സന്തോഷമായി ജീവിച്ചിട്ടുണ്ടോയെന്ന് അറിയില്ല, കുടുംബത്തിനും മറ്റുള്ളവരുടെ സ്വപ്നങ്ങൾക്കും പ്രാധാന്യം കൊടുത്തവൾ!
സീമ ജി നായർക്ക് മകൾക്ക് തന്നെയായിരുന്നു ശരണ്യ ശശി. പത്ത് വർഷത്തോളം ക്യാൻസറിനോട് പോരാടിയാണ് സീരിയൽ-സിനിമ താരമായി ശ്രദ്ധിക്കപ്പെട്ട ശരണ്യ ഈ ലോകത്തോട് വിട പറഞ്ഞത്. സിനിമകളെക്കാൾ സീരിയലുകളിലൂടെയായിരുന്നു നടിയെ പ്രേക്ഷകർക്ക് പരിചയം. 2021 ഓഗസ്റ്റ് ഒമ്പതിനാണ് ട്യൂമര്‍ ബാധിതയായി താരം മരണപ്പെടുന്നത്. അന്ന് പ്രായം വെറും ഇരുപത്തിയഞ്ച് വയസ് മാത്രമായിരുന്നു.
വെറും ഇരുപത്തിയഞ്ച് വയസ് മാത്രം പ്രായമുള്ളപ്പോഴാണ് തലവേദനയുടെ രൂപത്തിൽ കാൻസർ നടിക്ക് പിടിപെടുന്നത്. പിന്നീട് അങ്ങോട്ട് വേദനകളുടെ കാലമായിരുന്നു. പതിനൊന്നോളം സർജറികൾക്ക് പത്ത് വർഷത്തിനിടയിൽ ശരണ്യ വിധേയയായി. രോഗം തിരിച്ചറിഞ്ഞ നിമിഷം മുതൽ ശരണ്യയ്ക്കും കുടുംബത്തിനും സാമ്പത്തികമായും മാനസികമായും പിന്തുണ നൽകി ഒപ്പം നിന്നിരുന്നത് സീമയായിരുന്നു.

സഹപ്രവർത്തക എന്നതിലുപരി സ്വന്തം കുടുംബാംഗത്തെപ്പോലെയായിരുന്നു ശരണ്യയെ കരുതിയിരുന്നത്. ഇപ്പോഴിതാ ശരണയുടെ ഓർമ ദിനത്തിൽ ഹൃദയസ്പർശിയായ കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് സീമ. കുടുംബത്തിനും മറ്റുള്ളവരുടെ സ്വപ്നങ്ങൾക്കും പ്രാധാന്യം കൊടുത്തവളായിരുന്നു ശരണ്യയെന്നും അതിനാൽ തന്നെ മുപ്പത്തിയഞ്ച് വർഷ കാലയളവിന് ഇടയിൽ സന്തോഷമായി ജീവിച്ചിട്ടുണ്ടോയെന്ന് അറിയില്ലെന്നും സീമ കുറിക്കുന്നു.
നീ പോയിട്ട് നാല് വർഷം പിന്നിടുന്നു. ഓഗസ്റ്റ് 9... ഈ ദിനം മറക്കാൻ കഴിയില്ല. എല്ലാ പ്രതീക്ഷകളും നഷ്ടപ്പെട്ട് നിൽക്കുമ്പോഴും പ്രതീക്ഷകളായിരുന്നു... നീ തിരിച്ച് വരുമെന്ന പ്രതീക്ഷ. ഇന്നലെ ഉറങ്ങാനേ കഴിഞ്ഞില്ല. ഓർമ്മകൾ മരിക്കില്ല. പക്ഷെ ചില ഓർമ്മകൾ മരണത്തിന് തുല്യമാണ്. ജനനത്തിനും ജീവിതത്തിനും മരണത്തിനുമിടയിൽ നീ സന്തോഷമായി ജീവിച്ചിട്ടുണ്ടോ എന്നറിയില്ല.
കാരണം ഒരു കുടുംബത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് നീ ജീവിക്കുകയായിരുന്നു. നിന്റെ സ്വപ്നങ്ങളെക്കാളും മറ്റുള്ളവരുടെ സ്വപ്നത്തിന് നീപ്രാധാന്യം കൊടുത്തു. അതെല്ലാം സഫലീകരിച്ചോ എന്ന് എനിക്കറിയില്ല. നമ്മളറിയാത്ത ഏതോ ലോകത്ത് നീ ഉണ്ടെന്ന് വിശ്വസിക്കുന്നു. എത്രയോ ദൂരം നിനക്ക് മുന്നോട്ട് പോകാനുണ്ടായിരുന്നു. വിധിയിൽ ജീവിതം തലകീഴായി മറിഞ്ഞു. അവിടെയും നീ മാക്സിമം പിടിച്ച് നിന്നു. ഒരു തിരിച്ച് വരവിനായി... പക്ഷെ... ഇപ്പോൾ ട്രെയിനിലാണ്.
ട്രെയിനിൽ ഇരുന്നാണ് ഈ കുറിപ്പിടുന്നത്. തിരുവനന്തപുരം ആർസിസിയുടെ മുന്നിൽ കുറച്ച്പേർക്ക് ഭക്ഷണം കൊടുക്കണം. എത്രയോ നാളുകൾ നിനക്കുവേണ്ടി അവിടെ ചുറ്റിപറ്റി നിന്നതാണ്. ഒരു കാര്യം എനിക്ക് ഉറപ്പാണ് എന്റെ കൂടെ നീയുണ്ട്. അത് പലപ്പോഴും എനിക്ക് മനസിലായിട്ടുണ്ട്. ആരും അല്ലാത്ത ബന്ധം... പക്ഷെ എല്ലാമായി തീർന്ന ബന്ധം എന്നാണ് സീമ ശരണ്യയെ കുറിച്ച് എഴുതിയത്.

കണ്ണൂർ പഴയങ്ങാടി സ്വദേശിനിയായ ശരണ്യ കുട്ടികാലം മുതൽ കലാരംഗത്ത് സജീവമായിരുന്നു. പിന്നീട് സിനിമകളിലേക്കും സീരിയലുകളിലേക്കും ശ്രമിക്കുകയായിരുന്നു. ബാലചന്ദ്ര മേനോൻ സംവിധാനം ചെയ്ത സൂര്യോദയം എന്ന സീരിയലിലൂടെയാണ് ശരണ്യ അഭിനയരംഗത്തേക്ക് എത്തുന്നത്. ലിറ്ററേച്ചറിൽ ബിരുദധാരിയായ ശരണ്യ സീരിയലുകളിൽ ചെയ്തിട്ടുള്ളതിൽ ഏറെയും വില്ലൻ വേഷങ്ങളായിരുന്നു. ഛോട്ടാമുംബൈ അടക്കമുള്ള സിനിമകളിലും ശ്രദ്ധേയ വേഷം ചെയ്തു.
അച്ഛനില്ലാതെ അമ്മയുടെ തണലിലാണ് ശരണ്യയും സഹോദരങ്ങളും വളർന്നത്. കുടുംബത്തിന്റെ ഭാരം മുഴുവൻ ശരണ്യയായിരുന്നു വഹിച്ചിരുന്നത്. അഭിനയത്തിലേക്ക് കടന്നശേഷമാണ് ശരണ്യ സാമ്പത്തികമായി പോലും മെച്ചപ്പെട്ട് തുടങ്ങിയത്. അതിനിടയിലാണ് അർബുദം വില്ലനായി എത്തുന്നത്. ഒരിക്കൽ തെലുങ്കില്‍ സ്വാതി എന്നൊരു സീരിയല്‍ ചെയ്തുകൊണ്ടിരുന്ന സമയത്താണ് നടിക്ക് ഭയങ്കരമായ തലവേദന വരുന്നത്.
ഡോക്ടറെ കാണിച്ചശേഷം മൈഗ്രേയ്‌നുള്ള മരുന്ന് രണ്ട് മാസത്തോളം കഴിച്ചു. പിന്നീട് 2012ൽ ഷൂട്ടിങ് സെറ്റിൽ കുഴഞ്ഞ് വീണു. അതിനുശേഷം നടത്തിയ പരിശോധനയിലും ചികിത്സയിലുമാണ് ശരണ്യയ്ക്ക് ബ്രെയിൻ ട്യൂമർ സ്ഥിരീകരിക്കുന്നത്. പിന്നീട് അങ്ങോട്ട് കാൻസറിനോടുള്ള പോരാട്ടമായിരുന്നു. ചികിത്സയ്ക്ക് വേണ്ട സാമ്പത്തിക സഹായം ശരണ്യയ്ക്ക് വേണ്ടി കണ്ടെത്തിയതും കിടപ്പാടം നൽകാൻ മുൻകൈ എടുത്തതുമെല്ലാം സീമയായിരുന്നു.


Click it and Unblock the Notifications











