്തിക് ഇപ്പോൾ മൂന്ന് ദിവസം കൂടി കഴിഞ്ഞാൽ അമ്മാവന്റെ മകൾ വർഷയുമായി കാർത്തികിന്റെ വിവാഹമാണ്. കുറച്ച് മാസങ്ങൾക്ക് മുമ്പായിരുന്നു ഇരുവരുടേയും വിവാഹനിശ്ചയം.
എൻഗേജ്മെന്റ് ചിത്രങ്ങളെല്ലാം വൈറലായിരുന്നു. രണ്ട് വർഷം മുമ്പ് കാർത്തികിന്റെ വിവാഹം നടക്കേണ്ടതായിരുന്നു. വിവാഹ തിയ്യതി കുറിച്ചശേഷം ചില കാരണങ്ങളാൽ അത് മുടങ്ങി. വർഷങ്ങളോളം നീണ്ട പ്രണയമായിരുന്നു. വിവാഹം മുടങ്ങിയത് കാർത്തികിനെ സാരമായി തന്നെ ബാധിച്ചിരുന്നു. ഏറെ നാളുകൾ എടുത്താണ് കാർത്തിക് അതിൽ നിന്നും മുക്തനായത്.
പിന്നീട് വീട്ടുകാരാണ് വർഷയെ കാർത്തികിന് വേണ്ടി കണ്ടെത്തുന്നത്. ഇരുവരും ബന്ധുക്കളായതുകൊണ്ട് തന്നെ വലിയ അന്വേഷണത്തിന്റെ ആവശ്യം വന്നതുമില്ല. ഇരു കുടുംബക്കാരും സമ്മതം പറഞ്ഞതോടെ വിവാഹം തീരുമാനിക്കുകയായിരുന്നു. ഇതിനോടകം ഇരുവരുടേയും സേവ് ദി ഡേറ്റ് വീഡിയോയും പ്രീ വെഡ്ഡിങ് ഫോട്ടോഷൂട്ടുമെല്ലാം വൈറലായി കഴിഞ്ഞു. കാർത്തിക് ഏക മകനാണ്. അതുകൊണ്ട് തന്നെ അത്യാഢംബരപൂർവമാണ് വിവാഹം നടക്കുക.
അതിനുള്ള ഒരുക്കങ്ങൾ കുടുംബാംഗങ്ങളും കൂട്ടുകാരും ബന്ധുക്കളും എല്ലാം ചേർന്ന് പൂർത്തിയാക്കി കഴിഞ്ഞു. വിവാഹത്തിനായുള്ള വസ്ത്രങ്ങൾ എടുക്കുന്നതിന്റേയും മുറ്റത്ത് പന്തലുയർന്നതിന്റേയും എല്ലാം വിശേഷങ്ങൾ കാർത്തിക് വ്ലോഗിലൂടെ പങ്കുവെച്ചിരുന്നു. ബാച്ചിലർ പാർട്ടി, ഹൽദി, സംഗീത് തുടങ്ങി എല്ലാം പ്രീ വെഡ്ഡിങ് ചടങ്ങുകളും കാർത്തികിന്റെ വിവാഹത്തിനുമുണ്ട്.

കാർത്തിക് അവതാരകനായ ഒരു ചിരി ഇരു ചിരി ബംബർ ചിരിയിലെ അണിയറപ്രവർത്തകരുടെ വക കഴിഞ്ഞ ദിവസം ചെറിയൊരു ഗ്രൂം ടു ബി ഫങ്ഷൻ നടത്തിയിരുന്നു. കേരളത്തിലെ ഒട്ടുമിക്ക സോഷ്യൽമീഡിയ ഇൻഫ്ലൂവൻസേഴ്സും സെലിബ്രിറ്റികളും വിവാഹത്തിൽ പങ്കെടുത്തേക്കും. ലക്ഷങ്ങളുടെ സമ്മാനങ്ങളാണ് കാർത്തികിനും വർഷയ്ക്കും കിട്ടാൻ പോകുന്നത്.
നടി മഞ്ജു പിള്ള കഴിഞ്ഞ ദിവസം തന്നെ മനോഹരമായ ഒരു സമ്മാനം കാർത്തികിന് നൽകിയിരുന്നു. ആനവാൽ കെട്ടിച്ച സ്വർണ്ണമോതിരം കാർത്തികിന്റെ ആഗ്രഹമായിരുന്നു. ഇത് അറിയാവുന്ന മഞ്ജുപിള്ള ഒരു ആനവാൽ മോതിരം സെലക്ട് ചെയ്ത് വെച്ചിരുന്നു. എന്നാൽ ആനവാൽ ഒറിജിനലല്ലെന്ന് മനസിലായതോടെ ഇരുവരും പ്ലാൻ മാറ്റി. ശേഷം പ്ലാറ്റിനത്തിലും റോസ് ഗോൾഡിലും തീർത്ത ഒരു മോതിരമാണ് മഞ്ജുപിള്ള കാർത്തിക്കിന് സമ്മാനിച്ചത്.
ഒപ്പം മുരുകന്റെ വേൽ പതിച്ച ബ്രെയ്‌സ്‌ലെറ്റും മഞ്ജു പിള്ള സമ്മാനിച്ചു. തന്റെ സ്വന്തം ചേച്ചിയാണ് മഞ്ജുപിള്ളയെന്നാണ് കാർത്തിക്ക് എപ്പോഴും പറയാറുള്ളത്. കാർത്തികിന്റെ വിവാഹവും ട്രെന്റിങ്ങിൽ ഇടംപിടിക്കുമെന്ന് ഉറപ്പ്. സുഹൃത്തുക്കളായ വ്ലോഗേഴ്സ് കാർത്തികിന് വിവാഹ ദിവസം നൽകാൻ പോകുന്ന പ്രാങ്ക് എന്താണെന്ന് അറിയാനും ആരാധകർ വെയിറ്റിങിലാണ്.


Click it and Unblock the Notifications











