പണക്കാരനായിരുന്ന ഭർത്താവ്, എല്ലാം നഷ്ടപ്പെട്ടപ്പോൾ; ഇന്നത്തെ ജീവിതം; പ്രജുഷ പറയുന്നു
അവസരങ്ങൾ ലഭിക്കാതെ കരിയറിൽ തിരിച്ചടികൾ വന്ന നിരവധി അഭിനേതാക്കളുണ്ട്. കോമഡി സ്റ്റാർസ് എന്ന ഷോയിലൂടെ ജനശ്രദ്ധ നേടിയ നടിയാണ് പ്രജുഷ. സീരിയലുകളിലു ശ്രദ്ധേയ വേഷം പ്രജുഷ ചെയ്തിട്ടുണ്ട്. എന്നാൽ കരിയറിൽ ഏറെക്കാലമായി പ്രജുഷ സജീവമല്ല. ഇതേക്കുറിച്ച് തുറന്ന് സംസാരിക്കുകയാണ് പ്രജുഷയിപ്പോൾ. സീരിയൽ ടുഡേയ്ക്ക് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.
ഇപ്പോൾ ഞാൻ കോമഡി ഷോയിൽ ഇല്ലെങ്കിലും എന്നേക്കാൾ കഴിവുള്ള ഒത്തിരി ആർട്ടിസ്റ്റുകൾ വന്നിട്ടും ആൾക്കാർക്ക് എന്നോട് ഇഷ്ടമുള്ളതിൽ സന്തോഷമുണ്ട്. ഇപ്പോൾ സ്റ്റാേൾ ഉണ്ട്. പലരും ഈ ഗതിയായോ എന്ന് ചോദിച്ചു. ഇങ്ങനത്തെ അവസ്ഥ ആകേണ്ട കാര്യമുണ്ടോ എന്ന് ചിലർ ചോദിച്ചു. പലരും ആർട്ടിസ്റ്റുകളെ കാണുന്നത് ഒന്നിനും കുറവില്ലാത്തവരായിട്ടായിരിക്കും. ഞാൻ ആർട്ടിസ്റ്റാണെങ്കിലും പുറത്ത് ആർട്ടിസ്റ്റെന്ന നിലയിൽ നടക്കുന്ന വ്യക്തിയല്ല. ഏറ്റവും കൂടുതൽ പ്രാധാന്യം കൊടുക്കുന്നത് എന്റെ കുടുംബത്തിനാണ്. അതുകൊണ്ടായിരിക്കാം ഒരുപാട് പ്രോഗ്രാമുകളിൽ നിന്ന് എന്നെ ഒഴിവാക്കി നിർത്തുന്നതെന്ന് തോന്നിയിട്ടുണ്ട്. ഒത്തിരി തവണ എന്നെ ഒഴിവാക്കിയിട്ടുണ്ട്.

സീരിയലുകളിൽ തിരക്കുള്ള സമയമുണ്ടായിരുന്നു. അതൊരു ബാധ്യതയായിട്ട് പോലും തോന്നിയിട്ടില്ല. അത്രയും സന്തോഷത്തോടെയാണ് ചെയ്തത്. ആ സമയം കഴിഞ്ഞ് പോയി എന്നെനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. അതൊക്കെ ഇനി തിരിച്ച് പിടിക്കാൻ പറ്റില്ലെന്നും തോന്നിയിട്ടുണ്ടെന്ന് പ്രജുഷ പറയുന്നു. പണ്ട് കുറച്ച് ആർട്ടിസ്റ്റുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇന്ന് എല്ലാ ക്യാരക്ടേർസിനും പുതിയ ആൾക്കാരെയാണ് തെരഞ്ഞെടുക്കുന്നത്. അത് ഒരു പരിധി വരെ പഴയ ആർട്ടിസ്റ്റുകളെ ബാധിച്ചിട്ടുണ്ട്.
എന്നെ സംബന്ധിച്ച് പഴയതിന്റെ ഒരംശം പോലും അവസരം ഇന്ന് കിട്ടുന്നില്ല. എനിക്ക് വന്ന റോളുകളെല്ലാം ചെയ്തിട്ടുണ്ട്. ഒറ്റ ദിവസത്തെ വർക്കാണെങ്കിലും ചെയ്യുമായിരുന്നു. എനിക്കത് തിരിച്ചടിയായി വന്നിട്ടുണ്ടെന്ന് തോന്നിയിട്ടുണ്ട്. ഭർത്താവ് കുമാർ നന്ദ ഫിലിം ഡയരക്ടറാണ്. അദ്ദേഹം കാശുകാരനായി ജീവിച്ച് വന്ന വ്യക്തിയായിരുന്നു. പെട്ടെന്ന് എല്ലാവർക്കും ഉണ്ടാകുന്നത് പോലെ പുള്ളിക്കും സാമ്പത്തിക പ്രശ്നങ്ങളുണ്ടായി.

ആ സമയത്ത് എനിക്കും വർക്കില്ലാതായി. അങ്ങനെ സ്റ്റിച്ചിംഗ് സെന്റർ തുടങ്ങി. രണ്ട് ബ്ലൗസ് കിട്ടിയാൽ അതിൽ നിന്ന് കിട്ടുന്ന കാശ് കൊണ്ട് ജീവിച്ചു. ആറ്റുകാൽ പൊങ്കാല സമയത്ത് നൂറ് രൂപ സാരിയൊക്കെയുണ്ടല്ലോ. അങ്ങനെ ഡെവലപ് ചെയ്ത് കൊണ്ട് വന്ന് വലിയ ഷോപ്പാക്കിയ സമയമുണ്ടായിരുന്നു. ബിസിനസ് ഡൾ ആയ സമയത്ത് വേറെ നിവൃത്തിയില്ലാതായി. ഇതെങ്ങനെ വിറ്റൊഴിക്കും എന്ന ചിന്ത വന്നപ്പോഴാണ് സ്റ്റോൾ ഇടുന്നത്.
പനത്തുറയിലെ സ്റ്റോളിൽ ടോയ്സ് വിൽപ്പനയ്ക്ക് വെച്ചു. കച്ചവടം നടന്നില്ല. അങ്ങനെ അവിടെ ചായക്കട തുടങ്ങി. ഞാനും ഭർത്താവും ഒരു പാചകക്കാരനുണ്ടായിരുന്നു. ഞങ്ങൾ തന്നെ എച്ചിൽ പാത്രങ്ങളെടുത്ത് കഴുകി വെക്കുന്ന സിറ്റുവേഷനിലേക്ക് പോയി. അപ്പോഴും ഞങ്ങൾ രണ്ട് പേരും കരുതിയത് നല്ല കാലം വരാൻ പോകുന്നുണ്ട്, അതിന് മുമ്പുള്ള ബുദ്ധിമുട്ടാണിതെന്നാണ്.
മകനെ ഗർഭിണിയായിരുന്ന സമയത്താണ് സ്റ്റോളിട്ടത്. അന്ന് തലയിൽ ചുമടെടുത്ത് വരെ സ്റ്റോളിലേക്ക് സ്റ്റോക്കുകൾ കൊണ്ട് വന്നത്. അതെല്ലാം കടന്ന് വന്നതിൽ സന്തോഷമുണ്ട്. എന്നാൽ ഇപ്പോഴും തൃപ്തയല്ല. ഒരു കാലഘട്ടത്തിൽ എന്തായിരുന്നു ഞാൻ. അതൊക്കെ മാറി ഇപ്പോൾ ഒന്നുമല്ലാതെ വെറും ശൂന്യാകാശത്തിൽ നിൽക്കുന്ന അവസ്ഥയാണെന്നും പ്രജുഷ വെെകാരികമായി പറഞ്ഞു.


Click it and Unblock the Notifications